Kerala selected as best performing State during Swachh Survekshan Gramin 2019
- 41 views


* ഉപജീവന പ്രവര്‍ത്തനങ്ങള്‍ക്ക് 205 കോടി രൂപ
* പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 45 കോടി രൂപ
തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കുടുംബശ്രീ സമര്‍പ്പിച്ച 250 കോടി രൂപയുടെ വിശദമായ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. പ്രളയക്കെടുതികള്‍ അനുഭവിക്കേണ്ടി വന്ന രണ്ടു ലക്ഷം ആളുകള്‍ക്ക് ദുരിതാശ്വാസ സഹായം നല്‍കുക, 1.6 ലക്ഷം കുടുംബങ്ങള്‍ക്ക് പുതിയ ഉപജീവന മാര്‍ഗങ്ങള്‍ ലഭ്യമാക്കുക എന്നിവയ്ക്കായി സമര്‍പ്പിച്ച പദ്ധതിയ്ക്കാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഹൈലെവല്‍ എംപവേര്‍ഡ് കമ്മിറ്റി അംഗീകാരം നല്‍കിയത്. തുടര്‍ന്ന് ക്യാബിനറ്റ് അംഗീകാരത്തോടെ സര്‍ക്കാര്‍ ഉത്തരവ് (ജി.ഓ.നമ്പര്‍ 28/2019/ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ്, തീയതി 15/ 11/ 19) ലഭിച്ചു. തുക ലഭ്യമാകുന്ന മുറയ്ക്ക് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് കുടംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ അറിയിച്ചു.
250 കോടി രൂപയില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആകെ 45 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 10,000 സംഘക്കൃഷി ഗ്രൂപ്പുകള്‍ക്ക് ക്രൈസിസ് മാനേജ്മെന്‍റ് ഫണ്ട് നല്‍കാനും 25000 അയല്‍ക്കൂട്ടങ്ങള്‍ക്ക് വള്‍ണറബിലിറ്റി റിഡക്ഷന്‍ ഫണ്ട് നല്‍കുന്നതിനുമാണ് ഈ തുക ഉപയോഗിക്കുക. ഈ രണ്ടു പദ്ധതിയിലൂടെ രണ്ടു ലക്ഷം ആളുകള്‍ക്ക് സഹായമെത്തിക്കാന്‍ സാധിക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ഉപജീവന പദ്ധതികളില്‍ പതിനായിരം പേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കാനും അയ്യായിരത്തോളം ആളുകളെ ജോലിയുമായി ബന്ധപ്പെടുത്താനും എറൈസ് പദ്ധതി പ്രകാരം പതിനായിരത്തോളം പേര്‍ക്ക് ഇലക്ട്രിക്കല്‍, പ്ളംബിങ്ങ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കി ഗ്രൂപ്പുകള്‍ രൂപീകരിക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു.
കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി ബ്രീഡര്‍ ഫാമുകള്‍ സ്ഥാപിക്കുന്നതിനായി 22 കോടിയും മുട്ടയുടെ വാല്യൂ ചെയിന്‍ പദ്ധതിക്കായി എട്ടു കോടി രൂപയും പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും ഓരോ ബ്ളോക്കിലും സ്റ്റാര്‍ട്ടപ് വില്ലേജ് എന്‍റര്‍പ്രണര്‍ഷിപ് പ്രോഗ്രാം തുടങ്ങുന്നതിനായി 70 കോടി രൂപയും അറുനൂറു സി.ഡി.എസുകള്‍ക്ക് കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ വായ്പ നല്‍കുന്നതിനായി കമ്യൂണിറ്റി എന്‍റര്‍പ്രൈസ് ഫണ്ട് നല്‍കാനും തുക വകയിരുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: നിയമസഭാ മന്ദിരത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ രണ്ടു ദിവസത്തെ ആദിവാസി ഉല്‍പന്നങ്ങളുടെ പ്രദര്‍ശന വിപണന മേള 'ഗോത്രപ്പെരുമ-2019' ന് തുടക്കമായി. പട്ടികജാതി പട്ടികവര്‍പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി എ.കെ.ബാലന്‍റെ അധ്യക്ഷതയില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് സ്പീക്കറും മന്ത്രിയും ഒരുമിച്ച് മേള സന്ദര്‍ശിച്ചു. ഇവരെ കൂടാതെ മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, അഡ്വ.കെ.രാജു, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ,എം.എല്‍.എമാര്‍ നിയമസഭാ ഉദ്യോഗസ്ഥര്‍ എന്നിവരും മേള സന്ദര്‍ശിച്ചു.
നിയമസഭാ സമുച്ചയത്തിലെ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ എത്തിയതോടെ മേളയില്‍ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ തിരക്കായി. കുടംപുളി, കുരുമുളക്, ചെറുതേന്‍, കൂവപ്പൊടി, ചോളം, റാഗിപ്പൊടി, കാട്ടുതേന്‍, മഞ്ഞള്‍പ്പൊടി എന്നിവയ്ക്കായിരുന്നു ഏറെ ആവശ്യക്കാരെത്തിയത്. എള്ള്, കറുപ്പപ്പട്ട എന്നിവയും ഏറെ വിറ്റഴിഞ്ഞു. ഇടുക്കി ജില്ലയില്‍ നിന്നും ഉല്‍പന്നങ്ങളുമായി എത്തിയത് ഭാസ്ക്കരന്‍ കാണി, രാധാമണി എന്നിവരാണ്. അട്ടപ്പാടിയില്‍ നിന്നും മുരുഗി, തങ്കമണി തൃശൂരില്‍ നിന്നും പട്ടികവര്‍ഗ അനിമേറ്റര്‍മാരായ സുമിത, വില്‍സി എന്നിവരുമാണ് വിപണനത്തിനായി എത്തിയിട്ടുള്ളത്.
തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളിലെ ആദിവാസികള്‍ ഉല്‍പാദിപ്പിച്ച് ബ്രാന്‍ഡ് ചെയ്ത ഉല്‍പന്നങ്ങളും ഇവര്‍ കാട്ടില്‍ നിന്നു ശേഖരിക്കുന്ന വനവിഭവങ്ങളുമാണ് നിയമസഭാ സമുച്ചയത്തില്‍ പ്രദര്‍ശനത്തിനും വിപണനത്തിനുമായി എത്തിച്ചിട്ടുള്ളത്. പാലക്കാട് ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മൂവായിരത്തി ഇരുനൂറിലേറെ കര്‍ഷകരുണ്ട്. ഇരുള, കുറുമ്പ, മുഡുഗ വിഭാഗത്തില്‍ പെട്ടവരാണ് ഈ കര്‍ഷകര്‍. ഇവര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങളെല്ലാം 'ഹില്‍ വാല്യു' എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്തിട്ടുണ്ട്. 35 കര്‍ഷകരില്‍ നിന്നും ശേഖരിച്ച റാഗി, ചാമ, തിന, വരക്, കമ്പ്, ചോളം, ചോളപ്പൊടി, തേന്‍, കുന്തിരിക്കം, കുരുമുളക്, അമര, തുമര, കറുവപ്പട്ട, വാളന്‍പുളി, കുടംപുളി, കാപ്പിപ്പൊടി, എള്ള്, മഞ്ഞള്‍പ്പൊടി, ചോളം, കാന്താരി മുളക് എന്നീ ഉല്‍പന്നങ്ങളും മേളയില്‍ ലഭ്യമാണ്.
തൃശൂര്‍ ജില്ലയിലെ ആതിരപ്പിള്ളിയില്‍ കാടര്‍ വിഭാഗത്തില്‍ പെട്ടവര്‍ ഉല്‍പാദിപ്പിച്ച് 'കാനനം അതിരപ്പിള്ളി' എന്ന പേരില്‍ പുറത്തിറക്കുന്ന തേന്‍, കാപ്പിപ്പൊടി, കുരുമുളക് കൂടാതെ ഇടുക്കി ജില്ലയിലെ ഊരാളി വിഭാഗത്തില്‍ പെട്ടവര്‍ ഉല്‍പാദിപ്പിച്ച് 'കുറവന്‍ കുറത്തി' എന്ന ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന ഉല്‍പന്നങ്ങളായ തേന്‍, കൂവപ്പൊടി എന്നിവയും പ്രദര്‍ശന വിപണന മേളയിലുണ്ട്. 'കാനനം അതിരപ്പിള്ളി' ഉല്‍പന്നങ്ങളുടെ പായ്ക്കിങ്ങ് ബ്രാന്‍ഡിങ്ങ് എന്നിവയ്ക്ക് യു.എന്‍.ഡി. പിയുടെ സാങ്കേതിക പിന്തുണ ലഭിച്ചിരുന്നു. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന സ്റ്റാര്‍ട്ടപ് വില്ലേജ് എന്‍റര്‍പ്രണര്‍ഷിപ് പ്രോഗ്രാമിന്‍റെ (എസ്.വി.ഇ.പി) ഭാഗമായാണ് ഇടുക്കി ജില്ലയില്‍ പരമ്പരാഗത ആദിവാസി ഉല്‍പന്നങ്ങളുടെ ബ്രാന്‍ഡിങ്ങ് ഏര്‍പ്പെടുത്തിയത്.
രാവിലെ 8.30 മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് ഉല്‍പന്ന പ്രദര്‍ശന വിപണനം. നിയമസഭാ മന്ദിരത്തിലെ ജീവനക്കാര്‍ക്ക് ഗുണനിലവാരമുള്ള ആദിവാസി ഉല്‍പന്നങ്ങള്‍ പരിചയപ്പെടുന്നതിനും വാങ്ങുന്നതിനുമുളള മികച്ച അവസരമാണിത്. മേള ഇന്ന് (21-11-2019) അവസാനിക്കും. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാരായ ദത്തന്‍.സി.എസ്, നിരഞ്ജന എന്‍.എസ്, പ്രമോദ് കെ.വി, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാംമാനേജര്‍ ഐശ്വര്യ, ജിബി മാത്യു ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.
വയോജന സൗഹൃദ സമൂഹം എന്ന ആശയം മുനിര്‍ത്തി കുടുംബശ്രീയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷനും (കില) സംയുക്തമായി ദേശീയ ശില്‍പ്പശാല സംഘടിപ്പിച്ചു. തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ നവംബര്‍ 19, 20 തീയതികളിലായാണ് ദ്വിദിന ശില്‍പ്പശാല സംഘടിപ്പിച്ചത്. 19ന് നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് വയോജന ക്ഷേമം ഫലപ്രദമായി നടപ്പാക്കാന്‍ വിവിധ വകുപ്പുകള്‍ സംഘടനകള്‍, ഏജന്‍സികള്‍ എന്നിവ മുഖേന നല്കുന്ന എല്ലാ സേവനങ്ങളും ഏകോപിപ്പിച്ചു കൊണ്ട് പദ്ധതികള്‍ തയ്യാറാക്കണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു.
കേരളത്തിന് വ്യക്തമായ ഒരു വയോജന നയമുണ്ട്. ഇതില്‍ വിഭാവനം ചെയ്തിട്ടുള്ള വിധത്തില്‍ വയോജനങ്ങളുടെ ശാരീരിക മാനസിക സാമൂഹിക സുരക്ഷിതത്വം ഉറപ്പു വരുത്തി അന്തസോടെ ജീവിക്കാന്‍ പര്യാപ്തമാകുന്ന വിധത്തിലുള്ള ഭൗതിക സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ് വേണ്ടത്. വയോജനക്ഷേമം മുന്‍ നിര്‍ത്തി മിക്ക തദ്ദേശ സ്ഥാപനങ്ങളും തങ്ങളുടെ വാര്‍ഷിക കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. നിലവില്‍ നടപ്പാക്കി വരുന്ന പകല്‍വീട് അത്തരത്തില്‍ മികച്ച ഒരു മാതൃകയാണ്. ഇത്തരം പകല്‍വീടുകളില്‍ വയോജനങ്ങള്‍ക് അര്‍ഹമായ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നതിനും നിലവിലെ ദൗര്‍ബല്യങ്ങള്‍ കണ്ടെത്തി പരിഹരിച്ചുകൊണ്ട് ഏറ്റവും ഫലപ്രദമായ രീതിയിലുള്ള ഇടപെടലുകള്‍ കുടുംബശ്രീ വഴി നിര്‍വഹിക്കുന്നതിനും സാധിക്കണം. സാങ്കേതികരംഗത്ത് മികച്ച വൈദഗ്ധ്യ ശേഷിയുള്ള വയോജനങ്ങള്‍ സംസ്ഥാനത്തുണ്ട്. അവരുടെ കര്‍മശേഷിയും സേവനതല്‍പരതയും സമൂഹത്തിന്‍റെ ഗുണപരമായ പരിണാമത്തിനും വളര്‍ച്ചയ്ക്കും ഉപയോഗിക്കാന്‍ സാധിക്കണം. പൊതുസമൂഹത്തിന്‍റെ ജാഗ്രതയും കരുതലും അനിവാര്യമായ ഒന്നാണ് വയോജനങ്ങളുടെ സുരക്ഷ. നിലവില്‍ സമൂഹത്തില്‍ നിന്നും പലതരത്തിലുള്ള അതിക്രമങ്ങള്‍ക്കും വൃദ്ധര്‍ ഇരയാകേണ്ടി വരുന്ന സംഭവങ്ങളും ഉണ്ടാകുന്നു. അതുകൊണ്ടു തന്നെ വയോജനങ്ങളുടെ സുരക്ഷയ്ക്കും അതീവ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഇടപെടലുകള്‍ ഉള്‍ക്കൊള്ളുന്ന പദ്ധതികളാണ് വിഭാവനം ചെയ്തു നടപ്പാക്കേണ്ടത്. തദ്ദേശ സ്ഥാപനങ്ങള്‍ക്കും കുടുംബശ്രീ സംഘടനാ സംവിധാനത്തിനും ഇക്കാര്യത്തില്‍ ശ്രദ്ധേയവും മാതൃകാപരവുമായ രീതിയില്‍ പ്രവര്‍ത്തിക്കാനാകും. ഇനിയുമേറെ കാര്യങ്ങള്‍ സമൂഹത്തിനായി നിര്‍വഹിക്കാന്‍ കഴിയുമെന്നും അതിനുള്ള യുവത്വം വയോജനങ്ങള്‍ക്കുണ്ടെന്നും തെളിയിക്കാന്‍ കഴിയുന്ന സംസ്ഥാനമായി കേരളം മാറണമെന്നും അദ്ദേഹം വ്യക്തമാക്കി.
വയോജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യനീതിയില്‍ അധിഷ്ഠിതമാക്കുന്നതോടൊപ്പം ഇത്തരം സേവനങ്ങള്‍ വയോജനങ്ങളുടെ അവകാശമായി കാണുന്ന തലത്തിലേക്ക് ബന്ധപ്പെട്ട നയങ്ങളും പദ്ധതി പ്രവര്‍ത്തനങ്ങളും മാറണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ കില ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍ പറഞ്ഞു.
കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്‍ലൈസേഷന്‍ സി.ഇ.ഓ സജിത് സുകുമാരന്‍ സ്വാഗതം പറഞ്ഞു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐഎഎസ് സെമിനാറിന്‍റെ ആശയവും ലക്ഷ്യങ്ങളും വിശദമാക്കി. മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജന്‍ കോബ്രഗേഡ് ഡോ.പി.കെ.ബി നായര്‍ ഡോ.കെ.ആര്‍ ഗംഗാധരന്‍, ആസൂത്രണ ബോര്‍ഡ് അംഗം ഡോ.ബി.ഇക്ബാല്‍, ഡോ. ഇറുദയ രാജന്‍, മാത്യു ചെറിയാന്‍, ഡോ.ഗീതാ ഗോപാല്‍, ഡോ.അരവിന്ദ് കസ്തൂരി, ഡോ.എം.ആര്‍.രാജഗോപാല്‍, ഡോ.എസ്.ശിവരാജു, ഡോ.പി.വി ഉണ്ണിക്കൃഷ്ണന്‍, ഡോ.എം.അയ്യപ്പന്‍, ഹരിതമിഷന്‍ സ്റ്റേറ്റ് കണ്‍സള്‍ട്ടന്‍റ് എന്‍.ജഗജീവന്‍, ആനന്ദ് കുമാര്‍, ബി.ആര്‍.ബി പുത്രന്‍ എന്നിവര്‍ പ്രായാധിക്യവും അതുയര്‍ത്തുന്ന പ്രശ്നങ്ങളും, വാര്‍ദ്ധക്യ സംരക്ഷണത്തിലെ വെല്ലുവിളികള്‍, കെയര്‍ എക്കണോമി, സാമൂഹ്യനീതിയുടെ മാനങ്ങള്‍, വാര്‍ധക്യ സംരക്ഷണം-നയങ്ങളും നിയമവും തുടങ്ങി വിവിധ വിഷയങ്ങള്‍ സെമിനാറില്‍ അവതരിപ്പിച്ചു. മേയേഴ്സ് ചേമ്പര്‍ ചെയര്‍മാന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍സ് ചേമ്പര്‍ സെക്രട്ടറി സാബു.കെ ജേക്കബ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ.കെ. തുളസീ ബായ്, നെയ്യാറ്റിന്‍കര നഗരസഭാധ്യക്ഷ ഡബ്ളിയു.ആര്‍ ഹീബ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ പ്രമോദ് കെ.വി നന്ദി അറിയിച്ചു. സാമൂഹിക-രാഷ്ട്രീയ-വികസന-അക്കാദമിക് രംഗത്തെ വിദഗ്ധര്‍, ഗവേഷകര്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാര്‍, ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍മാര്‍, ബ്ളോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ജില്ലാ-ബ്ളോക്ക്-പഞ്ചായത്ത്തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
2019-20 വാര്‍ഷിക പദ്ധതി - ഡി.പി.സി, യോഗം-തൃശ്ശൂര്‍
തിരുവനന്തപുരം: വയോജന സൗഹൃദ സമൂഹം എന്ന ആശയത്തെ മുന്‍നിര്‍ത്തി കുടുംബശ്രീയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍-കിലയും സംയുക്തമായി ദേശീയ ദ്വിദിന ശില്‍പശാല സംഘടിപ്പിക്കുന്നു. ജനസംഖ്യാ പരിണാമത്തിന്‍റെ ഫലമായി വയോജനങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവിന്‍റെ പശ്ചാത്തലത്തില്‍ അവര്‍ക്ക് സുരക്ഷിതവും ആരോഗ്യപരവുമായ വാര്‍ധക്യകാല ജീവിതം ഉറപ്പാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കലാണ് ശില്‍പശാലയുടെ ലക്ഷ്യം. 19,20 തീയതികളില്‍ മാസ്കോട്ട് ഹോട്ടലിലാണ് ശില്‍പശാല സംഘടിപ്പിക്കുക.
നിലവില്‍ ഈ രംഗത്ത് പാലിയേറ്റീവ് കെയര്‍ അടക്കം നൂതനമായ നിരവധി പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ നിരവധി തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കുന്നുണ്ട്. ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് കുടുംബശ്രീയുടെയും കിലയുടെയും നേതൃത്വത്തില്‍ ശില്‍പശാല സംഘടിപ്പിക്കുന്നത്.
2011 ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്ത് പല ജില്ലകളിലും 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ 15 ശതമാനത്തിലേറെയാണ്. ഇതു പ്രകാരം 2026ല്‍ വയോജനങ്ങള്‍ ജനസംഖ്യയുടെ 18.3 ശതമാനം ആകുമെന്നാണ് കണക്കാക്കപ്പെടുന്നത്. വയോജനങ്ങളില്‍ തന്നെ 60-70നും ഇടയില്‍ പ്രായമുള്ളവര്‍, 70-80നും ഇടയില്‍ പ്രായമുള്ളവര്‍, 80 വയസ് കടന്നവര്‍, 90-100 വയസ് കടന്ന അതിവൃദ്ധര്‍ എന്നിങ്ങനെ വിവിധ പ്രായത്തില്‍ പെട്ടവരുണ്ട്. കൂടാതെ സാമൂഹ്യമായും സാമ്പത്തികമായും ഏറ്റവും പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്ന പട്ടികവര്‍ഗ മേഖലയിലുള്ള വയോജനങ്ങള്‍, അതീവ ദരിദ്രര്‍, അംഗപരിമിതര്‍, അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സന്‍ തുടങ്ങിയ വാര്‍ധക്യസഹജമായ വിവിധ രോഗങ്ങള്‍ കാരണം ദുരിതമനുഭവിക്കുന്നവര്‍, ഒറ്റപ്പെടല്‍, മാനസിക പ്രശ്നങ്ങള്‍ എന്നിവ കാരണം വിഷമതകള്‍ നേരിടുന്നവര്‍, വിധവകളായ വൃദ്ധര്‍, വൃദ്ധരായ കിടപ്പുരോഗികള്‍ ഇവരുടെയെല്ലാം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സമഗ്രവും വ്യത്യസ്തമായ മാര്‍ഗങ്ങളും സമീപനങ്ങളും രൂപീകരിക്കുകയാണ് ശില്‍പശാലയിലൂടെ ലക്ഷ്യമിടുന്നത്.
പ്രായാധിക്യവും അതുയര്‍ത്തുന്ന പ്രശ്നങ്ങളും, വാര്‍ദ്ധക്യ സംരക്ഷണത്തിലെ വെല്ലുവിളികള്‍, കെയര്‍ എക്കണോമി- സാമൂഹ്യനീതിയുടെ മാനങ്ങള്‍, വാര്‍ധക്യ സഹജ രോഗ പരിചരണവും അതിലെ വെല്ലുവിളികളും തുടങ്ങി മുതിര്‍ന്ന പൗരന്‍മാരും അവരുടെ കുടുംബാംഗങ്ങളും വീട്ടിലും സമൂഹത്തിലും നേരിടുന്ന ബഹുമുഖ പ്രശ്നങ്ങള്‍ക്ക് സ്ഥിരമായ പരിഹാരമാര്‍ഗങ്ങള്‍ എന്നിവ രണ്ടു ദിവസത്തെ ശില്‍പശാലയിലൂടെ ചര്‍ച്ച ചെയ്തു കണ്ടെത്തി അവതരിപ്പിക്കും.
ദേശീയ ശില്‍പശാല 19ന് രാവിലെ 10 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് രണ്ടു ദിവസങ്ങളിലായി നടക്കുന്ന വിവിധ സെഷനുകളില്‍ സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍, സാമൂഹ്യ-വികസന-അക്കാദമിക് രംഗത്തെ വിദഗ്ധര്‍ എന്നിവര്‍ പങ്കെടുക്കും. ശില്‍പശാലയിലൂടെ ഫീല്‍ഡ്തലത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ച പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച റിപ്പോര്‍ട്ട് ശില്‍പശാലയുടെ സമാപന സമ്മേളത്തില്‍ ആരോഗ്യ-സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ.ശൈലജയ്ക്ക് കൈമാറും.
2018 ഓഗസ്റ്റില്‍ കേരളം നേരിട്ട പ്രളയദുരിതത്തില്‍ നാശനഷ്ടം സംഭവിച്ച കുടുംബശ്രീ സംരംഭകര്‍ക്കും വനിതാ സംഘകൃഷി അംഗങ്ങള്‍ക്കുമുള്ള ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.സി. മൊയ്തീന്‍ നിര്‍വ്വഹിച്ചു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജില്‍ നവംബര്‍ എട്ടിന് നടന്ന ചടങ്ങിലാണ് സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയ, കുടുംബശ്രീയിലൂടെ നടപ്പാക്കുന്ന 75 കോടിയുടെ പ്രത്യേക ഉപജീവന പാക്കേജിന്റെ ഭാഗമായുള്ള ഈ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം നടന്നത്.
കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 2018ല്‍ ചെങ്ങന്നൂരില്‍ നടന്ന സരസ് മേളയെ പ്രളയം ബാധിച്ചിരുന്നു. അന്ന് മേളയില്‍ പങ്കെടുത്ത 253 സംരംഭകര്‍ക്ക് ആറ് കോടി രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചത്. കൂടാതെ കുടുംബശ്രീയുടെ 14,000 വനിതാ കൃഷി സംഘങ്ങളുടെ 25,000 ഹെക്ടര്‍ കൃഷി ഭൂമിയും പ്രളയത്തില്‍ മുങ്ങിപ്പോയിരുന്നു. ഏഴ് കോടി രൂപയാണ് ഈ കൃഷി സംഘങ്ങള്‍ക്കുണ്ടായ നഷ്ടം. അങ്ങനെ ആകെ 13 കോടി രൂപയുടെ ധനസഹായമാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുക.
പ്രളയദുരിതം നേരിട്ടവര്‍ക്ക് ആശ്വാസമേകുന്നതിനായി അയല്‍ക്കൂട്ടങ്ങള്‍ വഴി സംസ്ഥാന സര്‍ക്കാര്‍ വായ്പ അനുവദിച്ചിരുന്നു. റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീം എന്ന പേരിലാണ് ഈ ഗാര്‍ഹിക വായ്പ പദ്ധതി അവതരിപ്പിച്ചത്.
സജി ചെറിയാന്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ പദ്ധതി വിശദീകരണം നടത്തി. ചെങ്ങന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ. ഷിബുരാജന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. അജിത, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി. വേണു, ജെബിന്‍ പി. വര്‍ഗീസ്, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ വത്സമ്മ എബ്രഹാം. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. വിവേക്, നഗരസഭാ കൗണ്‍സിലര്‍ കെ. അനില്‍ കുമാര്‍, ചെങ്ങന്നൂര്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വി.കെ. സരോജിനി, ആലപ്പുഴ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജെ. പ്രശാന്ത് ബാബു എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ പി. സുനില്‍ നന്ദി രേഖപ്പെടുത്തി.
കോഴിക്കോട് ബീച്ചില്‍ ഉന്തുവണ്ടിയിലൂടെ ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാര്‍ക്ക് കോര്‍പ്പറേഷന്‍ ലൈസന്‍സ് നല്‍കി. കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി തെരുവു കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് 27 കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്‍കിയത്. കച്ചവടക്കാര്‍ക്കുള്ള ലൈസന്‍സുകളുടെ വിതരണം നവംബര്‍ നാലിന് കോഴിക്കോട് ബീച്ചില്‍ നടന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബീച്ച് റോഡിന്റെ അരികുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ തട്ടുകടകള്‍ കടലോരത്തുള്ള പ്രത്യേക മേഖലയിലേക്ക് മാറ്റുകയും ചെയ്തു. കേരളത്തില്‍ ഇതാദ്യമായാണ് ഇങ്ങനെ ഒരു പ്രത്യേക മേഖല തെരുവുകച്ചടവക്കാര്‍ക്കായി തയാറാക്കി നല്‍കുന്നത്.
ലൈസന്‍സ് നേടിയ ഉന്തുവണ്ടി കച്ചവടക്കാര്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ ശുചിത്വവും മറ്റ് നടപടികളും സംബന്ധിച്ച ബോധവത്ക്കരണവും നല്‍കിയിരുന്നു. നിലവാരമുള്ള ഭക്ഷണ, പാനീയ വില്‍പ്പന കേന്ദ്രം ബീച്ചില്‍ സജ്ജമാക്കുകയെന്ന ലക്ഷ്യവും ഇതിലൂടെ കൈവരിക്കാനാകും. തെരുവുകച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ലൈസന്‍സ് നല്‍കുന്നത്. ഭക്ഷണം തയാറാക്കുന്നതിനായുള്ള വെള്ളം ലഭ്യമാക്കുന്നതിനായി മൂന്ന് പൊതു ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിന്റെ സമീപത്തുള്ള കളക്ഷന്‍ സെന്ററില്‍ മാലിന്യം എത്തിച്ച് ഈ കച്ചവടക്കാര്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനവും നടത്തും.
പാലക്കാടിന്റെ മണ്ണില്‍ നവംബര്‍ 1 മുതല്‍ 3 വരെ നടന്ന കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങില്‍ കാസര്‍ഗോഡ് ജില്ല ഓവറോള്‍ ചാമ്പ്യന്‍മാര്‍. കലോത്സവത്തിന്റെ ആദ്യ ദിനം മുതല്‍ മുന്നേറ്റമാരംഭിച്ച കാസര്‍ഗോഡ് 128 പോയിന്റാണ് ആകെ സ്വന്തമാക്കിയത്. 98 പോയിന്റോടെ കണ്ണൂര്‍ രണ്ടാം സ്ഥാനത്തും 65 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമെത്തി. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് അരങ്ങില്‍ കാസര്‍ഗോഡ് ഓവറോള്‍ ചാമ്പ്യന്‍പട്ടം സ്വന്തമാക്കുന്നത്. നവംബര്‍ മൂന്നിന് വിക്ടോറിയ കോളേജില്‍ നടന്ന സമാപന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു.
14 ജില്ലകളില്‍ നിന്നുള്ള 1904 കുടുംബശ്രീ വനിതകളാണ് മൂന്ന് ദിനങ്ങളിലായി സംഘടിപ്പിച്ച കലോത്സവത്തില്‍ 34 ഇനം മത്സരങ്ങളില്‍ പങ്കാളികളായത്. ജൂനിയര്‍, സീനിയര്‍, പൊതുവിഭാഗങ്ങളിലായായിരുന്നു മത്സരങ്ങള്‍. മലയാള നോവല്‍ സാഹിത്യത്തിലെ പ്രമുഖ നായികാ കഥാപാത്രങ്ങളുടെ പേരുകള്‍ നല്‍കിയ വേദികളിലായിരുന്നു മത്സരങ്ങള്‍. കറുത്തമ്മ (വിക്ടോറിയ കോളേജ്, ഫൈന്‍ ആര്‍ട്സ് ഹാള്‍), ഇന്ദുലേഖ (ഗവണ്‍മെന്റ് മോയന്‍സ് എല്‍.പി. സ്‌കൂള്‍), സുഹറ (ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി, പാലക്കാട്), നാണി മിസ്ട്രസ് (വിക്ടോറിയ കോളേജ് ഓഡിറ്റോറിയം), സുമിത്ര (വിക്ടോറിയ കോളേജ് ഓഡിറ്റോറിയം) എന്നീ വേദികളിലും ശിങ്കാരിമേളം വേദി ചെമ്മരത്തിയിലും നാടകം, മൈം മത്സരങ്ങള്‍ ചെമ്പൈ മെമ്മോറിയല്‍ ഗവണ്മെന്റ് മ്യൂസിക് കോളേജ് വേദിയിലുമായാണ് നടന്നത്.
അയല്‍ക്കൂട്ട വനിതകളുടെ സര്‍വ്വതല സ്പര്‍ശിയായ വികാസം ലക്ഷ്യമിട്ട് കുടുംബശ്രീ നടത്തുന്ന പ്രധാന പരിപാടികളിലൊന്നാണ് അരങ്ങ് കലോത്സവം. സമാപന സമ്മേളനം മന്ത്രി എ.സി, മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ഷാഫി പറമ്പില്‍ എംഎല്‍എ അധ്യക്ഷനായി. എംഎല്‍എമാരായ കെ.വി. വിജയദാസ്, കെ. ബാബു എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സെയ്തലവി സ്വാഗതം ആശംസിച്ചപ്പോള്‍ കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ കെ.വി. പ്രമോദ് നന്ദി പറഞ്ഞു.
മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ആദരവ്
പാലക്കാട് ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെയും യൂണിറ്റുകളെയും അരങ്ങ് സമാപന വേദിയില്‍ പുരസ്‌ക്കാരം നല്‍കി ആദരിച്ചു. മന്ത്രി എ.സി. മൊയ്തീന്‍, എംഎല്‍എമാരായ ഷാഫി പറമ്പില്‍, കെ.വി. വിജയദാസ്, കെ. ബാബു എന്നിവര്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു. മികച്ച സിഡിഎസ് ശ്രീകൃഷ്ണപരുമാണ്, അഗളിയിലെ ചൈതന്യ കേറ്ററിങ് യൂണിറ്റിന് മികച്ച പട്ടികവര്‍ഗ്ഗ സംരംഭത്തിനുള്ള പുരസ്‌ക്കാരം ലഭിച്ചു. കുടുംബശ്രീയുമായി സഹകരിച്ച് മികച്ച പ്രവര്‍ത്തനം നടത്തിയ പുരസ്‌ക്കാരം കാനറാ ബാങ്കിനും മികച്ച പൊതു അയല്‍ക്കൂട്ടത്തിനുള്ള പുരസ്‌ക്കാരം മുണ്ടൂരിലെ പൂമ്പാറ്റ അയല്‍ക്കൂട്ടത്തിനും ലഭിച്ചു.
ആഘോഷയാത്ര
അരങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്നോടിയായി നവംബര്‍ 1 കേരളപ്പിറവി ദിനത്തില്‍ സംഘടിപ്പിച്ച സാംസ്‌ക്കാരിക ഘോഷയാത്രയില്‍ 2500ലേറെ അയല്‍ക്കൂട്ട വനിതകള്‍ പങ്കെടുത്തു. കോട്ടമൈതാനം അഞ്ചു വിളക്ക് പരിസരത്ത് നിന്നും വിക്ടോറിയ കോളേജിലേക്ക് സംഘടിപ്പിച്ച ഘോഷയാത്ര കുടുംബശ്രീ പ്രസ്ഥാനത്തിന്റെ കരുത്ത് വിളിച്ചോതുന്നതായിരുന്നു. കസവു സാരികളും വര്‍ണ്ണക്കുടകളും, കൊടിക്കൂറകളും, 21 വര്‍ഷത്തെ കുടുംബശ്രീയുടെ മുന്നേറ്റങ്ങള്‍ സൂചിപ്പിക്കുന്ന പ്ലക്കാര്‍ഡുകളും മാറ്റ് കൂട്ടിയ ഘോഷയാത്രയില്‍ മോഹിനിയാട്ടം, തെയ്യം, മയിലാട്ടം, പൊയ്ക്കാള, ഒപ്പന, പാലക്കാടിന്റെ തനത് കരിവേഷം, ദഫ് മുട്ട്, മാര്‍ഗ്ഗംകളി തുടങ്ങിയ കലാരൂപങ്ങളും അണിനിരന്നു.
വിക്ടോറിയ കോളേജിലെ പ്രധാന വേദിയായ കറുത്തമ്മയില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ അരങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. പാലക്കാട് എം.പി ശ്രീ വി.കെ ശ്രീകണ്ഠന്‍, കൂടിയാട്ട പ്രതിഭ പത്മശ്രീ ശിവന്‍ നമ്പൂതിരി, സാഹിത്യകാരന്‍ മുണ്ടൂര്‍ സേതുമാധവന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. സംഘാടകസമിതി ചെയര്‍മാന്‍ ഷാഫി പറമ്പില്‍ എംഎല്‍എ സ്വാഗതം ആശംസിച്ച ചടങ്ങില്‍ പാലക്കാട് ജില്ലാ കളക്ടര്‍ ശ്രീ. ബാലമുരളി ഐ.എ.എസ്, വിവിധ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, സാമൂഹിക സാംസ്‌കാകാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.