പാട്ടുംനൃത്തവും താളമേളവും അകമ്പടിയാക്കി ആഘോഷമായൊരു ഞാറുനടീല്‍. കുട്ടികളും മുതിര്‍ന്നവരും നാടും നാട്ടുകാരും എല്ലാം ഒന്നിക്കുന്ന ആഘോഷം. അതാണ് കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്‍ സി.ഡി.എസ് തലത്തില്‍ നടത്തിവരുന്ന 'മഴപ്പൊലിമ' കാര്‍ഷിക പുനരാവിഷ്‌ക്കരണ ക്യാമ്പയിന്‍.
നിര്‍ത്താതെ പെയ്യുന്ന മഴയോടൊപ്പം പാടത്തെ ചേറിലേക്കിറങ്ങി ഞാറു നടാനും പാട്ടുപാടാനും നൃത്തം ചവിട്ടാനും കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ മുന്നോട്ടുവരുന്നു. ഇതോടൊപ്പം കലാ, കായിക മത്സരങ്ങളും ഭക്ഷ്യമേളകളും മഴപ്പൊലിമയ്ക്ക് മിഴിവേകുന്നു.
തരിശ് ഭൂമി കൃഷിയോഗ്യമാക്കുക, ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുക, യുവതലമുറ ഉള്‍പ്പെടെയുള്ള ജനങ്ങളെ കൃഷിയിലേക്ക് ആകര്‍ഷിക്കുക, കാര്‍ഷിക സംസ്‌കൃതി വീണ്ടെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജില്ലാ മിഷന്‍ മഴപ്പൊലിമ സംഘടിപ്പിച്ചിരിക്കുന്നത്.
ജൂണ്‍ 20ന് ആരംഭിച്ച ക്യാമ്പയിന്‍ ഇത്തവണ ജില്ലയിലെ 30 സി.ഡി.എസുകളിലാണ് നടത്തുക. ഇതുവരെ പായം, ധര്‍മ്മടം, മങ്ങാട്ടിടം, ചെറുകുന്ന് സി.ഡി.എസുകളില്‍ മഴപ്പൊലിമ ആഘോഷിച്ചു കഴിഞ്ഞു. ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കണ്ണൂര്‍ ജില്ലയില്‍ മഴപ്പൊലിമ നടത്തുന്നത്. ആദ്യവര്‍ഷത്തില്‍ 125 എക്കര്‍ തരിശുഭൂമിയില്‍ കൃഷി ഇറക്കിയിരുന്നു.
- 2 views