നഗര പ്രദേശത്തെ സി.ഡി.എസുകളിൽ കുടുംബശ്രീ എ.ഡി.എസ് സംവിധാനം ശക്തമാക്കുന്നതിനും മിഷൻ ടീമിൽ മെന്റ്റിങ്ങ് കാഴ്ചപ്പാട് വളർത്തുന്നതിനുമായി കുടുംബശ്രീ നടപ്പാക്കുന്ന "റൂട്ട്സ്' (Rejuvenation of Organization through Ownership, Togetherness and Support) ക്യാമ്പയിന് സംസ്ഥാനത്ത് തുടക്കമായി നഗര ദാരിദ്ര്യ ലഘൂകരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണിത്. "റൂട്ട്സ്'ക്യാമ്പയിനുമായി ബന്ധപ്പെട്ട് സിറ്റി മിഷൻ മാനേജർമാർ, കമ്യൂണിറ്റി ഒാർഗനൈസർമാർ, മൾട്ടി ടാസ്ക് പേഴ്സൺ എന്നിവർ ഉൾപ്പെട്ട 138 പേർക്കുളള ആദ്യ ഘട്ട പരിശീലനം പൂർത്തിയായി.
ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ നഗര സ.ഡി.എസുകളിൽ പ്രവർത്തിക്കുന്ന മിഷൻ സ്റ്റാഫ് അംഗത്തിന് നാല് വീതം എ.ഡി.എസുകളുടെ കാര്യനിർവഹണ ശേഷിയും പ്രവർത്തനമികവും മെച്ചപ്പെടുത്തുന്നതിനുള്ള ചുമതല നൽകും. വിവിധ ഉപസമിതികളുടെ കീഴിൽ വരുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്തു ചെയ്യാനുള്ള എ.ഡി.എസുകളുടെ കഴിവ് വർധിപ്പിക്കുന്നിനാണ് ഊന്നൽ നൽകുക. രജിസ്റ്റ്റുകളും രേഖകളും വായ്പാ തിരിച്ചടവും കൃത്യമാക്കുക, സാമ്പത്തിക സുതാര്യത ഉറപ്പാക്കുക, അയൽക്കൂട്ട, എ.ഡി.എസ് തലത്തിലെ ഭരണ സമിതി, ഉപസമിതി, പൊതു യോഗം എന്നിവ സമയബന്ധിതമായി സംഘടിപ്പിക്കുക, എക്സ് ഒഫീഷേ്യാ പങ്കാളിത്തം ഉറപ്പാക്കുക, യോഗ നടപടികൾ പാലിക്കുക, സംയോജന ഇടപെടൽ സാധ്യമാക്കുക, അയൽക്കൂട്ട എ.ഡി.എസ് പരിധിയിലെ ഉപജീവന പ്രവർത്തനങ്ങളിൽ ആവശ്യമായ പിന്തുണകളും ഏകോപനവും ലഭ്യമാക്കുക എന്നിവയാണ് മെന്റ്റിങ്ങിലൂടെ ഉറപ്പാക്കേണ്ടത്. കമ്യൂണിറ്റി ഒാർഗനൈസർമാർ, എം.പി.പിമാർ എന്നിവരാണ് ഇവിടെ മെന്റർമാരായി പ്രവർത്തിക്കുന്നത്. ഇവർ മുഖേന എ.ഡി.എസുകൾക്ക് ആറ് മാസം പ്രതേ്യക പരിശീലനവും പിന്തുണകളും നൽകും.
വാർഡുതലത്തിലുള്ള അയൽക്കൂട്ടങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് രൂപീകരിച്ചിട്ടുള്ള സംവിധാനമാണ് ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി അഥവാ എ.ഡി.എസ്. ഇവയുടെ പ്രവർത്തനങ്ങൾ ശക്തമാകുന്നതോടെ കുടുംബശ്രീ പദ്ധതി പ്രവർത്തനങ്ങൾ ഏറ്റവും വേഗത്തിൽ താഴെ തട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
- 55 views