സംരംഭകരുടെ വരുമാന വര്‍ധനവിന് ജില്ലകള്‍ തോറും കുടുംബശ്രീയുടെ പൊതുസേവന കേന്ദ്രങ്ങള്‍

Posted on Monday, April 30, 2018

തിരുവനന്തപുരം: സംസ്ഥാനത്തെ കുടുംബശ്രീ സംരംഭ കൂട്ടായ്മയിലൂടെ ഗുണ നിലവാരമുള്ള ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിനും അതിന്‍റെ വിപണനത്തിലൂടെ സംരംഭകരുടെ സാമ്പത്തിക നിലവാരം ഉയര്‍ത്തുന്നതിനും ജില്ലാ അടിസ്ഥാനത്തില്‍ പൊതു സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് കുടുംബശ്രീ സംരംഭകരുടെ പൊതുസേവനത്തിനായി പന്ത്രണ്ട് ജില്ലകളില്‍ 19 പൊതു സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍  പുരോഗമിക്കുന്നു. പൊതുസേവന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള കെട്ടിടം അതത് തദ്ദേശ ഭരണ സ്ഥാപനം നല്‍കും. പദ്ധതിക്കായി കുടുംബശ്രീ 50 ലക്ഷം രൂപ വരെ ചെലവഴിക്കും. പദ്ധതിയുടെ 60 ശതമാനം തുക യന്ത്രസാമഗ്രികള്‍ വാങ്ങുന്നതിനും 15 ശതമാനം കെട്ടിടത്തിന്‍റെ പുനരുദ്ധാരണത്തിനും അറ്റകുറ്റ പണികള്‍ക്കും 15 ശതമാനം പരിശീലനത്തിനും പത്തു ശതമാനം ഉല്‍പന്നത്തിന്‍റെ ഡിസൈനിങ്ങ്, പായ്ക്കിങ്ങ് എന്നിവ മെച്ചപ്പെടുത്താനും മാര്‍ക്കറ്റിങ്ങിനുമാണ്.  

  ഒരേ തരത്തിലുള്ള ഉല്‍പന്നങ്ങളെ ക്ളസ്റ്റര്‍ ചെയ്ത് സംരംഭകരുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കുക എന്നതാണ് പൊതുസേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കുക വഴി പ്രധാനമായും ലക്ഷ്യമിടുന്നത്. പ്രധാനമായും അപ്പാരല്‍, ഭക്ഷ്യ ഉല്‍പന്നങ്ങള്‍, സിമന്‍റ് ബ്രിക്സ് തുടങ്ങിയ മേഖലകളിലെ ഉല്‍പാദനവും നിര്‍മാണവുമാണ് ലക്ഷ്യമിടുന്നത്. ഒരു പ്രദേശത്തെ സംരംഭകര്‍ക്ക് ഒരു കുടക്കീഴില്‍ ഉല്‍പന്ന നിര്‍മാണം, പായ്ക്കിങ്ങ, ഗുണമേന്‍മ ഉറപ്പാക്കല്‍ തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളും നടത്താവുന്ന തൊഴിലിടമായിട്ടായിരിക്കും പൊതുസേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം. സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സംരംഭകരെയും ജില്ലാ അടിസ്ഥാനത്തില്‍ കണ്ടെത്തി ആവശ്യമായ പിന്തുണ ലഭ്യമാക്കിക്കൊണ്ട് പൊതു സേവനകേന്ദ്രങ്ങള്‍ ആരംഭിക്കുക എന്നതാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഇവയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ 4525 കുടുംബശ്രീ വനിതകള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.

   ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരവും ന്യായവിലയുമുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതോടൊപ്പം സംരംഭകരുടെ സാമ്പത്തിക വര്‍ധനവ് ഉറപ്പാക്കുക, ഉല്‍പാദന ശേഷി വര്‍ധിപ്പിക്കുക, യൂണിറ്റുകള്‍ക്ക് ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനാവശ്യമായ പൊതുയന്ത്രങ്ങള്‍ സ്ഥാപിച്ച് പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുക എന്നതും പൊതു സേവന കേന്ദ്രങ്ങള്‍ വഴി കുടുംബശ്രീ ലക്ഷ്യമിടുന്നു. സംരംഭകര്‍ക്ക് ഉല്‍പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ കൂടുതല്‍ അളവില്‍  ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നതോടെ ഒരു പ്രദേശത്തു നിന്ന് വന്‍തോതില്‍ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ കഴിയും.

  ഇതിനാവശ്യമായ മികച്ച സാങ്കേതിക ക്ഷമതയുള്ള യന്ത്രങ്ങള്‍ തനിച്ചു വാങ്ങാന്‍ കഴിയാത്ത സംരംഭകര്‍ക്ക് ഇത്തരം യന്ത്രങ്ങള്‍ പൊതു സേവന കേന്ദ്രങ്ങളില്‍ ലഭ്യമാക്കുന്നതോടെ കൂടുതല്‍ അളവില്‍ ഉല്‍പാദനം നടത്താന്‍ കഴിയും. അതോടൊപ്പം മികച്ച സാങ്കേതിക സഹായവും ലഭിക്കും.

  പൊതുസേവന കേന്ദ്രങ്ങള്‍ വഴി അസംസ്കൃത വസ്തുക്കള്‍ ഒരുമിച്ചു വാങ്ങുന്നതു കൊണ്ട് ഉല്‍പാദന ചെലവു കുറയ്ക്കാന്‍ കഴിയുമെന്നതും നേട്ടമാണ്. ഭക്ഷ്യ ഉല്‍പന്നങ്ങള്‍ തയ്യാറാക്കുന്ന കേന്ദ്രങ്ങളില്‍ ഉല്‍പന്നം പരിശോധിക്കുന്നതിനുള്ള ലാബ് സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്. ഈ രംഗത്ത് മികച്ച  പ്രഫഷണലുകളുടെ മേല്‍നോട്ടവും മാര്‍ഗനിര്‍ദേശവും ഉറപ്പാക്കാനും സാധിക്കുന്നതു വഴി മികച്ച രീതിയിലുളള മാര്‍ക്കറ്റിങ്ങ് സംവിധാനവും ഒരുക്കാന്‍ കഴിയും. കൂടാതെ ഉല്‍പന്നത്തിന്‍റെ വിപണനത്തിലും പൊതുവായ മാനദണ്ഡം(കോമണ്‍ പ്രോട്ടോകോള്‍) ഉറപ്പു വരുത്തും. പൊതുവായ പായ്ക്കിങ്ങ്, മാര്‍ക്കറ്റിങ്ങ്, ബ്രാന്‍ഡിങ്ങ് എന്നിവ ലഭ്യമാക്കുന്നതോടൊപ്പം  കുടുംബശ്രീ ഉല്‍പന്നങ്ങള്‍ സ്ഥിര വിപണനത്തിന് ലഭ്യമാക്കുക എന്നതിന് പ്രത്യേക ഊന്നല്‍ നല്‍കും. മേല്‍നോട്ട ചുമതല അതത് ജില്ലാ മിഷന്‍ അധികൃതര്‍ക്കാണ്.

 

ഡി.ഡി.യു.ജി.കെ.വൈ: കുടുംബശ്രീക്ക് തുടര്‍ച്ചയായ രണ്ടാം തവണയും ദേശീയ പുരസ്കാരം

Posted on Saturday, April 28, 2018

തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ നിര്‍ധനരായ യുവതീയുവാക്കള്‍ക്ക് തൊഴില്‍ പരിശീലനത്തോടൊപ്പം തൊഴിലും നല്‍കുന്ന കേന്ദ്രാവിഷ്കൃത പദ്ധതി ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡിഡിയുജികെവൈ) സംസ്ഥാനത്ത് മികച്ച രീതിയില്‍ നടപ്പാക്കിയതിന് കുടുംബശ്രീക്ക് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ പുരസ്കാരം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുമായി ബന്ധപ്പെട്ട മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ഗ്രാമീണ മേഖലയിലെ 10663 ഓളം യുവജനങ്ങള്‍ക്ക് സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനവും ജോലിയും ലഭ്യമാക്കിയതിനാണ് അവാര്‍ഡ്.

    ശില്‍പവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്കാരം മെയ് അഞ്ചിന്  ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍  നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. ഈ രംഗത്ത മികച്ച പ്രവര്‍ത്തനത്തിന് കഴിഞ്ഞ വര്‍ഷവും കുടുംബശ്രീക്ക് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ഈ വര്‍ഷം 30,000 പേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഓരോ വര്‍ഷവുമുള്ള ഗുണഭോക്താക്കളുടെ എണ്ണം, പരിശീലനം നേടിയവര്‍ക്ക് ഉറപ്പാക്കിയ തൊഴില്‍ ലഭ്യത, വിവിധ പരിശീലന ഏജന്‍സികളുമായി ധാരണാപത്രം ഒപ്പു വയ്ക്കല്‍, മൈഗ്രേഷന്‍ സപ്പോര്‍ട്ട്, പദ്ധതി ഊര്‍ജിതപ്പെടുത്തുന്നതിനായി നൂതന സാങ്കേതിക വിദ്യകളുടെയും വിവര സാങ്കേതിക വിദ്യയുടെയും ഉപയോഗം, പദ്ധതി ഗുണഭോക്താക്കള്‍ക്ക് ആത്മവിശ്വാസം വളര്‍ത്താന്‍ ഉപകരിക്കുന്ന ബഹുമുഖ വിദ്യാഭ്യാസ പരിപാടികള്‍ എന്നിവ ഉള്‍പ്പെടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളുടെ വിലയിരുത്തല്‍, പുരസ്കാര നിര്‍ണയ കമ്മിറ്റക്കു മുമ്പാകെയുള്ള പ്രവര്‍ത്തനങ്ങളുടെ അവതരണം എന്നിവയാണ് പുരസ്കാരം നിര്‍ണയത്തിനായി സ്വീകരിച്ച മാനദണ്ഡങ്ങള്‍.

    ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിലും കൂടാതെ എല്ലാ കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇപ്പോള്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. പരിശീലനാര്‍ത്ഥികള്‍ക്കു നല്‍കുന്ന മികച്ച അടിസ്ഥാന ഭൗതിക സാഹചര്യങ്ങള്‍, നൂതനവും വൈവിധ്യമുളളതുമായ കോഴ്സുകള്‍, കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ അംഗീകാരമുള്ള എന്‍.സി.വി.ടി, എസ്.എസ്.സി സര്‍ട്ടിഫിക്കറ്റുകള്‍, നടത്തിപ്പിലെ സൂക്ഷ്മത എന്നിവയും പുരസ്കാര നിര്‍ണയത്തിനു പരിഗണിച്ചിരുന്നു.  

   2014ലാണ് ഗ്രാമീണ മേഖലയിലെ നിര്‍ദ്ധനരായ യുവജനങ്ങള്‍ക്ക് തൊഴില്‍ വൈദഗ്ധ്യ പരിശീലനവും തൊഴിലും നല്‍കി ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതി ആരംഭിച്ചത്. സാമ്പത്തിക പ്രയാസങ്ങള്‍ കാരണം തൊഴില്‍ പഠനം മുടങ്ങിയവര്‍ക്കും പഠിക്കാന്‍ നിവൃത്തിയില്ലാത്തവര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് പദ്ധതിയുടെ രൂപകല്‍പന. പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ ഏറെ പേര്‍ക്കും ടാലി, ബി.പി.ഓ, റീട്ടെയ്ല്‍, ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്നീ മേഖലകളിലാണ് ജോലി ലഭിച്ചിട്ടുള്ളത്. കൂടാതെ ഇന്‍ഫോസിസ്, പി.ആര്‍.എസ്, ഡെന്റ്‌കെയര്‍, ഏയ്ജീസ്, കിറ്റെക്സ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലും ജോലി ലഭിച്ചവര്‍ ഏറെയാണ്. ജോലി നേടിക്കഴിഞ്ഞാലും തുടര്‍ പരിശീലനത്തിനും കൂടുതല്‍ മെച്ചപ്പെട്ട ജോലി ലഭിക്കുന്നതിനുമുള്ള പിന്തുണ ഉറപ്പാക്കുന്നതിനും പദ്ധതിയില്‍ അവസരമുണ്ട്.

    ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും സംയുക്താഭിമുഖ്യത്തിലാണ് കുടുംബശ്രീ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. ഗുണഭോക്താക്കളുടെ അഭിരുചിക്കും യോഗ്യതയ്ക്കും അനുസരിച്ചാണ് വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്നത്.  

 

    

 

'ഹര്‍ഷം' ഹാപ്പിനെസ് റീഡിഫൈന്‍ഡ്: വയോജന പരിചരണ മേഖലയിലേക്ക് 1000 കുടുംബശ്രീ വനിതകള്‍

Posted on Saturday, April 28, 2018

തിരുവനന്തപുരം: പരിചരിക്കാന്‍ ആരുമില്ലാത്തവര്‍ക്ക് സാന്ത്വനം ഉറപ്പാക്കി കുടുംബശ്രീ വയോജന പരിചരണ മേഖലയിലേക്ക് കടക്കുന്നു. വയോജനങ്ങള്‍ക്ക് അവര്‍ക്കാവശ്യമുള്ള പരിചരണം അവശ്യസമയത്ത് ഉറപ്പാക്കുക  എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 'ഹര്‍ഷം' ഹാപ്പിനെസ് റീഡിഫൈന്‍ഡ് എന്ന ടാഗ് ലൈനുമായി ആവിഷ്ക്കരിക്കുന്ന പുതിയ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സംഘടനാ സംവിധാനത്തില്‍ നിന്നും തിരഞ്ഞെടുത്ത 90 പേര്‍ക്ക്  ഈ മാസം 30ന്  15 ദിവസത്തെ റെസഡന്‍ഷ്യല്‍ പരിശീലനം ആരംഭിക്കും.  കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലാണ് പരിശീലനം.

Harsham logo

ഈ രംഗത്തെ സേവനദാതക്കളായ ഹാപ് (ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍), ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ളാനിങ്ങ് ആന്‍ഡ് പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുമായി ചേര്‍ന്നാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. കേരള അക്കാഡമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍. ഈ വര്‍ഷം ആയിരം വനിതകള്‍ക്ക് വയോജന പരിചരണ മേഖലയില്‍ പരിശീലനം നല്‍കി അവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്നതാണ് കുടുംബശ്രീയുടെ ലക്ഷ്യം. സൂക്ഷ്മ സംരംഭ മാതൃകയിലായിരിക്കും ഇവരുടെ പ്രവര്‍ത്തനം. ഇതിനായി  55 വയസില്‍  താഴെ പ്രായമുള്ള മികച്ച ശാരീരിക ക്ഷമതയും സേവന തല്‍പരതയും തൊഴിലിനോട് ആഭിമുഖ്യവുമുള്ള പരിശീലനാര്‍ത്ഥികളെയാണ് പരിഗണിക്കുന്നത്. അതത് ജില്ലകളിലെ ജില്ലാമിഷന്‍ അധികൃതരുടെ നേതൃത്വത്തിലായിരിക്കും ഇവരെ തിരഞ്ഞെടുക്കുക.  ആദ്യഘട്ടത്തില്‍ 30 പേര്‍ വീതമുള്ള രണ്ടു ബാച്ചുകളായിട്ടാണ് പരിശീലനം നല്‍കുക.  പിന്നീട് മറ്റു ജില്ലകളിലും പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും.  

   ഉപഭോക്താക്കള്‍ക്ക് കോള്‍  സെന്‍ററുകള്‍ വഴിയോ 24 മണിക്കൂറും ഓണ്‍ലൈനായോ 'ഹര്‍ഷം' പദ്ധതിയുടെ സേവനം ഉറപ്പു വരുത്താന്‍ കഴിയും. സേവന കാലാവധിക്ക് ആനുപാതികമായാണ് വേതനം നിശ്ചയിക്കുക. ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് സേവനദാതാക്കള്‍ വീട്ടിലെത്തി പരിചരണം ഉറപ്പാക്കും. ഉപഭോക്താവിനെ സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍  ശേഖരിച്ച ശേഷമായിരിക്കും കുടുംബശ്രീയുടെ സേവനം ലഭ്യമാക്കുക. ഇതിനായി അതത് സി.ഡി.എസ് -എ,ഡി.എസ് പ്രവര്‍ത്തകരുടെ സഹായവും ഉറപ്പു വരുത്തും.

    കേരളത്തെ വയോജന സൗഹൃദമാക്കി മാറ്റുക എന്നതു ലക്ഷ്യമിട്ട് സര്‍ക്കാര്‍ നിരവധി വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍  നടപ്പാക്കുന്നതിന്‍റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് പരിചരണ പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിലെ മുഖ്യ വിഭാഗമായ വാര്‍ധക്യ പരിചരണത്തിലൂടെ കിടപ്പു രോഗികള്‍ക്ക് സേവനം ലഭിക്കുന്നുണ്ട്. എന്നാല്‍ ഈ മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തകരുടെയും  ജീവനക്കാരുടെയും എണ്ണത്തിലുളള കുറവ് മൂലം ആവശ്യക്കാര്‍ക്ക് യഥാസമയം ആവശ്യാനുസരണമുള്ള പരിചരണം ലഭ്യമാക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. കുടുംബശ്രീയുടെ ഹര്‍ഷം പദ്ധതി വഴി  പരിശീലനം ലഭിച്ച കൂടുതല്‍ സേവനദാതാക്കള്‍ ഈ മേഖലയിലേക്ക് എത്തുന്നതോടെ ഇപ്രകാരം ബുദ്ധിമുട്ടനുഭവിക്കുന്ന കിടപ്പു രോഗികള്‍ക്കും വിവിധ കാരണങ്ങളാല്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന വൃദ്ധര്‍ക്കും അത് ഏറെ സഹായകരമാകും. ഇതിനായി ഓരോ ജില്ലയിലും നൂറില്‍ കുറയാത്ത സേവന ദാതാക്കള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകള്‍ രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം  വാര്‍ധക്യ പരിചരണം ആവശ്യമായവരെ സംബന്ധിച്ച വിവരങ്ങളും കുടുംബശ്രീ ശേഖരിക്കുന്നുണ്ട.

അഗതി കുടുംബങ്ങളിലെ 96 കുട്ടികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും നല്‍കി കുടുംബശ്രീ

Posted on Thursday, April 26, 2018

തിരുവനന്തപുരം: കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതി ദീന്‍ ദയല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന(ഡി.ഡി.യു.ജി.കെ.വൈ)യിലൂടെ സംസ്ഥാനത്തെ അഗതി കുടുംബങ്ങളിലെ  96 കുട്ടികള്‍ക്ക് തൊഴില്‍ ലഭിച്ചു.  കുടുംബങ്ങളിലെ ദാരിദ്ര്യം ഇല്ലാതാക്കുന്നതിനും അവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിന്‍റെയും ഭാഗമായാണ് ഈ വീടുകളിലെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട നൈപുണ്യ പരിശീലവും തൊഴിലും നല്‍കി വരുമാനം ലഭ്യമാക്കുന്നതിനുള്ള കുടുംബശ്രീയുടെ ഊര്‍ജിത ശ്രമങ്ങള്‍. ഈ വര്‍ഷം ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബങ്ങളിലെ 2000 കുട്ടികള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. ആശ്രയ ഗുണഭോക്താക്കളുടെ കുടുംബങ്ങള്‍ക്ക് സാമൂഹ്യ പരിരക്ഷ ഉറപ്പാക്കുന്നതിന്‍റെ കൂടി ഭാഗമായാണ് നൈപുണ്യ പരിശീലനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍.

ഗ്രാമീണമേഖലയിലെ നിര്‍ധന യുവതീയുവാക്കള്‍ക്ക് സൗജന്യതൊഴില്‍ പരിശീലനവും തൊഴിലും ഉറപ്പാക്കുന്നതാണ് പദ്ധതി. തദ്ദേശ സ്ഥാപനങ്ങളുടെ പക്കലുള്ള ആശ്രയ കുടുംബങ്ങളുടെ പട്ടികയില്‍ നിന്നാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള 132 പരിശീലനാര്‍ത്ഥികളെ തിരഞ്ഞെടുത്തത്. കൂടാതെ കടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തില്‍ ആശ്രയ കുടുംബങ്ങള്‍ നേരിട്ടു സന്ദര്‍ശിച്ചും ഏറ്റവും അര്‍ഹരമായ ഗുണഭോക്താക്കളെ കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് ഡി.ഡി.യു.ജി.കെ.വൈയുടെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധ തൊഴില്‍ പരിശീലന കേന്ദ്രങ്ങളില്‍ സൗജന്യ പരിശീലനം നല്‍കി. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കെല്ലാം വിവിധ സ്ഥാപനങ്ങളില്‍ മാന്യമായ വേതനത്തോടെ ജോലി ഉറപ്പാക്കിയിട്ടുണ്ട്.  

പട്ടികവര്‍ഗ മേഖലയിലെ നിര്‍ധനരായ യുവതീയുവാക്കള്‍ക്കും മികച്ച നൈപുണ്യ പരിശീലനം ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി അട്ടപ്പാടിയില്‍ പ്രത്യേക കേന്ദ്രം ഇവര്‍ക്കായി തുറന്നിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പട്ടികവര്‍ഗത്തില്‍ പെട്ട 282 പേര്‍ക്ക് ഹെല്‍ത്ത് കെയര്‍, ബാങ്കിങ്ങ് ആന്‍ഡ് അക്കൗണ്ടിങ്ങ്, റീട്ടെയ്ല്‍ മാനേജ്മെന്‍റ്,  ഡെന്‍റല്‍ സെറാമിക് ടെക്നീഷ്യന്‍, ഹോസ്പിറ്റാലിറ്റി, ബി.പി.ഓ എന്നീ മേഖലകളില്‍ പരിശീലനം നല്‍കിയിരുന്നു. ഇതില്‍ 142 പേര്‍ക്ക് ജോലി ലഭ്യമാക്കാന്‍ കുടുംബശ്രീക്കു കഴിഞ്ഞു. ഈ സാമ്പത്തിക വര്‍ഷം 1000 പേര്‍ക്ക് പരിശീലനം നല്‍കാനാണ് ലക്ഷ്യം.   

പിഎംഎവൈ-ലൈഫ് പദ്ധതി: കേരളത്തിലെ നഗരങ്ങളില്‍ സ്വന്തം ഭൂമിയുള്ള ഭവനരഹിതര്‍ക്കെല്ലാം വീടുകള്‍ നിര്‍മ്മിക്കാന്‍ അനുമതി

Posted on Tuesday, April 24, 2018

തിരുവനന്തപുരം:  'എല്ലാവര്‍ക്കും ഭവനം' എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ-നഗരം) പദ്ധതിയുടെ ഭാഗമായി കേരളത്തിലെ നഗരങ്ങളില്‍ ഭൂമിയുള്ള എല്ലാ ഭവനരഹിതര്‍ക്കും വീടു നിര്‍മിച്ചു നല്‍കാന്‍ കേന്ദ്രാനുമതി ലഭിച്ചു. ലൈഫ് പദ്ധതിയുടെ ഭാഗമായി പി.എം.എ.വൈ(നഗരം) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീടു നിര്‍മിച്ചു നല്‍കുന്നത്. ഇതു പ്രകാരം സംസ്ഥാനത്ത് 82487 ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പി.എം.എ.വൈ-ലൈഫ് പദ്ധതിയുടെ കേരളത്തിലെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്.

 പി.എം.എ.വൈ-ലൈഫ് പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 32 നഗരസഭകളിലായി 5073 വീടുകള്‍ കൂടി നിര്‍മിക്കാന്‍ 203 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 26ന് ഡല്‍ഹിയില്‍ നടന്ന കേന്ദ്ര സാങ്ക്ഷനിങ് ആന്‍ഡ് മോണിറ്ററിങ് സമിതിയാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. ഇതോടെ കേരളത്തിലെ 93 നഗരസഭകളില്‍ സ്വന്തമായി സ്ഥലമുള്ള ഏല്ലാവര്‍ക്കും വീടുകളാകും. 82,487 ഗുണഭോക്താക്കളുടെ വീടുകള്‍ക്കുള്ള അനുമതിയാണ് ആകെ ലഭ്യമായത്. ഇതിനായി 2525 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് നിലവില്‍ 2023 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. 23891 വീടുകളുടെ നിര്‍മാണം നടന്നു വരികയാണ്.  

ലൈഫ് പദ്ധതിയുടെ ഭാഗമായി പി.എം.എ.വൈ (നഗരം) പദ്ധതി പ്രകാരം നഗരപ്രദേശങ്ങളില്‍ സ്ഥലമുള്ള ഭവനരഹിതര്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കുന്നതിനുള്ള ധനസഹായം ലൈഫ് പദ്ധതിയുടെ യൂണിറ്റ് നിരക്കു പ്രകാരം നാലുലക്ഷം രൂപയായി ഉയര്‍ത്തിക്കൊണ്ട് കഴിഞ്ഞ ഫെബ്രുവരി 28ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം 2017 ഏപ്രില്‍ ഒന്നിനു ശേഷം പദ്ധതിയുമായി ബന്ധപ്പെട്ട് കരാര്‍ വച്ച എല്ലാ ഗുണഭോക്താക്കള്‍ക്കും മുന്‍കാല പ്രാബല്യത്തോടെ നാലു ലക്ഷം രൂപ വീതം ധനസഹായം ലഭിക്കും. ഇത് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഭവനനിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഏറെ സഹായകമാകും. ധനസഹായമായ നാലു ലക്ഷം രൂപയില്‍ ഒന്നരലക്ഷം രൂപ കേന്ദ്രം നല്‍കും. ശേഷിച്ച തുകയില്‍ 50,000 രൂപ സംസ്ഥാന വിഹിതവും  രണ്ടു ലക്ഷം രൂപ നഗരസഭാ വിഹിതവുമാണ്. ഗുണഭോക്തൃ വിഹിതം നല്‍കേണ്ടതില്ല എന്നതും ഗുണഭോക്താക്കള്‍ക്ക് സഹായകരമാണ്.

  ചേരിവികസനം, ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി, അഫോര്‍ബിള്‍ ഹൗസിങ്ങ് സ്കീം,  വ്യക്തിഗത നിര്‍മാണം എന്നീ നാല് വ്യത്യസ്ത ഘടകങ്ങള്‍ സംയോജിപ്പിച്ചു കൊണ്ടാണ് ഗുണഭോക്തൃ കേന്ദ്രീകൃത ഭവനിര്‍മാണം എന്ന ഘടകത്തിലുള്ള ഈ പദ്ധതി നടപ്പാക്കുന്നത.്

 

കുടുംബശ്രീ അര്‍ബന്‍ സര്‍വീസ് ടീം- ഹൗസ് കീപ്പിങ്, പ്ലംബിങ് തുടങ്ങി മൊബൈല്‍ സര്‍വീസ് വരെ ഇനി വിളിപ്പുറത്ത്‌

Posted on Monday, April 23, 2018

തിരുവനന്തപുരം: നഗരമേഖലയില്‍ താമസിക്കുന്നവരുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വിദഗ്ധ തൊഴിലാളികളുടെ സേവനം ഉറപ്പാക്കുന്ന കുടുംബശ്രീയുടെ അര്‍ബന്‍ സര്‍വീസ് ടീം ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുടുംബശ്രീ  മുഖേന സംസ്ഥാനത്തെ നഗരമേഖലയില്‍ നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം(എന്‍.യു.എല്‍.എം) പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലാമിഷന്‍റെ നേതൃത്വത്തിലാണ് അര്‍ബന്‍ സര്‍വീസ് ടീം രൂപീകരിച്ചിട്ടുള്ളത്. ജില്ലയിലെ മുട്ടടയില്‍ എന്‍.യു.എല്‍.എമ്മിന്‍റെ കീഴിലുളള നഗര ഉപജീവന കേന്ദ്രത്തിലാണ് ഇതിന്‍റെ പ്രവര്‍ത്തനം.   
 
ഹൗസ് കീപ്പിങ്ങ്, മെയ്സണ്‍, പ്ളംമ്പിങ്ങ്, ഇലക്ട്രീഷ്യന്‍, ടൈല്‍സ് വര്‍ക്കര്‍, ഗാര്‍ഡനിങ്ങ്, എ.സി.മെക്കാനിക്ക്, മൊബൈല്‍ സര്‍വീസിങ്ങ്, ബേബി സിറ്റിങ്ങ്, സി.സി.ടി.വി, ബ്യൂട്ടീഷന്‍ തുടങ്ങി നഗരമേഖലയില്‍ താമസിക്കുന്നവരുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള മികച്ച സംവിധാനമാണ് അര്‍ബന്‍ സര്‍വീസ് ടീം.  മുപ്പതു പേരാണ് ടീമിലുള്ളത്. ഇവര്‍ക്കെല്ലാം തിരിച്ചറിയല്‍ കാര്‍ഡും യൂണിഫോമും നല്‍കിയിട്ടുണ്ട്. തിരക്കേറിയ നഗരജീവിതത്തില്‍ ഇതു പോലുള്ള ജോലികള്‍ക്ക് വിദഗ്ധരും വിശ്വസ്തരുമായ തൊഴിലാളികളെ ലഭ്യമാക്കുന്നതിന് നിലവിലുള്ള ബുദ്ധിമുട്ടു പരിഹരിക്കുന്നതിനായാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ പുതിയ സംരംഭത്തിന്‍റെ തുടക്കം. 7012389423  എന്ന നമ്പറില്‍ വിളിച്ചാല്‍ ഇവരുടെ സേവനം ലഭ്യമാകും.  

പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ എന്‍.യു.എല്‍.എം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 140 ഓളം പേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കിയിരുന്നു. ഇവരില്‍ നിന്നും മുപ്പതു പേരെ ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ അര്‍ബന്‍ സര്‍വീസ് ടീം രൂപീകരിച്ചിട്ടുളളത്.  നഗരവാസികളുടെ വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ പരിഗണിച്ച് ഓരോ വിഭാഗത്തിലും അഞ്ചു മുതല്‍ പത്തുവരെ അംഗങ്ങളൂടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. 

കുടുംബശ്രീ 'സാന്ത്വനം' യൂണിറ്റുകള്‍ക്ക് മെഡിക്കല്‍ കിറ്റും യൂണിഫോമും വിതരണം ചെയ്തു

Posted on Saturday, April 21, 2018

തിരുവനന്തപുരം: സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുളള മുന്നൂറോളം സാന്ത്വനം യൂണിറ്റ് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ഏകദിനശില്‍പശാലയുടെ ഉദ്ഘാടനവും  'സാന്ത്വനം' സൂക്ഷ്മസംരംഭ ശൃഖലയിലേക്ക് പുതുതായി എത്തിയ സംരംഭകര്‍ക്കുളള മെഡിക്കല്‍ കിറ്റും യൂണിഫോം വിതരണവും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ നിര്‍വഹിച്ചു. 'ഹാപ്'(ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍)  സെക്രട്ടറി ഡോ.വിജയകുമാര്‍ അധ്യക്ഷത വഹിച്ചു.

കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'ഹാപ്' പരിശീലനം നല്‍കിയ 60 വനിതകളില്‍ പത്തു പേര്‍ക്കാണ് ബി.പി.അപ്പാരറ്റസ്, കൊളസ്ട്രോള്‍ മീറ്റര്‍, ബോഡി ഫാറ്റ് മോണിട്ടര്‍, ഷുഗര്‍ മീറ്റര്‍ എന്നിവയടക്കമുള്ള മെഡിക്കല്‍കിറ്റും യൂണിഫോമും ശില്‍പശാലയില്‍ വിതരണം ചെയ്തത്.

കുടുംബശ്രീയുടെ കീഴില്‍ സേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിഗത സൂക്ഷ്മസംരംഭങ്ങളാണ് സാന്ത്വനം യൂണിറ്റുകള്‍. ഹാപ് എന്ന സംഘടനയുമായി സഹകരിച്ചാണ് കുടുംബശ്രീ പദ്ധതി നടപ്പാക്കുന്നത്. ഈ യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് സംരംഭം മെച്ചപ്പെടുത്താന്‍ ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുക, പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്തുക, തൊഴിലുമായി ബന്ധപ്പെട്ട മേഖലയില്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ അവതരിപ്പിക്കുകയും അതിനു പരിഹാരം കണ്ടെത്തുകയും ചെയ്യുക  എന്നീ ലക്ഷ്യങ്ങളോടെയാണ് ശില്‍പശാല സംഘടിപ്പിച്ചത്.

പരിചരിക്കാന്‍ ആരുമില്ലാത്തവരും വിവിധ അസൗകര്യങ്ങളാല്‍ ആശുപത്രികളിലും മെഡിക്കല്‍ ലാബുകളിലും നേരിട്ടു പോയി ജീവിതശൈലീ രോഗ നിര്‍ണയം നടത്താന്‍ കഴിയാത്തതുമായ വ്യക്തികള്‍ക്ക് വീടുകളില്‍ ചെന്ന് രക്ത സമ്മര്‍ദം, പ്രമേഹം, കൊളസ്ട്രോള്‍, ബോഡി മാസ് ഇന്‍ഡക്സ് എന്നിവ പരിശോധിച്ച് മിതമായ നിരക്കില്‍ കൃത്യമായ പരിശോധനാ ഫലം നല്‍കുകയാണ് ഈ യൂണിറ്റുകള്‍ ചെയ്യുന്നത്. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടനഭവിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കും യാത്ര ചെയ്യാന്‍ പ്രയാസമുളളവര്‍ക്കും ഏറെ സഹായകരമാകുന്നതാണ് കുടുംബശ്രീയുടെ സാന്ത്വനം പദ്ധതി. സംസ്ഥാനത്താകെ ഇത്തരത്തില്‍ മുന്നൂറ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുടുംബശ്രീയും ഹാപ്പും സംയുക്തമായാണ് സാന്ത്വനം യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്നതിന്  വനിതകള്‍ക്കാവശ്യമായ പരിശീലനങ്ങള്‍ നല്‍കുന്നത്. 60 പേരുടെ പരിശീലനം പൂര്‍ത്തിയായി. സംരംഭം തുടങ്ങുന്ന വനിതകള്‍ക്ക് കുടുംബശ്രീ മുഖേന പരിശോധനാ ഉപകരണങ്ങള്‍, ടൂവീലര്‍ എന്നിവയടക്കം വാങ്ങാനുള്ള ബാങ്ക് വായ്പയും ലഭ്യമാക്കും.

ഡോ.വിജയകുമാര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പള്‍മണറി മെഡിസിന്‍ അസിസ്റ്റന്‍റ് പ്രഫസറും ഹാപ് ജോയിന്‍റ് സെക്രട്ടറിയുമായ ഡോ.സഞ്ജയ് നായര്‍, ഹരിത മിഷന്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ എന്‍.ജഗജീവന്‍ എന്നിവര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യൂണിറ്റ് അംഗങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. 'സാന്ത്വനം' സീനിയര്‍ പ്രോജക്ട് ഓഫീസര്‍ ഗോപകുമാര്‍.കെ, കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ അഖില എന്നിവര്‍ ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കി. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ നിരഞ്ജന എന്‍.എസ് കൃതജ്ഞത പറഞ്ഞു.