ആഘോഷമായി കമ്പളനാട്ടി

Posted on Friday, September 27, 2019

കുടുംബശ്രീ വയനാട് ജില്ലാ മിഷന്‍ തിരുനെല്ലി ആദിവാസി പ്രത്യേക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കമ്പളനാട്ടി പരിപാടി നാടിനാകെ ആഘോഷമായി. പുതിയൂര്‍ പാടത്ത് ഞാറ് നട്ട് വയനാട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സാജിത പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൂടാതെ പണിയ, അടിയ, കാട്ടുനായ്ക്ക ആദിവാസി വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന്‍റെ ഉദ്ഘാടനവും ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്‍റ് മായാദേവി അധ്യക്ഷയായി. അന്യം നിന്ന് പോകുന്ന നെല്ലിനങ്ങള്‍ തിരുനെല്ലിയിലെ 120 ഏക്കര്‍ പാടത്ത് കൃഷി ചെയ്യും. പഞ്ചായത്തില്‍ പുതുതായി 53 കൃഷി സംഘങ്ങള്‍ (ജെഎല്‍ജി- ജോയ്ന്‍റ് ലയബിളിറ്റി ഗ്രൂപ്പ്) രൂപീകരിച്ചിരുന്നു.

  വയനാട്ടിലെ തിരുനെല്ലിയില്‍ ആദിവാസികള്‍ കൂടുതലായി അധിവസിക്കുന്ന മേഖലയ്ക്കായി ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്‍റെ ഭാഗമായായാണ് തിരുനെല്ലി പ്രത്യേക പദ്ധതി നടപ്പാക്കുന്നത്. ഇവിടെ പ്രത്യേക ശ്രദ്ധ പതിപ്പിച്ച് സുസ്ഥിര വികസനം ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. അട്ടപ്പാടി ആദിവാസി പ്രത്യേക പദ്ധതിയുടെ മാതൃകയില്‍ കേരളത്തില്‍ ആദിവാസികള്‍ കൂടുതലായി അധിവസിക്കുന്ന മേഖലകളിലേക്ക് ഇത്തരത്തിലുള്ള പദ്ധതികള്‍ വ്യാപിപ്പിച്ച് വരികയാണ്. സ്ത്രീകള്‍ ഉള്‍പ്പെടുന്ന ശക്തമായ സാമൂഹ്യ സംവിധാനങ്ങള്‍ കെട്ടിപ്പെടുത്ത് സാമ്പത്തികവും സാമൂഹികവുമായ വികാസം ഉറപ്പുവരുത്തുകയാണ് ഇത്തരത്തിലുള്ള പദ്ധതികള്‍ ചെയ്യുന്നത്. ലഘുസമ്പാദ്യം, സുസ്ഥിര ഉപജീവനമാര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെടാനുള്ള അവസരം നല്‍കി അവരുടെ സാമൂഹ്യ സ്ഥിതി മെച്ചപ്പെടുത്തുകയാണ് ചെയ്യുക.

 

Content highlight
വയനാട്ടിലെ തിരുനെല്ലിയില്‍ ആദിവാസികള്‍ കൂടുതലായി അധിവസിക്കുന്ന മേഖലയ്ക്കായി ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്‍റെ ഭാഗമായായാണ് തിരുനെല്ലി പ്രത്യേക പദ്ധതി നടപ്പാക്കുന്നത്

ഓണംവാരാഘോഷം 2019; സമാപനഘോഷയാത്ര, താരമായി കുടുംബശ്രീ നിശ്ചലദൃശ്യം ഫ്ളോട്ട്

Posted on Friday, September 27, 2019

ഓണംവാരാഘോഷ സമാപന ഘോഷയാത്രയില്‍ ശ്രദ്ധ നേടി കുടുംബശ്രീയുടെ ഫ്ളോട്ടും. സ്ത്രീശാക്തീകരണത്തിന്‍റെ കരുത്ത് തെളിയിക്കുന്ന ഫ്ളോട്ടായിരുന്നു സമാപനഘോഷയാത്രയില്‍ കുടുംബശ്രീ ഒരുക്കിയത്. എറൈസ് മള്‍ട്ടി ടാസ്ക് സംഘത്തിന്‍റെയും വനിതാ കെട്ടിട നിര്‍മ്മാണ യൂണിറ്റിന്‍റെയും നേട്ടങ്ങള്‍ കാണികളിലേക്ക് എത്തിക്കുന്ന തരത്തിലായിരുന്നു ഈ നിശ്ചലദൃശ്യം. കെട്ടിട നിര്‍മ്മാണ സംഘങ്ങള്‍ക്കും എറൈസ് ടീമുനമായുള്ള പ്രത്യേകം പ്രത്യേകം യൂണിഫോമുകള്‍ അണഞ്ഞ വനിതകാളാണ് ഫ്ളോട്ടിലുണ്ടായിരുന്നത്.

  നിര്‍മ്മാണ മേഖലയിലെ പെണ്‍കരുത്തായി കുടുംബശ്രീ വനിതാ കെട്ടിട നിര്‍മ്മാണ യൂണിറ്റുകള്‍, ഇലക്ട്രിക്, പ്ലംബിങ് ജോലികള്‍ക്ക് കുടുംബശ്രീ മള്‍ട്ടി ടാസ്ക് ടീം എന്നതായിരുന്നു ഈ നിശ്ചലദൃശ്യത്തിന്‍റെ സന്ദേശം. 2018 ഓഗസ്റ്റില്‍  നേരിട്ട പ്രളയത്തിന് ശേഷം കേരളത്തിന്‍റെ തിരിച്ചുവരവിന് കുടുംബശ്രീ നടത്തുന്ന സാമൂഹ്യ ഇടപെടലുകളില്‍ കേന്ദ്രീകരിച്ചായിരുന്നു ഈ ഫ്ളോട്ട് ഒരുക്കിയത്. ആലപ്പുഴ ജില്ലയിലെ പരിശീലന സംഘമായ എക്സാഥാണ് നിശ്ചലദൃശ്യം അണിയിച്ചൊരുക്കിയത്. സമൂഹത്തിനോട് കുടുംബശ്രീ അയല്‍ക്കൂട്ട വനിതകള്‍ക്കുള്ള സ്നേഹവും കരുതലും ഉത്തരവാദിത്തവും വെളിവാക്കിയ ഈ ഫ്ളോട്ട് കാണികളുടെ മനസ്സില്‍ ഏറെ ആകാംക്ഷ നിറച്ചു.

  ഭാവിയില്‍ കെട്ടിട നിര്‍മ്മാണ മേഖലയില്‍ വിദഗ്ധരായ തൊഴിലാളികളുടെ അഭാവമുണ്ടാകുന്നത് മുന്‍കൂട്ടി കണ്ടാണ് കുടുംബശ്രീ കെട്ടിട നിര്‍മ്മാണ സംഘങ്ങളെന്ന ആശയത്തിന് രൂപം നല്‍കിയത്. ദരിദ്രര്‍ക്കും ഭവനരഹിതര്‍ക്കും വേണ്ടി സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്ന പല ഭവന നിര്‍മ്മാണ പദ്ധതികളിലും ഇവരുടെ സേവനം ഉപയോഗിക്കാനാകുമെന്ന കണക്കുകൂട്ടലും ഇതിന് പിന്നിലുണ്ടായി. വിവിധ ജില്ലകളിലായി നിര്‍മ്മാണ മേഖലയില്‍ കുടുംബശ്രീ വനിതകള്‍ക്ക് പരിശീലനം നല്‍കുകയും നിര്‍മ്മാണ സംഘങ്ങള്‍ രൂപീകരിക്കുകയും ചെയ്തു.

   2018ലെ പ്രളയത്തിന് ശേഷം ജീവനോപാധികള്‍ നഷ്ടമായവര്‍ക്ക് പുതിയ ഉപജീവന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി നല്‍കാനുള്ള ചുമതല സര്‍ക്കാര്‍ കുടുംബശ്രീയെ ഏല്‍പ്പിച്ചിരുന്നു. ഇതിനായി രൂപം നല്‍കിയ പദ്ധതിയാണ് എറൈസ് (അരൂൗശൃശിഴ ഞലശെഹശലിരല മിറ കറലിശേ്യേ വേൃീൗഴവ ടൗമെേശിമയഹല ഋാുഹീ്യാലിേ)). പദ്ധതിയിലൂടെ ഇലക്ട്രിക്കല്‍ വര്‍ക്ക്, ഇലക്ട്രോണിക്സ് റിപ്പയറിങ്, പ്ലംബിങ് എന്നീ മേഖലകളില്‍ പരിശീലനം ലഭിച്ചവര്‍ ഉള്‍പ്പെടുന്ന മള്‍ട്ടി ടാസ്ക് ടീമുകള്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. 2019ലെ പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച വീടുകള്‍, പൊതു ഇടങ്ങള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ നടത്താനുള്ള ചുമതല എറൈസ് ടീമുകളെ ഏല്‍പ്പിക്കാമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരുന്നു.

 

 

Content highlight
2018ലെ പ്രളയത്തിന് ശേഷം ജീവനോപാധികള്‍ നഷ്ടമായവര്‍ക്ക് പുതിയ ഉപജീവന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി നല്‍കാനുള്ള ചുമതല സര്‍ക്കാര്‍ കുടുംബശ്രീയെ ഏല്‍പ്പിച്ചിരുന്നു.

നെഹ്റു ട്രോഫിയില്‍ അഭിമാനമായി കുടുംബശ്രീ വനിതകള്‍

Posted on Friday, September 27, 2019

ആലപ്പുഴയിലെ പുന്നമടക്കായലില്‍ നടന്ന നെഹ്റു ട്രോഫി വള്ളംകളിയില്‍ അഭിമാന നേട്ടം കൈവരിച്ച് കുടുംബശ്രീ വനിതകള്‍. നെഹ്റു ട്രോഫിയുടെ ചരിത്രത്തില്‍ ആദ്യമായാണ് കുടുംബശ്രീ വനിതകള്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്. ഓഗസ്റ്റ് 31ന് നടന്ന മത്സരത്തില്‍ തെക്കനോടി വിഭാഗത്തിലെ രണ്ടാം സ്ഥാനവും കുടുംബശ്രീ ടീം തുഴഞ്ഞ കാട്ടില്‍ തെക്കേതില്‍ വള്ളം കരസ്ഥമാക്കി.

  കുടുംബശ്രീ നടത്തുന്ന സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വള്ളം കളിയില്‍ പങ്കെടുക്കണമെന്ന തീരുമാനം കൈക്കൊണ്ടത്.  കന്നി ശ്രമത്തില്‍ തന്നെ രണ്ടാം സ്ഥാനം നേടാന്‍ കുട്ടനാട്ടിലെ കുടുംബശ്രീ വീട്ടമ്മമാര്‍ക്ക് സാധിച്ചു!. കേരള പോലീസ് ടീമിനാണ് ഒന്നാം സ്ഥാനം. ദേവാസ് വള്ളം തുഴഞ്ഞ പുത്തൂരാന്‍ ബോട്ട് ക്ലബ്ബ് വനിതാ ടീം മൂന്നാം സ്ഥാനവും നേടി.

  വള്ളംകളിയില്‍ പങ്കെടുക്കണമെന്ന തീരുമാനം കുട്ടനാട്ടിലെ കുടുംബശ്രീ അംഗങ്ങളെ അറിയിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. 84 പേരാണ് തുഴയെറിയാനുള്ള തെരഞ്ഞെടുപ്പില്‍ പങ്കാളികളാകാന്‍ മുന്നോട്ടുവന്നത്. രണ്ട് ദിവസം നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ശേഷം 36 പേരെ കുടുംബശ്രീയെ പ്രതിനിധീകരിക്കാന്‍ തെരഞ്ഞെടുത്തു. 35 വയസ്സ് മുതല്‍ 67 വയസ്സ് വരെ പ്രായുള്ളവര്‍ ടീമിലുണ്ടായിരുന്നു. ഇവര്‍ ജൂലൈ 25 മുതല്‍ എല്ലാ ദിവസം 5 മണിക്കൂര്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടു. ഓഗസ്റ്റ് 6,7 തിയതികളില്‍ നെഹ്റു ട്രോഫി വള്ളം കളി നടക്കുന്ന ട്രാക്കില്‍ തന്നെയും പരിശീലനം നല്‍കി. ആലപ്പുഴ ജില്ലാ മിഷന്‍ ജെന്‍ഡര്‍ വിഭാഗം പ്രോഗ്രാം മാനേജര്‍ പി. സുനിതയായിരുന്നു ടീം ക്യാപ്റ്റന്‍.

 

 

Content highlight
കുടുംബശ്രീ നടത്തുന്ന സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വള്ളം കളിയില്‍ പങ്കെടുക്കണമെന്ന തീരുമാനം കൈക്കൊണ്ടത്.

വയോജന അയല്‍ക്കൂട്ട രൂപീകരണത്തിലൂടെ സാമൂഹ്യ സുരക്ഷാ മേഖലയില്‍ മുന്നേറ്റം: കുടുംബശ്രീക്ക് സ്കൊച്ച് (SKOCH) ഓര്‍ഡര്‍ ഓഫ് മെറിറ്റ് അവാര്‍ഡ്

Posted on Monday, September 16, 2019

തിരുവനന്തപുരം: സംസ്ഥാനത്ത് വയോജന അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുകയും അതിലൂടെ സാമൂഹ്യ സുരക്ഷാ മേഖലയില്‍ ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചതിനും കുടുംബശ്രീക്ക് ഈ വര്‍ഷത്തെ സ്കൊച്ച് (ടഗഛഇഒ)ഓര്‍ഡര്‍ ഓഫ് മെറിറ്റ് അവാര്‍ഡ് ലഭിച്ചു. അയല്‍ക്കൂട്ട രൂപീകരണം വഴി വയോജനങ്ങള്‍ക്കായി കൂട്ടായ്മകള്‍ സൃഷ്ടിക്കാനും അവരുടെ ആവശ്യങ്ങളും ആശയങ്ങളും പങ്കുവയ്ക്കാനുള്ള ഏറ്റവും അനുയോജ്യമായ ഒരിടമായി വയോജന അയല്‍ക്കൂട്ട വേദികളെ  മാറ്റുന്നതിനും സാധിച്ചതിനാണ് കുടുംബശ്രീക്ക്    അവാര്‍ഡ്. ന്യൂഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ളബ് ഓഫ് ഇന്ത്യ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കുടുംബശ്രീക്കു വേണ്ടി  സ്റ്റേറ്റ് സീനിയര്‍ കണ്‍സള്‍ട്ടന്‍റ് അനീഷ്കുമാര്‍ എം.എസ് സ്കൊച്ച് ഡെവലപ്മെന്‍റ് ഫൗണ്ടേഷന്‍ സീനിയര്‍ ഡിസ്റ്റിങ്ങ്യുഷ്ഡ് ഫെല്ലോ നിര്‍മല്‍ ബെന്‍സാലില്‍ നിന്നു അവാര്‍ഡ് സ്വീകരിച്ചു. മെമന്‍റോയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്‍ഡ്.

രാജ്യമെമ്പാടു നിന്നും ലഭിച്ച ആയിരത്തിലേറെ എന്‍ട്രികളില്‍ നിന്നാണ് കുടുംബശ്രീയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. പ്രാഥമിക ഘട്ടത്തില്‍ വയോജന സംരക്ഷണത്തിനും അവരുടെ സാമൂഹ്യ ജീവിതം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന പദ്ധതി പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ വെബ്സൈറ്റില്‍ രേഖപ്പെടുത്തി. ഇതില്‍ നിന്നും മികവുറ്റ രീതിയില്‍ പദ്ധതി നടപ്പാക്കുന്നുവെന്ന് വിലയിരുത്തിയ അധികൃതര്‍ രണ്ടാം ഘട്ടത്തില്‍ ജൂറി പാനലിനു മുമ്പാകെ  പദ്ധതി അവതരിപ്പിക്കാന്‍ കുടുംബശ്രീയെ ക്ഷണിക്കുകയായിരുന്നു. ഈ രണ്ടു ഘട്ടങ്ങളിലും വിജയിച്ച പദ്ധതികള്‍ക്കായി വോട്ടു രേഖപ്പെടുത്തുന്നതിനുള്ള അവസരം പൊതു ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇപ്രകാരം വിവിധ ഘട്ടങ്ങളിലെ മികവിന്‍റെയും വോട്ടിന്‍റെയും അടിസ്ഥാനത്തിലാണ് കുടുംബശ്രീക്ക് അവാര്‍ഡ് നല്‍കിയത്.

കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം ശക്തമാക്കുന്നതിന്‍റെയും സാമൂഹ്യ സുരക്ഷാ മേഖലയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന്‍റെയും ഭാഗമായാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ വയോജന അയല്‍ക്കൂട്ട രൂപീകരണം ആരംഭിച്ചത്. നിലവില്‍ കുടുംബശ്രീയുടെ കീഴില്‍ 17189 വയോജന അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. ഇതില്‍ 2,08,063 പേര്‍ അംഗങ്ങളാണ്. ഇവരില്‍ താല്‍പര്യമുള്ളവര്‍ക്ക് കാര്‍ഷിക-സൂക്ഷ്മ സംരംഭ മേഖലയില്‍ വിവിധ വരുമാനദായക സംരംഭങ്ങള്‍ ആരംഭിച്ച് മാന്യമായ വരുമാനം നേടുന്നതിനു കുടുംബശ്രീ സഹായിക്കുന്നുണ്ട്. നിലവില്‍ 276 സൂക്ഷ്മസംരംഭങ്ങളും ഇവരുടേതായിട്ടുണ്ട്.

ഭരണ നിര്‍വഹണം, ഫിനാന്‍സ്, ബാങ്കിങ്ങ്, ടെക്നോളജി, കോര്‍പ്പറേറ്റ് സിറ്റിസണ്‍ഷിപ്, ഇക്കണോമിക്സ് എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രശംസനീയമായ മാതൃകകള്‍ കാഴ്ച വയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കാണ്  സ്കൊച്ച് അവാര്‍ഡ് നല്‍കുന്നത്. 2018 ലും കുടുംബശ്രീയുടെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് ഏഴ് സ്കൊച്ച് അവാര്‍ഡുകള്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന പദ്ധതിക്ക് സ്കൊച്ച് കോര്‍പ്പറേറ്റ് എക്സലന്‍സ് അവാര്‍ഡും ആറ് സ്കൊച്ച് ഓര്‍ഡര്‍ ഓഫ് മെറിറ്റ് അവാര്‍ഡുകളും ലഭിച്ചിരുന്നു. ഇതുകൂടാതെ നാല്‍പത്തിമൂന്ന് ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ക്ക് കാര്യശേഷി വികസന പരിശീലനം നല്‍കിയ കുടുംബശ്രീ സ്കൂള്‍ പദ്ധതി, കുടുംബശ്രീ ഫെസിലിറ്റി മാനേജ്മെന്‍റ് സെന്‍റര്‍, ഹോംഷോപ്പ്, വനിതാ കെട്ടിട നിര്‍മാണ യൂണിറ്റുകള്‍, അമൃതം ന്യൂട്രിമിക്സ് എന്നിവയും രാജ്യത്തെ മികച്ച പദ്ധതികളായി തിരഞ്ഞെടുക്കപ്പെടുന്നതിനു യോഗ്യത നേടിയിരുന്നു.

Content highlight
നിലവില്‍ കുടുംബശ്രീയുടെ കീഴില്‍ 17189 വയോജന അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. ഇതില്‍ 2,08,063 പേര്‍ അംഗങ്ങളാണ്.

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് 'എറൈസ്' മള്‍ട്ടി ടാസ്ക് ടീമുകള്‍

Posted on Sunday, August 18, 2019

വീടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍  കുടുംബശ്രീയുടെഎറൈസ് ടീമിനെ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം : കാലവര്‍ഷക്കെടുതി മൂലം നാശനഷ്ടങ്ങളുണ്ടായ വീടുകള്‍ വാസയോഗ്യ മാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയുടെ 'എറൈസ്' മള്‍ട്ടി ടാസ്ക് ടീമുകള്‍ സജീവമാകുന്നു. 2018ലെ പ്രളയത്തിന് ശേഷം ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഉപജീവന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി നല്‍കുന്നത് ലക്ഷ്യമിട്ടാണ് കുടുംബശ്രീ എറൈസ് (അഞകടഋ അരൂൗശൃശിഴ ഞലശെഹശലിരല മിറ കറലിശേ്യേ വേൃീൗഴവ ടൗമെേശിമയഹല ഋാുഹീ്യാലിേ) എന്ന പരിശീലന പദ്ധതിക്ക് തുടക്കമിട്ടത്. ഏറ്റവും കൂടുതല്‍ തൊഴില്‍സാധ്യതയുണ്ടെന്ന് സര്‍വ്വേ മുഖേന കണ്ടെത്തിയ പ്ലംബിങ്, ഇലക്ട്രോണിക്സ് റിപ്പയറിങ്,  ഇലക്ട്രിക്കല്‍, ഡേ കെയര്‍, ഹൗസ് കീപ്പിങ് എന്നീ മേഖലകളില്‍ പരിശീലനം നല്‍കി മള്‍ട്ടി ടാസ്ക് ടീമുകള്‍ രൂപീകരിക്കുകയാണ് എറൈസ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. ഇതില്‍ പ്ലംബിങ്, ഇലക്ട്രോണിക്സ് റിപ്പയറിങ്, ഇലക്ട്രിക്കല്‍ മേഖലകളില്‍ പരിശീലനം നേടിയവരെ ഉള്‍പ്പെടുത്തി 60 പഞ്ചായത്തുകളി ലായി 90 മള്‍ട്ടി ടാസ്ക് ടീമുകള്‍ ഇതുവരെ രൂപീകരിച്ചു. ഈ ടീമുകളാണ് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജോലികള്‍ ചെയ്തു വരുന്നത്. ഓഗസ്റ്റ് 15 വരെയുള്ള കണക്കു കള്‍ അനുസരിച്ച് കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കോട്ടയം, എറണാകുളം, ആലപ്പുഴ എന്നീ എട്ട് ജില്ലകളിലായി 21 ടീമുകള്‍ 78 വീടുകള്‍/പൊതു ഓഫീ സുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ ചെയ്തുകഴിഞ്ഞു. കേടുപാടുകള്‍ സംഭവിച്ച സ്വിച്ച് ബോര്‍ഡ്, മോട്ടോര്‍, ഫ്രിഡ്ജും വാഷിങ് മെഷീനുമടക്കമുള്ള വീട്ടുപകരണങ്ങള്‍, വയ റിങ്...തുടങ്ങിയവയുടെ അറ്റകുറ്റപ്പണികളാണ് ചെയ്തുവരുന്നത്.  

  അറ്റകുറ്റപ്പണികള്‍ക്കായി എറൈസ് ടീമുകളെ ഉപയോഗിക്കാമെന്ന ഉത്തരവ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കിയിരുന്നു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ പ്രത്യേക അഭ്യര്‍ത്ഥന അനുസരിച്ചാണ് ഈ ഉത്തരവുണ്ടായത്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍, ശ്രീകണ്ഠപരം, ചെങ്ങളായ്, വയനാട് ജില്ലയിലെ പുല്‍പ്പള്ളി, തിരുനെല്ലി, മലപ്പുറം ജില്ലയിലെ പുളിക്കല്‍, ആലിപ്പറമ്പ്, പാലക്കാട് ജില്ലയിലെ കരിമ്പ, പറളി, കോഴി ക്കോട്ടെ ഒളവന, കോട്ടയത്തെ അയര്‍ക്കുന്നം, മണിമല, എറണാകുളത്തെ വാളകം, മൂവാറ്റുപുഴ, ആലപ്പുഴ നോര്‍ത്ത് പുന്നപ്ര എന്നിവിടങ്ങളിലാണ് എറൈസ് ടീമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഓരോ പഞ്ചായത്തിലും അറ്റകുറ്റപ്പണികള്‍ നടത്താനുള്ള ടീമുകളുടെ ലിസ്റ്റ് ജില്ലാമിഷന്‍ തയാറാക്കുകയും അത് ജില്ലാ കളക്ടര്‍ക്കും പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ക്കും കൈമാറുന്നു. ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ വഴി ഓരോ പഞ്ചായത്തിലും അറ്റകുറ്റപ്പണികള്‍ നടത്തേണ്ട വീടുകളുടെ പട്ടിക തയാറാക്കി അതനുസരിച്ചാണ് ടീം പ്രവര്‍ത്തനം നടത്തുന്നത്.

 ഒക്ടോബറില്‍ നടത്തിയ സര്‍വ്വേയ്ക്ക് ശേഷം 2018 ഡിസംബര്‍ മുതലാണ് എറൈസ് പരിശീലന പദ്ധതി ആരംഭിച്ചത്. വിവിധ തൊഴില്‍ മേഖലകളില്‍ കുടുംബശ്രീ എംപാനല്‍ ചെയ്ത 35 ഏജന്‍സികള്‍ വഴിയാണ് ഓരോ ജില്ലയിലും പരിശീലനം നല്‍കി വരുന്നത്. ഇലക്ട്രോണിക്സ് റിപ്പയറിങ്, ഇലക്ട്രിക്കല്‍ വര്‍ക്ക്, പ്ലംബിങ് മേഖലകളില്‍ പരിശീലനം നേടിയവരെ ചേര്‍ത്ത് തയാറാക്കിയ മള്‍ട്ടി ടാസ്ക്ക് ടീമുകളുടെ സംസ്ഥാനതല സംഗമം ജൂലൈയില്‍ സംഘടിപ്പി ച്ചിരുന്നു. ചടങ്ങില്‍ ഇവര്‍ക്ക് പ്രത്യേക യൂണിഫോമും നല്‍കി. എറൈസ് ടെക്നീഷ്യന്‍ എന്ന പേരിലാണ് ടീം അംഗങ്ങള്‍ അറിയപ്പെടുന്നത്. ഭാവിയില്‍ ഇവര്‍ക്ക് റിപ്പയറിങ്ങിനുള്ള ടൂള്‍ കിറ്റും വാഹനം വാങ്ങാന്‍ പലിശ സബ്സിഡിയും നല്‍കാനും കുടുംബശ്രീ ലക്ഷ്യമിടുന്നു. കൂടുതല്‍ തൊഴില്‍ വൈദഗ്ധ്യം നേടുന്നതിനായി 400 മണിക്കൂറുള്ള തുടര്‍ പരിശീലനം നല്‍കുകയും ചെയ്യും. 22 ഗവണ്‍മെന്‍റ് ഐടിഐകളുമായി ഇതിന് കുടുംബശ്രീ ധാരണയി ലുമെത്തിയിട്ടുണ്ട്. ടീം അംഗങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കാനും ഈ വര്‍ഷം ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴില്‍ ഒരു മള്‍ട്ടി ടാസ്ക് ടീമെങ്കിലും രൂപീകരിക്കുകയും ചെയ്യാ നാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.

 

Content highlight
ഓഗസ്റ്റ് 15 വരെയുള്ള കണക്കു കള്‍ അനുസരിച്ച് കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കോട്ടയം, എറണാകുളം, ആലപ്പുഴ എന്നീ എട്ട് ജില്ലകളിലായി 21 ടീമുകള്‍ 78 വീടുകള്‍/പൊതു ഓഫീ സുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ ചെയ്തുകഴിഞ്ഞു