വാര്‍ത്തകള്‍

പുതിയ മാറ്റങ്ങളോടെ കുടുംബശ്രീയുടെ റേഡിയോശ്രീ ഇന്നു മുതൽ ശ്രോതാക്കളിലേക്ക്

Posted on Tuesday, July 1, 2025

ശാക്തീകരണത്തിന്റെ പുതിയ ശബ്ദമായി കുടുംബശ്രീയുടെ ഒാൺലൈൻ റേഡിയോ  'റേഡിയോശ്രീ' ഇന്നു മുതൽ ശ്രോതാക്കളിലേക്ക്. മലയാളം മിഷന്റെ സാങ്കേതിക സഹകരണത്തോടെ  രാവിലെ ഏഴു മണി മുതൽ പുതിയ പ്രക്ഷേപണം ആരംഭിക്കും.  കുടുംബശ്രീയെ സംബന്ധിച്ച് അറിയുന്നതിനും പഠിക്കുന്നതിനും ഏറ്റവും ഫലപ്രദമായ ബോധന മാർഗമായി റേഡിയോശ്രീയെ  പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.  

വിനോദവും വിജ്ഞാനവും ഒരു പോലെ സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രോഗ്രാമുകളായിരിക്കും ഉണ്ടാവുക.  കുടുംബശ്രീ മുഖേന സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലും നടപ്പാക്കി വരുന്ന സ്ത്രീശാക്തീകരണ ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങളും അറിവുകളും അയൽക്കൂട്ട കുടുംബങ്ങൾ ഉൾപ്പെടെ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും എത്തിച്ചു കൊണ്ട് ആഗോളതലത്തിലുള്ള വിജ്ഞാന വ്യാപനമാണ് കുടുംബശ്രീ ഇതിലൂടെ ലക്ഷ്യമിടുന്നത്.

രാവിലെ ഏഴുമണി മുതലാണ് പ്രക്ഷേപണം ആരംഭിക്കുക.  സിന്ദൂരച്ചെപ്പ്, കൂട്ടുകാരി, റേഡിയോശ്രീമതി, നാട്ടരങ്ങ്, റേഡിയോശ്രീ സാഹിതേ്യാത്സവം, ഒാഡിയോ ബുക്ക് എന്നിങ്ങനെ ആറ് വ്യത്യസ്തമായ പ്രോഗ്രാമുകളാണ് പ്രക്ഷേപണം ചെയ്യുന്നത്. ഒരു മണിക്കൂർ വീതം ദൈർഘ്യമുള്ളതാണ്  ഒാരോ പ്രോഗ്രാമും. രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ആദ്യ ഷെഡ്യൂൾ. ആറ് മണിക്കൂർ വീതമുള്ള നാല് ഷെഡ്യൂളുകളിലായി ഇരുപത്തിനാല് മണിക്കൂറും പ്രക്ഷേപണം ഉണ്ടാകും. ഇതിൽ പതിനെട്ട് മണിക്കൂർ പുന:പ്രക്ഷേപണമാണ്. കൂടാതെ രണ്ടു മണിക്കൂർ ഇടവിട്ട് അഞ്ചു മിനിട്ട് വീതം കുടുംബശ്രീ വാർത്തകളും ഉണ്ടായിരിക്കും. നൂതനമായ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പ്രക്ഷേപണം വഴി ഏറെ ആസ്വാദ്യകരവും വിജ്ഞാനപ്രദവുമായ പരിപാടികൾ ശ്രോതാക്കൾക്കായി ഒരുക്കിയിട്ടുണ്ട്.

സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന ആർക്കും ആപ് സ്റ്റോർ, പ്ളേ സ്റ്റോർ  വഴിയും കൂടാതെ ആൻഡ്രോയ്ഡ് പ്ളേ സ്റ്റോർ, ഐ.ഒാ.എസ് സ്റ്റോർ അക്കൗണ്ട് വഴിയും റേഡിയോ കേൾക്കാവുന്നതാണ്.  www.radioshree.com   എന്ന വെബ്സൈറ്റിലും റേഡിയോശ്രീ പ്രക്ഷേപണം ലഭിക്കും.

കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന പദ്ധതി പ്രവർത്തനങ്ങൾ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ  48  ലക്ഷം കുടുംബങ്ങളിലേക്കും സമൂഹത്തിന്റെ വിവിധ മേഖലകളിലേക്കും എത്തിക്കാൻ സാധിക്കുമെന്നതാണ് ഒാൺലൈൻ റേഡിയോയുടെ നേട്ടം. അയൽക്കൂട്ട വനിതകൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, വിവിധ തൊഴിലിടങ്ങൾ  ഉൾപ്പെടെ സമൂഹത്തിന്റെ ഏതു മേഖലയിലും കുടുംബശ്രീയുടെ ശബ്ദ സാന്നിധ്യം ഉറപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത്.

 

Content highlight
Kudumbashree Radioshree resumes operations from today

കുടുംബശ്രീയുടെ സ്വാദ് ഇനി സ്കൂളിലേക്കും; വരുന്നു 'മാ കെയർ' പദ്ധതി

Posted on Tuesday, July 1, 2025

സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ സ്കൂളുകളിൽ  കുടുംബശ്രീയുടെ "മാ കെയർ' പദ്ധതിയെത്തുന്നു. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ആരോഗ്യകരവും പോഷക സമ്പുഷ്ടമായ ലഘുഭക്ഷണങ്ങൾ,  പാനീയങ്ങൾ,  സ്കൂൾ സ്റ്റേഷനറി ഐറ്റങ്ങൾ, സാനിട്ടറി നാപ്കിനുകൾ എന്നിവ ലഭ്യമാക്കുന്നതിന് സ്കൂൾ കോമ്പൗണ്ടിൽ തന്നെ കിയോസ്കുകൾ തുറക്കും. കിയോസ്കുകൾ സ്ഥാപിക്കാൻ സ്ഥലം ലഭ്യമല്ലെങ്കിൽ ഉപയോഗിക്കാതെ കിടക്കുന്ന ക്ളാസ് മുറികളും ഇതിനായി ഉപയോഗിക്കും. വിദ്യാർത്ഥികൾ, അധ്യാപകരും ഉൾപ്പെടെയുള്ളവർക്ക് കിയോസ്കിൽ നിന്നും ഭക്ഷണ പാനീയങ്ങളും മറ്റു സാധനങ്ങളും മിതമായ നിരക്കിൽ വാങ്ങാനാകും. ജൂലൈയിൽ ഹയർ സെക്കണ്ടറി, ഹൈസ്കൂൾ  വിഭാഗത്തിനു കീഴിലുള്ള  ആയിരം സ്കൂളികളിലെങ്കിലും പദ്ധതി തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ മെയ് 17-ന് നടന്ന യോഗത്തിലാണ് പദ്ധതി തുടങ്ങാനുള്ള  തീരുമാനം.

പദ്ധതി തുടങ്ങുന്നതിനു മുന്നോടിയായി ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ അതത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സ്കൂൾ അധികൃതർ, സി.ഡി.എസ് അധ്യക്ഷ എന്നിവരുടെ നേതൃത്വത്തിൽ പ്രതേ്യക യോഗം ചേരും. സ്കൂളുകളിൽ കിയോസ്കുകൾ സ്ഥാപിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർമാർക്ക് നിർദേശവും നൽകി.    

കുടുംബശ്രീ വനിതകൾക്ക് വരുമാനം ലഭ്യമാക്കുന്നതോടൊപ്പം ഉപജീവന മേഖലയെ ശക്തിപ്പെടുത്തുന്നതു കൂടി ലക്ഷ്യമിട്ടു കൊണ്ടാണ് "മാ കെയർ' കിയോസ്ക് പദ്ധതി നടപ്പാക്കുക. പദ്ധതി ആരംഭിക്കുന്നതു വഴി ആദ്യഘട്ടത്തിൽ കുറഞ്ഞത് 5000 വനിതകൾക്കെങ്കിലും മികച്ച ഉപജീവന മാർഗം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. നിലവിൽ കാസർകോട്, കണ്ണൂർ ജില്ലകളിൽ ആരംഭിച്ച പദ്ധതിക്ക്  മികച്ച സ്വീക്യാര്യത നേടാനായിട്ടുണ്ട്. ലഘുഭക്ഷണങ്ങളും പാനീയങ്ങളും പഠന സഹായത്തിനാവശ്യമായ സ്റ്റേഷനറികളും ഉൾപ്പെടെ ലഭ്യമാക്കുന്നതു വഴി സ്കൂൾ സമയത്ത് കുട്ടികൾ പുറത്തു പോകുന്നത് ഒഴിവാക്കാനാകുമെന്നും  കണ്ടെത്തിയിട്ടുണ്ട്. കൂടാതെ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ തന്നെ ആരോഗ്യകരമായ ലഘുഭക്ഷണ  പാനീയങ്ങൾ ലഭിക്കുന്നതിനാൽ സ്കൂളിനു വെളിയിലുളള അനാരോഗ്യകരമായ ഭക്ഷണങ്ങളും ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കുന്നതിനുള്ള സാഹചര്യങ്ങൾക്ക് തടയിടാനും കഴിയും.  

കിയോസ്കുകൾ നടത്താൻ താൽപര്യമുള്ള സംരംഭകരെ സി.ഡി.എസിന്റെ പിന്തുണയോടെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാണ്. തിരഞ്ഞെടുക്കുന്നവർക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംരംഭ മാതൃകയിൽ കിയോസ്ക് നടത്തുന്നതിനാവശ്യമായ പരിശീലനം നൽകും. കുടുംബശ്രീയുടെ വിവിധ പദ്ധതികൾ, കമ്യൂണിറ്റി എന്റർപ്രൈസ് ഫണ്ട്, ലിങ്കേജ് വായ്പ, ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹതം എന്നിവ വഴി സംരംഭം ആരംഭിക്കുന്നതിനുള്ള സാമ്പത്തിക സഹായവും ലഭ്യമാക്കും. 

Content highlight
kudumbashree to open ma care centres in schools across Kerala

സംസ്ഥാനത്ത് കുടുംബശ്രീ സ്നേഹിത എക്സ്റ്റൻഷൻ സെന്റ്റുകളുടെ പ്രവർത്തനം ഊർജിതമാക്കുന്നു

Posted on Tuesday, July 1, 2025

കുടുംബശ്രീയും ആഭ്യന്തര വകുപ്പും സംയുക്തമായി സംസ്ഥാനത്തെ എല്ലാ ഡി.വൈ.എസ്.പി/ എ.സി.പി ഓഫീസുകളിലും ആരംഭിച്ച കുടുംബശ്രീ സ്നേഹിത എക്സ്റ്റൻഷൻ സെന്റ്റുകളുടെ പ്രവർത്തനം ഊർജിതമാക്കുന്നു. നിലവിൽ സംസ്ഥാനത്ത് വിവിധ പോലീസ് സ്റ്റേഷനുകളിലായി ആരംഭിച്ച  84 സെന്റ്റുകളുടെ പ്രവർത്തന പുരോഗതി വിലയിരുത്തിയതിനെ തുടർന്നാണ് പദ്ധതി വിപുലീകരിക്കാനുള്ള തീരുമാനം. ഇതിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥർക്ക് സ്നേഹിത പോലീസ് എക്സ്റ്റൻഷൻ സെന്റ്റുകളെ കുറിച്ചും ഇതിലൂടെ ലഭ്യമാകുന്ന സേവനങ്ങളെ കുറിച്ചും അവബോധം നൽകും. ഇതിനായി ജില്ലാതലത്തിൽ എസ്.എച്ച്.ഓ, സബ് ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥരെ പ്രത്യേകം വിളിച്ചു ചേർത്ത് ആഭ്യന്തര വകുപ്പും കുടുംബശ്രീയും സംയുക്തമായി പ്രത്യേക അവബോധ പരിശീലനം നൽകും. ഇതുമായി ബന്ധപ്പെട്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, വിമൻ ആൻഡ് ചിൽഡ്രൻ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ബാസ്റ്റിൻ സാബു എന്നിവരുടെ നേതൃത്വത്തിൽ കുടുംബശ്രീ സംസ്ഥാനമിഷനിൽ സംഘടിപ്പിച്ച സംസ്ഥാനതല മോണിട്ടറിങ്ങ് കമ്മിറ്റിയിലാണ് പുതിയ തീരുമാനങ്ങൾ.

ഡി.വൈ.എസ്.പി/ എ.സി.പി ഓഫീസുകളുടെ പരിധിയിൽ വരുന്ന പോലീസ് സ്റ്റേഷനുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരിൽ അടിയന്തര മാനസിക പിന്തുണയും കൗൺസലിങ്ങ് സേവനങ്ങളും ആവശ്യമായവർക്ക് അവ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷം മാർച്ചിലാണ് പദ്ധതി ആരംഭിച്ചത്. പുതിയ തീരുമാന പ്രകാരം പുതുതായി ജോലിയിൽ പ്രവേശിക്കുന്ന സബ് ഇൻസ്പെക്ടർമാർക്കുളള ട്രെയിനിങ്ങ് സിലബസിലും അവബോധ പരിശീലനം ഉൾപ്പെടുത്തും. എക്സ്റ്റൻഷൻ സെന്റ്റുകളിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി കൗൺസിലർമാർക്കും വിദഗ്‌ധ പരിശീലനങ്ങൾ ലഭ്യമാക്കും.  

നിലവിൽ ആയിരത്തോളം കേസുകളാണ് കൗൺസലിങ്ങിനായി എക്സ്റ്റൻഷൻ സെന്റ്റുകളിലേക്ക് റഫർ ചെയ്തിട്ടുള്ളത്. ഇവർക്കെല്ലാം കുടുംബശ്രീയുടെ കമ്യൂണിറ്റി കൗൺസിലർമാർ മുഖേന  കൗൺസലിങ്ങ് ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഗാർഹിക പീഡനം, കുടുംബ പ്രശ്നങ്ങൾ, മദ്യപാനം, ലഹരി, മൊബൈൽ അഡിക്ഷൻ, സാമ്പത്തിക പ്രശ്നങ്ങൾ, കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയാണ് സെന്റ്റുകൾ വഴി കൈകാര്യം ചെയ്ത കേസുകളിൽ ഏറെയും. നിലവിൽ ആഴ്ചയിൽ രണ്ടു ദിവസം വീതമാണ് എക്സ്റ്റൻഷൻ സെന്റ്റുകളുടെ പ്രവർത്തനം. ആവശ്യകത അനുസരിച്ച് കൂടുതൽ ദിവസങ്ങളിൽ ഇവരുടെ സേവനം ലഭ്യമാക്കുന്നതിനും ഉദ്ദേശിക്കുന്നു.

പുതിയ തീരുമാന പ്രകാരം ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളിൽ കമ്യൂണിറ്റി കൗൺസിലർമാർ ഭവനസന്ദർശനം നടത്തി ആവശ്യമെങ്കിൽ കൗൺസലിങ്ങും മറ്റ് മാനസിക പിന്തുണകളും ലഭ്യമാക്കാനാകും. എസ്.എച്ച്.ഓ, ഡി.വൈ.എസ്.പി എന്നിവരുടെ റഫറൻസ് ഇല്ലാതെ വരുന്ന കേസുകൾക്ക് പ്രാദേശികമായി സേവനങ്ങൾ ലഭ്യമാക്കേണ്ട സാഹചര്യത്തിൽ  അതത് പ്രദേശത്ത് ചുമതലയുളള കമ്യൂണിറ്റി കൗൺസിലർ, സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക് എന്നിവ മുഖേന സേവനങ്ങൾ ലഭ്യമാക്കും. കൂടാതെ ആവശ്യമെങ്കിൽ ടെലി കൗൺസലിങ്ങും നൽകും.

എല്ലാ എക്സ്റ്റൻഷൻ സെന്റ്റുകളിലേക്കും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി മേശ, കസേര, അലമാര എന്നിവ കുടുംബശ്രീ ലഭ്യമാക്കും. കുടിവെള്ളം, ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവ ആഭ്യന്തര വകുപ്പും ഉറപ്പു വരുത്തും.  

എക്സ്റ്റൻഷൻ സെന്റ്റുകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ പ്രകാരം എല്ലാ മാസവും ജില്ലാതല മോണിട്ടറിങ്ങ് കമ്മിറ്റി ചേരുന്നതിനും തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ റൂറൽ തലത്തിലും സിറ്റി തലത്തിലും യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും.  

കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ. ബി.ശ്രീജിത്ത്, മെഡിക്കൽ കോളേജ് ക്ളിനിക്കൽ സൈക്കോളജി അസിസ്റ്റന്റ് പ്രൊഫസർ ഡോ. മേഴ്സി ജോയ് സെബാസ്റ്റ്യൻ, അഡ്വ. ഷൈനിരാജ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ജസ്റ്റിൻ മാത്യു, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർമാരായ ഫെബി ഡി.എ, ശാരിക എസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Content highlight
snehitha extension centre projet to expand

കുടുംബശ്രീ ലിയോറ ഫെസ്റ്റ് സമ്മർ ക്യാമ്പ്: മെന്റർമാർക്കുളള ശിൽപശാല സംഘടിപ്പിച്ചു

Posted on Tuesday, June 24, 2025

കുടുംബശ്രീ ലിയോറ ഫെസ്റ്റ് സമ്മർ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നൂറ്റിഅമ്പത് ബാലസഭാംഗങ്ങൾക്ക് പരിശീലനം നൽകുന്നതുമായി ബന്ധപ്പെട്ട് മെന്റർമാർക്കുള്ള സംസ്ഥാനതല ശിൽപശാല തിരുവനന്തപുരം സമേതിയിൽ സംഘടിപ്പിച്ചു. ഒാരോ ജില്ലകളിലും നിന്നും അട്ടപ്പാടിയിൽ നിന്നുമായി തിരഞ്ഞെടുത്ത പതിനാറ് മെന്റർമാരാണ് ശിൽപശാലയിൽ പങ്കെടുത്തത്. ഇവർ മുഖേന ബാലസഭാംഗങ്ങൾക്ക് ഒരു വർഷം ദൈർഘ്യമുള്ള പരിശീലനം നൽകുന്നതിനാവശ്യമായ പഠന മൊഡ്യൂൾ ശിൽപശാലയിൽ തയ്യാറാക്കി. വിദ്യാഭ്യാസ വിദഗ്ധർ, ഗവേഷകർ, റിട്ട. അധ്യാപകർ, വിവിധ ഗവേഷണ സഥാപനങ്ങളിൽ നിന്നും വിരമിച്ചവർ എന്നിവരെ ഉൾപ്പെടുത്തി കുടുംബശ്രീ രൂപീകരിച്ച സംസ്ഥാനതല അക്കാദമിക് ഗ്രൂപ്പിലെ അംഗങ്ങളാണ് മെന്റർമാർ.

ഒാരോ ജില്ലയിൽ നിന്നും പത്തു കുട്ടികളെ  വീതമാണ് ക്യാമ്പിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. അവധി ദിവസങ്ങളിൽ മെന്റർമാർ മുഖേന ഇവർക്ക് പരിശീലനം നൽകും. പരിശീലന കാലയളവിൽ ശാസ്ത്രം, സാങ്കേതികം ഉൾപ്പെടെ വിവിധ മേഖലകളിൽ നടപ്പാക്കാൻ കഴിയുന്ന വികസന ആശയങ്ങൾ കുട്ടികൾ മുഖേന രൂപീകരിക്കും. തുടർന്ന് ഇവ പൊതുസമൂഹത്തിന് മുന്നിലും  2026 ജനുവരിയിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇന്നവേഷൻ കോൺക്ളേവിലും അവതരിപ്പിക്കാനുള്ള അവസരം ലഭ്യമാക്കും. ഈ മധ്യവേനൽ അവധിക്കാലത്ത് കുടുംബശ്രീ സംഘടിപ്പിച്ച സമ്മർ ക്യാമ്പുകളിൽ പങ്കെടുത്തവരിൽ മികച്ച നിലവാരം പുലർത്തിയവർക്ക് ഉദ്ധ്യം ലേണിങ്ങ് ഫൗണ്ടേഷന്റെ സഹകരണത്തോടെ മൺസൂൺ ഫെല്ലോഷിപ്പും നൽകും.

കുടുംബശ്രീ ബാലസഭാംഗങ്ങളിൽ ശാസ്ത്രാവബോധവും വ്യക്തിത്വ വികസന ശേഷികളും വികസിപ്പിക്കുകയാണ് ലിയോറ ഫെസ്റ്റ് സമ്മർക്യാമ്പിന്റെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം അക്കാദമിക് മികവ് കൈവരിക്കുന്നതിനും ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളാകും ഈ വർഷം നടപ്പാക്കുക. പഠനക്യാമ്പുകൾ, ചർച്ചകൾ, സെമിനാറുകൾ, കലാപരിപാടികൾ, അനേ്വഷണാത്മക പ്രോജക്ടുകൾ, സാംസ്കാരിക സംഗമങ്ങൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടപ്പാക്കും.

കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ.ബി ശ്രീജിത്ത്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ അരുൺ പി.രാജൻ, അസിസ്റ്റന്റ് പ്രോഗ്രാം മാനേജർമാരായ സ്വാതി കൃഷ്ണൻ, ജിഷ്ണു ഗോപൻ എന്നിവർ ശിൽപശാലയ്ക്ക് നേതൃത്വം നൽകി.
                                           

Content highlight
leora fest - mentros training held

കെ-ടാപ് ജില്ലാതല ടെക്നോളജി ഡെസിമിനേഷന്‍ ക്ലിനിക്കുകള്‍ പുരോഗമിക്കുന്നു

Posted on Monday, June 23, 2025

കുടുംബശ്രീ ടെക്നോളജി അഡ്വാന്‍സ്മെന്റ് പ്രോഗ്രാമിന്റെ (കെ-ടാപ്) ഭാഗമായുള്ള ജില്ലാതല ടെക്നോളജി ഡെസിമിനേഷന്‍ ക്ലിനിക്ക് (ടി.ഡി.സി) വിവിധ ജില്ലകളില്‍ പുരോഗമിക്കുന്നു. കുടുംബശ്രീ മുഖേന കാര്‍ഷിക മേഖലയില്‍ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി മാറ്റങ്ങള്‍ സൃഷ്ടിക്കുക ലക്ഷ്യമിട്ട് രാജ്യത്തെ മുന്‍നിര കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളില്‍ നിന്ന് 180 നൂതന സാങ്കേതിക വിദ്യകള്‍ കെ-ടാപ്പിന്റെ ഭാഗമായി കുടുംബശ്രീ സ്വന്തമാക്കിയിരുന്നു.

ഈ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള അവബോധം കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍, മെമ്പര്‍ സെക്രട്ടറിമാര്‍, സംരംഭകര്‍, അഗ്രി കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍, കുടുംബശ്രീ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്നതിനായാണ് ജില്ലാതലത്തില്‍ ഡെസിമിനേഷന്‍ ക്ലിനിക്കുകള്‍ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ആദ്യ ഡെസിമിനേഷന്‍ ക്ലിനിക്ക് സംഘടിപ്പിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ രണ്ടാമതും. തുടര്‍ന്ന് കൊല്ലം,പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ക്ലിനിക്കുകള്‍ സംഘടിപ്പിച്ചു കഴിഞ്ഞു. ശേഷിച്ച ജില്ലകളില്‍ ടെക്‌നോളജി ഡെസിമിനേഷന്‍ ക്ലിനിക്കുകള്‍ അടുത്തമാസം ആദ്യ ആഴ്ചയോടുകൂടി പൂര്‍ത്തിയാക്കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.

കുടുംബശ്രീ കാര്‍ഷിക ഉപജീവന പ്രവര്‍ത്തനങ്ങളെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയും അതുവഴി കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക് വരുമാനവര്‍ദ്ധനവ് നേടിക്കൊടുക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് കെ-ടാപ്പിന്റെ ഭാഗമായി നടത്തുക.

ഐ.സി.എ.ആര്‍ - കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം, ഐ.സി.എ.ആര്‍ - കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്റപ്രണര്‍ഷിപ്പ് ആന്‍ഡ് മാനേജ്മെന്റ്, കേരള കാര്‍ഷിക സര്‍വ്വകലാശാല എന്നിങ്ങനെയുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള സാങ്കേതിക വിദ്യകളാണ് കെ-ടാപിന്റെ ഭാഗമായി കുടുംബശ്രീ സ്വന്തമാക്കിയിരിക്കുന്നത്. ഫംങ്ഷണല്‍ ഫുഡ്സ്, ഹെല്‍ത്ത് ആന്‍ഡ് സ്പെഷ്യാലിറ്റി ഫുഡ്സ്, ഡയബറ്റിക് ഫ്രണ്ട്ലി പ്രോഡക്ട്സ്, ഫംങ്ഷണല്‍ കണ്‍ഫെക്ഷനറി എന്നിങ്ങനെ പത്ത് വിഭാഗങ്ങളിലായുള്ള ഉത്പന്നങ്ങളാണ് ഈ ടെക്നോളജികളുടെ സഹായത്തോടെ തയാറാക്കുക.

Content highlight
KTAP technlogy dissemination clinics progressing

പട്ടികവർഗ മേഖലയിൽ 25 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുമായി കുടുംബശ്രീ പദ്ധതി രൂപരേഖ തയ്യാറാക്കി

Posted on Friday, June 20, 2025

സംസ്ഥാനത്ത് പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിന് വിപുലമായ കർമ പദ്ധതികളുമായി കുടുംബശ്രീ. തനതുഫണ്ടും ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം-പദ്ധതിയുടെ ഫണ്ടും ഉൾപ്പെടെ 25 കോടി രൂപ ഉപയോഗിച്ച് കുടുംബശ്രീയുടെ വാർഷിക കർമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ. പദ്ധതി രൂപരേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മൺവിള അഗ്രികൾച്ചർ ട്രെയിനിങ്ങ് സെന്റ്റിൽ സംഘടിപ്പിച്ച ദ്വിദിന ശിൽപശാല കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ ഉദ്ഘാടനം ചെയ്തു.

അയൽക്കൂട്ട രൂപീകരണമാണ് കർമപദ്ധതിയിലെ മുഖ്യ പ്രവർത്തനങ്ങളിലൊന്ന്. ഇതിന്റെ ഭാഗമായി നിലവിലുളള 6460 അയൽക്കൂട്ടങ്ങൾക്കു പുറമേ പുതിയവയും രൂപീകരിക്കും. നിലവിലുള്ള അയൽക്കൂട്ടങ്ങളെ സ്വയംപര്യാപ്ത അയൽക്കൂട്ടങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളും ഇതോടൊപ്പം ഊർജിതമാക്കും. പുതുതായി ആരംഭിക്കുന്ന അയൽക്കൂട്ടങ്ങൾക്ക് പ്രാരംഭ പ്രവർത്തനങ്ങൾക്കായി 1500 രൂപ വീതം നൽകും.  

സാമ്പത്തിക സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതി രൂപരേഖയിൽ  പ്രതേ്യക ഊന്നൽ നൽകുന്നുണ്ട്. കാർഷിക മൃഗസംരക്ഷണ പരമ്പരാഗത തൊഴിൽ മേഖലകളിലടക്കം വരുമാനദായക സംരംഭങ്ങൾ രൂപീകരിക്കും. ഇതിന്റെ ഭാഗമായി അയൽക്കൂട്ട അംഗങ്ങൾക്കായി നൂറ് മുട്ടക്കോഴി വളർത്തൽ യൂണിറ്റുകൾ തുടങ്ങും. ഒരു യൂണിറ്റ് തുടങ്ങാനായി 20,000 രൂപ വീതം സാമ്പത്തിക സഹായവും കുടുംബശ്രീ നൽകും. ഇതിലൂടെ ഒാരോ അംഗത്തിനും പ്രതിവർഷം 20,000 രൂപയുടെ അധിക വരുമാനം ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. കൂടാതെ പുതിയ വനിതാ കർഷക സംഘങ്ങളും രൂപീകരിക്കും. പ്രാരംഭ പ്രവർത്തനങ്ങൾ നടത്താൻ ഒാരോ കർഷക സംഘത്തിനും 40,000 രൂപ വീതമാണ് കോർപ്പസ് ഫണ്ട് നൽകുക. ഇതു പ്രകാരം ഈ വർഷം 260 കർഷക സംഘങ്ങൾക്ക് കോർപ്പസ് ഫണ്ട് ലഭ്യമാക്കും. 1500 പുതിയ കർഷകർ കൂടി ഈ വർഷം കൃഷി ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

അട്ടപ്പാടിയിലെ വനിതകൾക്ക് തൊഴിലും വരുമാനവും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ഈ വർഷം പ്രീമിയം ബാഗ് നിർമാണ യൂണിറ്റ് ആരംഭിക്കുന്നതിനും പദ്ധതിയുണ്ട്.  ഇതോടൊപ്പം പരമ്പരാഗത ഉൽപന്നങ്ങൾ, ചെറുധാന്യങ്ങൾ, വനവിഭവങ്ങൾ എന്നിവയ്ക്കും വിപണി ഉറപ്പാക്കും.

 ബ്രിഡ്ജ് കോഴ്സ് പുന: സംഘാടനം, ചൈൽഡ് ക്രിയേറ്റിവിറ്റി സെന്റർ രൂപീകരണം തുടങ്ങിയവ ഉൾപ്പെടെ
കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനുള്ള സമഗ്ര പരിപാടികളും ഈ വർഷം നടപ്പാക്കും.  ഇംഗ്ളീഷ് ഭാഷാ പഠനനിലവാരം മെച്ചപ്പെടുത്തുന്ന കമ്യൂണിക്കോർ പദ്ധതി, പട്ടികവർഗ മേഖലയിലെ കുട്ടികൾ മുഖേനയുള്ള ഹ്രസ്വ ചലച്ചിത്ര നിർമാണ പദ്ധതി "കനസ് ജാഗ 2.0' എന്നിവയ്ക്കായി പ്രതേ്യക ഫണ്ട് വകയിരുത്തിയിട്ടുണ്ട്. കുടുംബശ്രീ ട്രൈബൽ ഇന്നവേഷൻ ആൻഡ് എന്റർപ്രൈസസ് എന്ന പരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്.

കാര്യശേഷി വികസനത്തിനും മുന്തിയ പരിഗണന നൽകിയാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾ. ഇതിന്റെ ഭാഗമായി അയൽക്കൂട്ട കുടുംബ സംഗമം, ട്രൈബൽ മേഖലയിലെ ജനപ്രതിനിധികൾ, പ്രമോട്ടർമാർ, സാക്ഷരതാ പ്രേരക്മാർ, ഊരുമൂപ്പൻമാർ തുടങ്ങിയവർക്ക് പരിശീലനം നൽകും. ഇതോടൊപ്പം  പഠന യാത്രകൾ, കൗമാരവിദ്യാഭ്യാസ പരിപാടി എന്നിവയും സംഘടിപ്പിക്കും.

കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ.ബി ശ്രീജിത്ത്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ പ്രഭാകരൻ മേലാത്ത്, അസിസ്റ്റന്റ് പ്രോഗ്രാം മാനേജർമാരായ പ്രീത ജി. നായർ, ദാനിയേൽ ലിബ്നി എന്നിവർ  ശിൽപശാലയ്ക്ക് നേതൃത്വം നൽകി. എല്ലാ ജില്ലകളിൽ നിന്നുമുള്ള അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാർ, പട്ടികവർഗ ആനിമേറ്റർ കോർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.  

Content highlight
Kudumbashree's Annual Action Plan in the Scheduled Tribes Sector; Workshop organized

കുടുംബശ്രീ ബഡ്സ് ഉൽപന്നങ്ങൾ ഒാൺലൈൻ വിപണിയിലേക്ക്: ധാരണാ പത്രം ഒപ്പുവച്ചു

Posted on Wednesday, June 18, 2025

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിൽ  പ്രവർത്തിക്കുന്ന ബഡ്സ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ നിർമിക്കുന്ന ഉൽപന്നങ്ങൾക്ക് പുതിയ വിപണി സാധ്യതകൾ ഒരുങ്ങുന്നു. ഫലപ്രദമായ വിപണനമാർഗങ്ങളും സംഭരണവും വിതരണവും ഉൾപ്പെടെ ലഭ്യമാക്കിക്കൊണ്ട് ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ ഉൽപന്നങ്ങൾക്ക് ദേശീയതലത്തിൽ വിപണനമാർഗവും സുസ്ഥിര വരുമാനവും ലഭ്യമാക്കുകയാണ് ലക്ഷ്യം. കുടുംബശ്രീയുടെ തന്നെ പോക്കറ്റ് മാർട്ട് ആപ് വഴിയാകും ഉൽപന്ന വിപണനം.    ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് വരുമാനലഭ്യത ഉറപ്പുവരുത്തിക്കൊണ്ട് സാമ്പത്തിക സ്വാശ്രയത്വം നേടാൻ സഹായിക്കുക എന്നതാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ സാന്നിധ്യത്തിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ അമിഗോസിയ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ അരുൺ എൻ എന്നിവർ ധാരണാപത്രം ഒപ്പു വച്ചു.

നിലവിൽ പേപ്പർ പേന, ബാഗ്, ഫയൽ, കരകൗശല വസ്തുക്കൾ വ്യത്യസ്തങ്ങളായ നിരവധി ഉൽപന്നങ്ങൾ ബഡ്സ് വിദ്യാർത്ഥികൾ നിർമിക്കുന്നുണ്ട്. പ്രാദേശികതലത്തിലും കുടുംബശ്രീയുടെ ആഭിമുഖ്യത്തിലും സംഘടിപ്പിക്കുന്ന വിപണനമേളകൾ, സരസ് മേളകൾ, വിവിധ പരിശീലന പരിപാടികൾ എന്നിവയാണ് പ്രധാന വിപണന മാർഗങ്ങൾ. ധാരണാപത്രം പ്രകാരം അമിഗോസിയ പ്രൈവറ്റ് ലിമിറ്റഡ് മുഖേന ബ്ഡ്സ് വിദ്യാർത്ഥികൾ നിർമിക്കുന്ന ഉൽപന്നങ്ങൾ മൊത്തമായി വാങ്ങും. ഇവ പിന്നീട് കുടുംബശ്രീയുടെ തന്നെ ഒാൺ ലൈൻ വിപണന വേദിയായ പോക്കറ്റ്മാർട്ട് ആപ്പിൽ ഉൾപ്പെടുത്തും.

ആദ്യഘട്ടത്തിൽ ബഡ്സ് വിദ്യാർത്ഥികളുടെ അഞ്ഞൂറോളം ഉൽപന്നങ്ങളാണ് പോക്കറ്റ് മാർട്ട് ആപ്പിൽ ലഭ്യമാക്കുക. ഇതോടൊപ്പം  ഒാൺലൈൻ ഉൾപ്പെടെയുള്ള മാർഗങ്ങൾ  സ്വീകരിച്ചു കൊണ്ട് ഉൽപന്നങ്ങളുടെ ബ്രാൻഡിങ്ങ്. മാർക്കറ്റിങ്ങ് എന്നിവ വിപുലീകരിക്കും. ഇതുവഴി രാജ്യമൊട്ടാകെയുള്ള വൻകിട കോർപ്പറേറ്റ് കമ്പനികൾ, സ്ഥാപനങ്ങൾ, ഉപഭോക്താക്കൾ എന്നിവരിലേക്ക് ഉൽപന്നങ്ങൾ എത്തിക്കാനാകും. നിലവിൽ "ഇതൾ' എന്ന ബ്രാൻഡിൽ ബഡ്സ് ഉൽപന്നങ്ങൾ വിൽക്കുന്നുണ്ട്. ഇവയടക്കം പോക്കറ്റ് മാർട്ട് ആപ്പിൽ എത്തിച്ചുകൊണ്ട് ഉൽപന്ന വിപണനം ഊർജിതമാക്കും.  

വിപണിയിലെ ആവശ്യകതയ്ക്കനുസരിച്ച് ഉൽപന്ന നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ചുമതല കുടുംബശ്രീക്കാണ്. ഉൽപന്ന നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കുന്നതോടൊപ്പം ഉൽപന്നങ്ങളുടെ ഗുണനിലവാരവും കുടുംബശ്രീ ഉറപ്പുവരുത്തും.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ.ബി ശ്രീജിത്ത്, ചീഫ് ഒാപ്പറേറ്റിങ്ങ് ഒാഫീസർ നവീൻ,  പഞ്ചായത്ത് ഡയറക്ടർ(ഗ്രാമം) ഡോ. ദിനേശൻ ചെറുവത്ത്, അമിഗോസിയ പ്രൈവറ്റ് ലിമിറ്റഡ് അസിസ്റ്റന്റ് മാനേജർ രഞ്ജിനി എസ്, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ അരുൺ പി രാജൻ, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ ജിഷ്ണു ഗോപൻ എന്നിവർ പങ്കെടുത്തു.

Content highlight
Kudumbashree Buds products to enter online market: MoU signed

കുടുംബശ്രീയുടെ നേതൃത്വത്തില്‍ ലോക ക്ഷീരദിനം ആഘോഷിച്ചു

Posted on Monday, June 16, 2025

അവബോധ ക്ലാസ്സുകള്‍, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, മത്സരങ്ങള്‍, വൈവിധ്യമാര്‍ന്ന പാലുത്പന്നങ്ങളുടെ തയാറാക്കല്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ജൂണ്‍ ഒന്നിലെ ലോക ക്ഷീരദിനം കുടുംബശ്രീ ആഘോഷിച്ചു. ജൂണ്‍ 1 മുതല്‍ 9 വരെയുള്ള ദിനങ്ങളിലായിരുന്നു ജില്ല, സി.ഡി.എസ്, ബ്ലോക്ക്തലങ്ങളിലായി കുടുംബശ്രീ മൃഗസംരക്ഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിപാടികള്‍ സംഘടിപ്പിച്ചത്.

പാലിന്റെ ശക്തി നമുക്ക് ഒന്നിച്ച് ആഘോഷിക്കാം എന്നതായിരുന്നു ഇത്തവണത്തെ ലോക ക്ഷീരദിനത്തിന്റെ ആശയം. പാലിന്റെ ഉപഭോഗം പ്രോത്സാഹിപ്പിക്കുക, പോഷകാഹാര വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍, പ്രായമായവര്‍, സമൂഹത്തിലെ അംഗങ്ങള്‍ എന്നിവര്‍ക്കിടയില്‍ പാലിന്റെ പോഷക ഗുണങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുക, ക്ഷീരകര്‍ഷകരെ ആദരിക്കുക, ക്ഷീര ഉത്പന്ന യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളായിരുന്നു ക്ഷീരദിനാഘോഷത്തിനുണ്ടായിരുന്നത്.

ജൂണ്‍ രണ്ടിന് സംഘടിപ്പിച്ച ബഡ്സ് സ്ഥാപന പ്രവേശനോത്സവമായി ബന്ധപ്പെട്ട് അതാത് സി.ഡി.എസുകളിലെ മൃഗസംരക്ഷണ വിഭാഗം കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ കുടുംബശ്രീ ക്ഷീര കര്‍ഷകരില്‍ നിന്നും പാല്‍ വാങ്ങി, ബഡ്‌സ് സ്ഥാപന പരിശീലനാര്‍ത്ഥികള്‍ക്ക് പാല്‍, പാല്‍പ്പായസം എന്നിവ തയാറാക്കി വിതരണം ചെയ്തത് ഇതില്‍ ഏറെ വ്യത്യസ്തമായ പ്രവര്‍ത്തനമായിരുന്നു.

ക്ഷീര കര്‍ഷകര്‍ക്ക് മൃഗഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ അവബോധ ക്ലാസ്സുകള്‍, ആടുമാടുകള്‍ക്കുള്ള തീറ്റയുടെ സൗജന്യ വിതരണം, മികച്ച ക്ഷീര കര്‍ഷകരെ ആദരിക്കല്‍, കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്ക് വേണ്ടി 'ക്ഷീരദിനം' എന്ന പ്രമേയത്തില്‍ ചിത്രരചന മത്സരങ്ങള്‍, ക്വിസ് മത്സരങ്ങള്‍, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും, ഫാം സന്ദര്‍ശനം, അംഗണവാടികളില്‍ പാല്‍ വിതരണം, കുടുംബശ്രീ അംഗങ്ങള്‍ക്ക് പാലിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ സി.ഡി.എസ്തലത്തില്‍ സംഘടിപ്പിച്ചു. പ്രദേശത്തെ ജനപ്രതിനിധികള്‍, സി.ഡി.എസ് അംഗങ്ങള്‍, പശു സഖിമാര്‍, മൃഗഡോക്ടര്‍ മറ്റ് ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഈ പരിപാടികള്‍ സംഘടിപ്പിച്ചത്.

മലപ്പുറം ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ക്ഷീരവകുപ്പുമായി സഹകരിച്ച് ജില്ലാതല ക്ഷീരദിനാഘോഷം സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ മിഷന്‍ ജൂണ്‍ നാലിന് ജില്ലാതലത്തില്‍ ക്ഷീര കര്‍ഷക സംഗമവും സെമിനാറും നടത്തി. കാസര്‍ഗോഡ് ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ മില്‍മയുടെ സഹകരണത്തോടെ കാഞ്ഞങ്ങാട് മില്‍മ ഡയറി യൂണിറ്റിലേക്ക് കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് എക്‌സ്‌പോഷര്‍ വിസിറ്റ് സംഘടിപ്പിച്ചു. അവര്‍ക്ക് അവബോധ ക്ലാസ്സുകളും നല്‍കി. പാലക്കാട് ജില്ലാ മിഷന്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ക്ഷീരോത്സവം പരിപാടി സംഘടിപ്പിച്ചു. കര്‍ഷകര്‍ക്ക് അവബോധ സെഷന്‍, മെഷീനറി എക്‌സ്‌പോ, ക്ഷീരകര്‍ഷകരെ ആദരിക്കല്‍ എന്നിവ ഇതിൻ്റെ ഭാഗമായി നടത്തി. ആലപ്പുഴ ജില്ലാ മിഷൻ പാലിൽ നിന്നും മൂല്യവർധിത ഉല്പന്നങ്ങൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വയനാട് ജില്ലാ മിഷൻ പ്രത്യേക സെമിനാറുകളും ക്വിസ് മത്സരവുമാണ് സംഘടിപ്പിച്ചത്.

Content highlight
Kudumbashree celebrated World Milk Day

മൃഗസംരക്ഷണ മേഖലയിൽ വനിതാകർഷകർക്ക് കൂടുതൽ തൊഴിലവസരം; കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാർക്കും ഫീൽഡ് സ്റ്റാഫിനും അവബോധ പരിശീലനം

Posted on Monday, June 16, 2025

കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാർ, ഫീൽഡ് സ്റ്റാഫ് എന്നിവർക്ക് വിവിധ സർക്കാർ വകുപ്പുകൾ മുഖേന മൃഗസംരക്ഷണ മേഖലയിൽ നടപ്പാക്കുന്ന പദ്ധതികൾ സംബന്ധിച്ച അവബോധം ലഭ്യമാക്കുന്നതിന്റെ ഭാഗമായി മൺവിള അഗ്രികൾച്ചറൽ കോ-ഒാപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ദ്വിദിന പരിശീലനം നൽകി.

മൃഗസംരക്ഷണം, ക്ഷീര വികസനം, ഫിഷറീസ് വകുപ്പുകൾ മുഖേന നടപ്പാക്കുന്ന പദ്ധതികൾ, പട്ടികവർഗ വികസന വ്യവസായ വകുപ്പുകൾ,  ശുചിത്വ മിഷൻ, തൊഴിലുറപ്പ് മിഷൻ എന്നിവയുമായുള്ള സംയോജന സാധ്യകൾ സംബന്ധിച്ചുമാണ് അവബോധം നൽകിയത്. ഇതു വഴി കുടുംബശ്രീ കർഷകർക്ക് വൈവിധ്യമാർന്ന ഉപജീവന മാർഗങ്ങൾ കണ്ടെത്താനാകും. സുസ്ഥിര വരുമാന ലഭ്യതയ്ക്കും അവസരമൊരുങ്ങും.

കുടുംബശ്രീ കാർഷിക പദ്ധതികളുടെ ഫീൽഡ്തല പ്രവർത്തനങ്ങളുടെ ചുമതല നിർവഹിക്കുന്നത് ജില്ലാ പ്രോഗ്രാം മാനേജർമാർ മുഖേനയാണ്. കൂടാതെ മൃഗസംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് സംസ്ഥാനമൊട്ടാകെ 4344 പശുസഖിമാരെയും തിരഞ്ഞെടുത്തിട്ടുണ്ട്. ഇവർക്ക് കന്നുകാലി വളർത്തൽ, മത്സ്യക്കൃഷി, ക്ഷീര വികസനം, മൂല്യവർധിത ഉൽപന്ന നിർമാണം, മറ്റു വകുപ്പുകളുമായുള്ള സംയോജന പ്രവർത്തനങ്ങൾ എന്നിവയിൽ അവബോധം ലഭ്യമാക്കിയതു വഴി ഫീൽഡ്തലത്തിൽ മൃഗസംരക്ഷണ പദ്ധതികൾ ഊർജിതമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ജൂൺ 11,12 തീയതികളിലായി സംഘടിപ്പിച്ച പരിപാടിയിൽ 90 പേർ പങ്കെടുത്തു. വെറ്റ്റിനറി സർജൻ ഡോ. മനു രവീന്ദ്രൻ, ക്ഷീര വികസന വകുപ്പ് ഡയറക്ടർ(പ്ളാനിങ്ങ്) കോശി കെ. അലക്സ്, പത്തനാപുരം ബ്ളോക്ക് ക്ഷീര വികസന ഒാഫീസർ ബിജു, സീനിയർ ഡയറി എക്സ്റ്റൻഷൻ ഒാഫീസർ ഷിബാന, ഡയറി എക്സ്റ്റൻഷൻ ഒാഫീസർ(ട്രെയിനിങ്ങ്) ശ്രീത, ഫിഷറീസ് എക്സ്റ്റൻഷൻ ഒാഫീസർ നിബിൻ, തൊഴിലുറപ്പ് മിഷൻ ജോയിന്റ് ഡയറക്ടർ രവിരാജ്, ശുചിത്വ മിഷൻ ടെക്നിക്കൽ കൺസൾട്ടന്റ് അരുൺ ജോയി, ലീഡ് ബാങ്ക് മാനേജർ ജയമോഹൻ, പട്ടികവർഗ വികസന വകുപ്പ് സീനിയർ സൂപ്രണ്ട് ഷിനു എസ്.എസ്, വ്യവസായ വികസന ഒാഫീസർ ഡോ.രാജേഷ് എന്നിവർ ക്ളാസുകൾ നയിച്ചു.

Content highlight
Awareness training for Kudumbashree district program managers and field staff of animal husbandry sector held

സ്മാര്‍ട്ട്ശ്രീ - 150 കുടുംബശ്രീ സംരംഭങ്ങളെ വാനോളമുയര്‍ത്താന്‍ ഇന്‍ക്യുബേറ്റര്‍ പദ്ധതി- തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി

Posted on Monday, June 9, 2025

വളര്‍ച്ചാ സാധ്യതയുള്ള കുടുംബശ്രീ സംരംഭങ്ങളെ അടുത്തഘട്ടത്തിലേക്ക് വളര്‍ത്തുന്നതിനും അവയെ വിപുലപ്പെടുത്തുന്നതിനും മറ്റ് സംരംഭകര്‍ക്ക് അനുകരണീയമായ മാതൃകകള്‍ സൃഷ്ടിക്കുന്നതും ലക്ഷ്യമിട്ടുള്ള 'സ്മാര്‍ട്ട്ശ്രീ' ഇന്‍ക്യുബേറ്റര്‍ പദ്ധതിയുടെ തെരഞ്ഞെടുപ്പ് ഘട്ടം പൂര്‍ത്തിയായി. സംസ്ഥാനത്തുടനീളമുള്ള 150 സംരംഭങ്ങളെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ കാലാവധി മൂന്ന് വര്‍ഷമാണ്. അടുത്ത ഒന്നരവര്‍ഷത്തിനുള്ളില്‍ ഈ സംരംഭങ്ങളെ അടുത്തതലത്തിലേക്ക ഉയര്‍ത്താനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. 

  വിവിധ കാരണങ്ങളാല്‍ വിപണിയില്‍ വിജയിക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഉത്പാദന, സേവന മേഖലകളിലുള്ള സംരംഭങ്ങള്‍ക്കാണ് ഇന്‍ക്യുബേറ്റര്‍ പിന്തുണ നല്‍കുന്നത്. പദ്ധതിയുടെ ഭാഗമായി സംരംഭങ്ങള്‍ക്ക് വേണ്ട എല്ലാവിധ പിന്തുണയും നല്‍കുന്ന ഇന്‍ക്യുബേറ്ററായി പ്രവര്‍ത്തിക്കുന്നതിന് ഐ.ഐ.എം.കെ- ലൈവ് (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് - ലാബോറട്ടറി ഫോര്‍ ഇന്നൊവേഷന്‍ വെഞ്ചറിങ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ്)മായി കുടുംബശ്രീ കരാറിലെത്തിയിരുന്നു. ഇത് അനുസരിച്ച് കുടുംബശ്രീയും ഐ.ഐ.എം.കെ-ലൈവും സംയുക്തമായി നടത്തിയ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് 150 സംരംഭങ്ങളെ ഇപ്പോള്‍ സ്മാര്‍ട്ട്ശ്രീ പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ ഭക്ഷ്യമേഖല, അപ്പാരല്‍, കറി പൗഡര്‍ ഉത്പാദനം, ക്ലീനിങ് & ഹൈജീന്‍, കരകൗശലം എന്നിങ്ങനെ വിവിധ മേഖലകളില്‍ നിന്നുള്ള സംരംഭങ്ങളുണ്ട്. 

 സംരംഭങ്ങള്‍ക്ക് മികച്ച പരിതസ്ഥിതി കെട്ടിപ്പെടുക്കുക, വലിയ വിപണികളുമായി ഇടപഴകുന്നതിനും സാമ്പത്തിക സുസ്ഥിരത നേടുന്നതിനും പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വ്യാപന സാധ്യതകള്‍ക്ക് മാതൃകകള്‍ സൃഷ്ടിക്കുന്നതിനുമുള്ള പിന്തുണയാണ് പദ്ധതി മുഖേന നല്‍കുക. 

  ഐ.ഐ.എം.കെയില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ജൂറി അംഗങ്ങളായി കുടുംബശ്രീയെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ അനീഷ് കുമാര്‍ എം.എസ്, സുചിത്ര എസ് എന്നിവര്‍ പങ്കെടുത്തു. പ്രൊഫ. ദേവ പ്രസാദ് (ഐ.ഐ.എം.കെ) പ്രൊഫ. അശോക് തോമസ് (ഐ.ഐ.എം.കെ) ലിജോ പി. ജോസ് (സീനിയര്‍ ജനറല്‍ മാനേജര്‍ ഐ.ഐ.എം.കെ -ലൈവ്) മുഹമ്മദ് നിയാസ്. ടി (എം.എസ്.എം.ഇ വിദഗ്ധന്‍), അഭിജിത്ത് (എം.എസ്.എം.ഇ വിദഗ്ധന്‍) എന്നിവരായിരുന്നു മറ്റ് ജൂറി അംഗങ്ങള്‍.

Content highlight
'Smartshree'- Incubator Project to take 150 Kudumbashree Enterprises to the next level: Selection completed