ആലപ്പുഴയിലെ പ്രളയബാധിതര്‍ക്കായുള്ള 121 വീടുകളുടെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു

Posted on Wednesday, February 12, 2020

പ്രളയബാധിതര്‍ക്കായി റാമോജി ഫിലിം സിറ്റിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിളിറ്റി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച 121 വീടുകളുടെ ഔദ്യോഗിക താക്കോല്‍ദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴയില്‍ നിര്‍വ്വഹിച്ചു. ഫെബ്രുവരി 9ന് ക്യാമലോട്ട്് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങിലാണ് കുടുംബശ്രീ കെട്ടിട നിര്‍മ്മാണ സംഘങ്ങള്‍ നിര്‍മ്മിച്ച ഈ വീടുകളുടെ താക്കോല്‍ദാനം നടന്നത്.  

  2018ല്‍ കേരളം നേരിട്ട പ്രളയ ദുരിതത്തില്‍ ഏറെ കെടുതികള്‍ സംഭവിച്ച ജില്ലയാണ് ആലപ്പുഴ. പ്രളയ പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലയില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കാന്‍ ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രശസ്ത സ്ഥാപനമായ രാമോജി ഫിലിം സിറ്റി മുന്നോട്ടുവന്നിരുന്നു. ആലപ്പുഴയിലെ മുന്‍ സബ് കളക്ടറായിരുന്ന ശ്രീ കൃഷ്ണതേജ ഐഎഎസ് മുന്‍കൈയെടുത്തു നടപ്പിലാക്കിയ 'ഐ ആം ഫോര്‍ ആലപ്പി' എന്ന പ്രോജക്ടിന്റെ ഭാഗമായാണ് ഈ പിന്തുണ ലഭിച്ചത്. 116 വീടുകള്‍ നിര്‍മ്മിക്കാന്‍ 7 കോടി രൂപയാണ് രാമോജി ഫിലിം സിറ്റി കേരള സര്‍ക്കാരിന് വാഗ്ദ്വാനം ചെയ്തത്. ഈ വീടുകള്‍ കുടുംബശ്രീ വഴി നിര്‍മ്മിക്കാമെന്നും നിര്‍മ്മാണ ചുമതല കുടുംബശ്രീ നിര്‍മ്മാണ ഗ്രൂപ്പുകളെ ഏല്‍പ്പിക്കാമെന്നും ബഹുമാനപ്പെട്ട മുഖ്യമന്ത്രി തീരുമാനം കൈക്കൊള്ളുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2019 ഏപ്രില്‍ മാസത്തില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറും രാമോജി ഫിലിം സിറ്റി അധികൃതരുമായി വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാറിലേര്‍പ്പെട്ടു.

116 വീടുകള്‍ 7 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുകയെന്നതായിരുന്നു കരാര്‍. ഒരു വീടിന് 6 ലക്ഷം രൂപ ചെലവ് വരും. എന്നാല്‍ ചെലവ് കുറച്ച് ലാഭിച്ച തുക കൊണ്ട് 5 വീടുകള്‍ കൂടി നിര്‍മ്മിക്കാന്‍ കുടുംബശ്രീ നിര്‍മ്മാണ സംഘങ്ങള്‍ക്ക് കഴിഞ്ഞു. കരാറില്‍ പറയുന്ന കാലയളവിന് മുന്‍പ് തന്നെ എട്ട് മാസത്തിനുള്ളില്‍ ആകെ 121 വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്തു. കുടുംബശ്രീയുടെ നിര്‍മ്മാണ പരിശീലനം ലഭിച്ച 215 കുടുംബശ്രീ വനിതകള്‍ ചേര്‍ന്നാണ് ഈ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ആകെ 43 നിര്‍മ്മാണ സംഘങ്ങള്‍ ഇതില്‍ പങ്കെടുത്തു.

  പ്രളയത്തില്‍ ദുരന്തം അനുഭവിച്ചവര്‍ക്ക് ആശ്വാസമായി വീടുകള്‍ ലഭിക്കുന്നു എന്നതിന് പുറമേ കുടുംബശ്രീയുടെ കരുത്തില്‍ സമയബന്ധിതമായി കുറഞ്ഞ ചെലവില്‍ ഈ വീടുകള്‍ നിര്‍മ്മിക്കാന്‍ സാധിച്ചുവെന്നതാണ് പ്രത്യേകത. കുടുംബശ്രീ നിര്‍മ്മാണ സംഘങ്ങളുടെ ചരിത്രത്തിലെ സുവര്‍ണ്ണ ഏടായി ഈ പ്രവര്‍ത്തനം മാറിക്കഴിഞ്ഞിരിക്കുകയാണ്.

 

 

Content highlight
കുടുംബശ്രീയുടെ നിര്‍മ്മാണ പരിശീലനം ലഭിച്ച 215 കുടുംബശ്രീ വനിതകള്‍ ചേര്‍ന്നാണ് ഈ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

2020-21 സംസ്ഥാന ബജറ്റ്, കുടുംബശ്രീയ്ക്ക് 1550 കോടി രൂപയുടെ പദ്ധതികള്‍

Posted on Wednesday, February 12, 2020

2020-21ലെ സാമ്പത്തികവര്‍ഷത്തിലേക്കുള്ള സംസ്ഥാന ബജറ്റില്‍ കുടുംബശ്രീയ്ക്ക് 1550 കോടിയുടെ പദ്ധതികള്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പ്രഖ്യാപിച്ചു. *ബജറ്റ് വിഹിതമായി 250 കോടി രൂപയും റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി ഉപജീവന സംരംഭങ്ങള്‍ക്കായി 200 കോടി രൂപയും ലഭിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ സംയോജന പദ്ധതികള്‍ വഴിയുള്ള ധനസഹായം കൂടി ഉള്‍പ്പെടെ ആകെ 600 കോടി രൂപയാണ് കുടുംബശ്രീയുടെ ബജറ്റ്*. ഇതിന് പുറമേ നഗരങ്ങളിലെ 950 ഓളം കോടി രൂപയുടെ കുടുംബശ്രീ വഴി നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ തുക കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ആകെ *1550 കോടി രൂപ* യുടേതാണ് ബജറ്റ്.

കുടുംബശ്രീ സംബന്ധിച്ച് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

1. അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് 3000 കോടി വായ്പ
2020-21 സാമ്പത്തികവര്‍ഷം 4 ശതമാനം പലിശയ്ക്ക് 3000 കോടി രൂപ ബാങ്ക് വായ്പ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ലഭ്യമാക്കും

2. വിശപ്പുരഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1000 ന്യായവില ഭക്ഷണശാലകള്‍ ആരംഭിക്കും, കുടുംബശ്രീ യൂണിറ്റുകള്‍ക്കാകും നടത്തിപ്പ് ചുമതല

3. എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജുകള്‍

4. 200 കേരള ചിക്കന്‍ ഔട്ട്ലെറ്റുകള്‍

5. ഹരിതകര്‍മ്മ സേനയുമായി സംയോജിച്ച് 1000 ഹരിത സംരംഭങ്ങള്‍

6. പ്രതിദിനം 30,000 രൂപ ടേണോവറുള്ള 50 ഹോട്ടലുകള്‍ കുടുംബശ്രീ വനിതകളുടേതായി ആരംഭിക്കും

7. 500 ടോയ്ലറ്റ് കോംപ്ലെക്സുകള്‍ ആരംഭിക്കും, ഇതിന്റെ നടത്തിപ്പ് കുടുംബശ്രീ യൂണിറ്റുകള്‍ക്കായിരിക്കും.

8. 5000 പുതിയ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കും.

9. ആലപ്പുഴ മാതൃകയില്‍ 14 ട്രൈബല്‍ മൈക്രോ പ്രോജക്ടുകള്‍.

10. 20,000 ഏക്കറില്‍ ജൈവ സംഘകൃഷി.

11. 500 ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകള്‍ കൂടി ആരംഭിക്കും.

12. കോഴിക്കോട് ഹോം ഷോപ്പ് മാതൃകയില്‍ എല്ലാ ജില്ലകളിലും ഹോം ഷോപ്പുകള്‍ ആരംഭിക്കും.

13. കുടുംബശ്രീ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം.

14. കുടുംബശ്രീ ചിട്ടികള്‍ ആരംഭിക്കും.

15. രണ്ടോ മൂന്നോ വാര്‍ഡുകള്‍ക്കായി പകല്‍വീടുകള്‍ ആരംഭിച്ച് കുടുംബശ്രീയുടെ 25,000 വയോജന അയല്‍ക്കൂട്ടങ്ങളെ ഈ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും

16. ബഡ്സ് സ്‌കൂളുകള്‍ക്ക് വേണ്ടി 35 കോടി രൂപ വകയിരുത്തി.

17. പ്രാദേശിക സംരംഭങ്ങളിലൂടെ പ്രതിവര്‍ഷം 1.5 ലക്ഷം പേര്‍ക്ക് കാര്‍ഷികേതര മേഖലയില്‍ തൊഴില്‍ നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി പദ്ധതി. ആയിരം പേര്‍ക്ക് ഒരാളിനെന്ന തോതില്‍ തൊഴിലുകള്‍ സൃഷ്ടിക്കും. ഇതില്‍ കുടുംബശ്രീയും പങ്കാളിയാകും.

ഇത് കൂടാതെ കുടുംബശ്രീയുടെ വികസന നേട്ടങ്ങളെക്കുറിച്ചും ബജറ്റില്‍ പരമാര്‍ശങ്ങളുണ്ടായി. സ്ത്രീയുടെ ദൃശ്യത ഉയര്‍ത്തുന്നതില്‍ കുടുംബശ്രീ വലിയ സംഭാവനയാണ് കേരളത്തിന് നല്‍കുന്നതെന്ന് ധനകാര്യമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ബജറ്റില്‍ പരമാര്‍ശിക്കപ്പെട്ട കുടുംബശ്രീയുടെ വികസന നേട്ടങ്ങള്‍ നിരവധിയാണ്.

കുടുംബശ്രീ അംഗങ്ങളുടെ എണ്ണം 40 ലക്ഷത്തില്‍ നിന്നും 45 ലക്ഷമായി ഉയര്‍ന്നു. ബാങ്ക് ലിങ്കേജ് വായ്പ 5,717 കോടി രൂപയില്‍ നിന്നും 10,499 കോടി രൂപയായി ഉയര്‍ന്നു. തൊഴില്‍ സംരംഭങ്ങളുടെ എണ്ണം 10,777 ല്‍ നിന്നും 23,453 ആയി ഉയര്‍ന്നു. കൃഷി ഗ്രൂപ്പുകളുടെ എണ്ണം 54,000ത്തില്‍ നിന്നും 68,000 ആയി ഉയര്‍ന്നു. 12 ഇനം സൂക്ഷ്മ സംരംഭങ്ങള്‍ക്ക് ബ്രാന്‍ഡ് അടിസ്ഥാനത്തിലുള്ള കേന്ദ്രീകൃത മാര്‍ക്കറ്റിങ് കൊണ്ടുവന്നു. കുട, നാളികേര ഉത്പന്നങ്ങള്‍, കറിപ്പൊടികള്‍ തുടങ്ങിയവ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ പൊതുവായ പേരില്‍ ഉത്പാദിപ്പിച്ച് സിവില്‍ സപ്ലൈസ് ഔട്ട്ലെറ്റുകള്‍ വഴി വില്‍ക്കുന്നതിന് കരാറുണ്ടാക്കി. കേരള ചിക്കന്‍ വിപണിയിലിറക്കി, 1000 കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ന്യൂട്രിമിക്സ് ബ്രാന്‍ഡില്‍ പൊതുപോഷക ഭക്ഷണങ്ങള്‍ വിപണിയിലെത്തിച്ചു. 212 കരകൗശല ഉത്പന്നങ്ങള്‍ ഓണ്‍ലൈനായി വിപണിയിലിറക്കി. 275 വനിതാ കെട്ടിട നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിച്ചു. 206 മള്‍ട്ടി ടാസ്‌ക് ടീമുകള്‍ രൂപീകരിച്ചു. 76 ഈവന്റ് മാനേജ്മെന്റ് ടീമുകള്‍ ആരംഭിച്ചു. 100ല്‍പ്പരം ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങള്‍ ആരംഭിച്ചു. 25,000 വയോജന അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചു. ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങള്‍ക്ക് വേണ്ടി സ്നേഹിത കോളിങ് ബെല്‍ സ്‌കീം ആരംഭിച്ചു തുടങ്ങിയ വികസന നേട്ടങ്ങള്‍ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി വിശദീകരിച്ചു.

 

Content highlight
ബജറ്റില്‍ പരമാര്‍ശിക്കപ്പെട്ട കുടുംബശ്രീയുടെ വികസന നേട്ടങ്ങള്‍ നിരവധിയാണ്.

ഡാര്‍ജിലിങ് സരസ് ഫെയറില്‍ മികച്ച പ്രകടനവുമായി കുടുംബശ്രീ യൂണിറ്റുകള്‍

Posted on Wednesday, February 12, 2020

പശ്ചിമ ബംഗാളിലെ സിലിഗുരിയിലുള്ള കാഞ്ചന്‍ജംഗ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മൂന്നാമത് ഡാര്‍ജിലിങ് സരസ് മേളയില്‍ മികച്ച നേട്ടം കൊയ്ത് കുടുംബശ്രീ യൂണിറ്റുകള്‍. ജനുവരി 22 മുതല്‍ ഫെബ്രുവരി 2 വരെ സംഘടിപ്പിച്ച മേളയില്‍ ബെസ്റ്റ് പെര്‍ഫോമിങ് സ്‌റ്റേറ്റ് അവാര്‍ഡ് കേരളത്തിന് വേണ്ടി കുടുംബശ്രീ സ്വന്തമാക്കി. ഇടുക്കിയില്‍ നിന്നുള്ള മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരായ (എംഇസി) അനിത ജോഷിയും സ്മിത ഷാജിയും അവാര്‍ഡ് ഏറ്റുവാങ്ങി. നാല് കുടുംബശ്രീ യൂണിറ്റുകളാണ് കേരളത്തെ പ്രതിനിധീകരിച്ച് ഡാര്‍ജിലിങ് സരസ്‌മേള 2020ല്‍ പങ്കെടുത്തത്. കുടുംബശ്രീ യൂണിറ്റുകളുടെ ഉത്പന്നങ്ങള്‍ക്ക് ഏറെ ആവശ്യക്കാരുമുണ്ടായിരുന്നു.

  കോഴിക്കോട്, ഇടുക്കി ജില്ലകളെ പ്രതിനിധീകരിച്ച് 2 വീതം എംഇസിമാരാണ് മേളയില്‍ പങ്കെടുത്തത്. ഇടുക്കിയില്‍ നിന്നുള്ള യൂണിറ്റ് കാപ്പിപ്പൊടിയും സുഗന്ധവ്യഞ്ജനങ്ങളുമാണ് ഒരുക്കിയിരുന്നത്. ഇരുമ്പ് സാമഗ്രികള്‍ നിര്‍മ്മിക്കുന്ന എറണാകുളത്ത് നിന്നുള്ള ഒരു യൂണിറ്റും മലപ്പുറത്ത് നിന്നുള്ള മറ്റൊരു യൂണിറ്റും മേളയില്‍ പഹ്‌കെടുത്തു. ഒഡീഷ സരസ്‌മേളയില്‍ മികച്ച പ്രകടനത്തിനുള്ള ബഹുമതി കുടംബശ്രീ കഫേ യൂണിറ്റും സ്വന്തമാക്കിയിരുന്നു. ഇന്ത്യയിലെ സമ്പന്നമായ സാംസ്‌ക്കാരിക വൈവിധ്യം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന വിധത്തിലായിരുന്നു സരസ് മേള സംഘടിപ്പിച്ചത്. ഇത് മുഖേന വിനോദ സഞ്ചാര സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ടിരുന്നു.

 

Content highlight
കോഴിക്കോട്, ഇടുക്കി ജില്ലകളെ പ്രതിനിധീകരിച്ച് 2 വീതം എംഇസിമാരാണ് മേളയില്‍ പങ്കെടുത്തത്. ഇടുക്കിയില്‍ നിന്നുള്ള യൂണിറ്റ് കാപ്പിപ്പൊടിയും സുഗന്ധവ്യഞ്ജനങ്ങളുമാണ് ഒരുക്കിയിരുന്നത്.

കുടുംബശ്രീ കര്‍ഷക സംഘങ്ങള്‍ക്ക് വായ്പ നബാര്‍ഡും ബാങ്ക് ഓഫ് ഇന്ത്യയുമായി കൈകോര്‍ത്ത് കുടുംബശ്രീ

Posted on Wednesday, February 12, 2020

*ധാരണാപത്രം ഒപ്പുവച്ചു

കുടുംബശ്രീയുടെ  3000 കൃഷി സംഘങ്ങള്‍ക്ക് കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നതിനാവശ്യമായ വായ്പ ലഭ്യമാക്കുന്നതിനായി ബാങ്ക് ഓഫ് ഇന്ത്യയും നബാര്‍ഡും കുടുംബശ്രീയും ഒരുമിക്കുന്നു.  കൃഷിയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും അതുവഴി കര്‍ഷകര്‍ക്ക് ഈ മേഖലയില്‍ നിന്നും മെച്ചപ്പെട്ട ഉപജീവന പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനുമാണിത്. കുടുംബശ്രീ എക്‌സ്‌ക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ ഐഎഎസ്, നബാര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജെ. സുരേഷ് കുമാര്‍,  ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി സോണല്‍ മാനേജര്‍ ജി. വിമല്‍ കുമാര്‍ എന്നിവര്‍ ഇതു സംബന്ധിച്ച ത്രികക്ഷി കരാര്‍ ഒപ്പു വച്ചു.

കുടുംബശ്രീയുടെ കീഴിലുള്ള 3000 കര്‍ഷക സംഘങ്ങളെ ഊര്‍ജ്ജിതമാക്കുന്നതിനാവശ്യമായ സാമ്പത്തിക പിന്തുണ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബശ്രീയും നബാര്‍ഡും വിശദമായ ചര്‍ച്ച നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് കുടുംബശ്രീ കര്‍ഷക സംഘങ്ങള്‍ക്ക് വലിയ തോതില്‍ ആശ്വാസം നല്‍കുന്ന പുതിയ തീരുമാനം കൈക്കൊണ്ടത്. കൃഷി ഇടങ്ങളുടെ വലിപ്പക്കുറവു മൂലം ലാഭകരമായി കൃഷി നടത്താന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് കൂട്ടു കൃഷി നടത്താനും അതിനായി പത്തു ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ ലഭ്യമാക്കുന്നതിനും സാധിക്കും. നിലവില്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കര്‍ഷക സംഘങ്ങള്‍ക്കും പാട്ടക്കരാര്‍ സമര്‍പ്പിക്കാതെ തന്നെ വായ്പ ലഭ്യമാക്കുന്നതിനും അവസരമൊരുങ്ങും. ബാങ്ക് ഓഫ് ഇന്ത്യയാണ് കര്‍ഷക സംഘങ്ങള്‍ക്ക് വായ്പ നല്‍കുക. ഇങ്ങനെ വായ്പ ലഭിക്കുന്ന ഗ്രൂപ്പുകളുടെ കൃത്യമായ തിരിച്ചടവിന്റെ അടിസ്ഥാനത്തില്‍  ഒരു ഗ്രൂപ്പിന് 2000 രൂപ വീതം നബാര്‍ഡ് കുടുംബശ്രീക്ക് പ്രമോഷണല്‍ ഇന്‍സെന്റീവും നല്‍കും.

നിലവിലെ കൃഷി കൂടുതല്‍ ഊര്‍ജിതവും കാര്യക്ഷമവുമാക്കുക, കൂടുതല്‍ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കുക, സംയോജിത കാര്‍ഷിക രീതികള്‍ അവലംബിക്കുക, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുക,  ആധുനിക കൃഷി ഉപകരണങ്ങള്‍ ലഭ്യമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വായ്പ ലഭ്യമാകുന്നതോടെ കര്‍ഷക സംഘങ്ങള്‍ക്ക് സാധിക്കും. അര്‍ഹതയുള്ള കര്‍ഷക സംഘങ്ങളെ കണ്ടെത്തേണ്ടത് അതത് ജില്ലാമിഷനുകളാണ്. ഇതിനായി ജില്ലാമിഷന്‍ അധികൃതരും ബാങ്ക് ഓഫ് ഇന്ത്യയുടെ ജില്ലാ പ്രതിനിധികളും യോജിച്ചു പ്രവര്‍ത്തിക്കും.   

സ്വന്തമായി കൃഷി ചെയ്യാന്‍ ഭൂമിയില്ലാത്ത വനിതകള്‍ക്ക് മെച്ചപ്പെട്ട ഉപജീവന മാര്‍ഗ്ഗമൊരുക്കാന്‍ കര്‍ഷക സംഘ മാതൃകകള്‍ രൂപീകരിച്ചു വലിയ തോതില്‍ കൃഷി ചെയ്യുന്ന രീതിയാണ് കുടുംബശ്രീയുടേത്. ഇത് തികച്ചും അനുയോജ്യവും പ്രയോജനകരമാണെന്നുമാണ് നബാര്‍ഡിന്റെ വിലയിരുത്തല്‍. കര്‍ഷക സംഘങ്ങള്‍ക്കും ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കും ആവശ്യമായ കാര്‍ഷിക സാങ്കേതിക പരിശീലനങ്ങള്‍ നബാര്‍ഡ് ലഭ്യമാക്കും. ഓരോ മൂന്നു മാസം കൂടുമ്പോഴും പദ്ധതിയുടെ നടത്തിപ്പും പ്രവര്‍ത്തന പുരോഗതിയും വിലയിരുത്താനായി പ്രോജക്ട് ഇംപ്‌ളിമെന്റേഷന്‍ ആന്‍ഡ് മോണിറ്ററിങ്ങ് കമ്മിറ്റിയും രൂപീകരിക്കും. നബാര്‍ഡ് ഡെപ്യൂട്ടി ഡിവിഷണല്‍ മാനേജര്‍,  ബാങ്ക് ഓഫ് ഇന്ത്യ ഏരിയാ മാനേജര്‍, അതത് ബ്രാഞ്ചുകളിലെ മാനേജര്‍മാര്‍, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍, കുടുംബശ്രീയുടെ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരിക്കും ഈ കമ്മിറ്റി.

കുടുംബശ്രീയുടെ വിവിധ പദ്ധതി ഗുണഭോക്താക്കള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിനായി ബാങ്ക് ഓഫ് ഇന്ത്യ മുന്നോട്ടു വരുന്നത് ഇതു മൂന്നാം തവണയാണ്. നിലവില്‍ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന പ്രധാന മന്ത്രി ആവാസ് യോജന, കേരള ചിക്കന്‍ എന്നീ പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്കും ആവശ്യമായ വായ്പ നല്‍കാന്‍ ബാങ്ക് ഓഫ് ഇന്ത്യ കുടുംബശ്രീയുമായി സഹകരിച്ചിട്ടുണ്ട്.  ധാരണാപത്രം ഒപ്പു വയ്ക്കുന്ന ചടങ്ങില്‍ ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജി. മഹേഷ് കുമാര്‍, ചീഫ് മാനേജര്‍ പി. പരമേശ്വര അയ്യര്‍, സീനിയര്‍ മാനേജര്‍ ആര്‍. രാജേഷ്, നബാര്‍ഡ് മാനേജര്‍ വി. രാകേഷ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ സി.എസ്. ദത്തന്‍, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ ഐശ്വര്യ ഇ.എ, ആര്യ എസ്.ബി എന്നിവര്‍ പങ്കെടുത്തു.

 

Content highlight
കുടുംബശ്രീയുടെ കീഴിലുള്ള 3000 കര്‍ഷക സംഘങ്ങളെ ഊര്‍ജ്ജിതമാക്കുന്നതിനാവശ്യമായ സാമ്പത്തിക പിന്തുണ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബശ്രീയും നബാര്‍ഡും വിശദമായ ചര്‍ച്ച നടത്തിയിരുന്നു

പയ്യന്നൂരില്‍ കുടുംബശ്രീ വനിതാ സെക്യൂരിറ്റി ടീം

Posted on Wednesday, February 12, 2020

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ നഗരസഭയില്‍ സംരംഭ മേഖലയില്‍ ഒരു നൂതന ആശയം പ്രാവര്‍ത്തികമാക്കിയിരിക്കുന്നു. കേരളത്തില്‍ ആദ്യമായി വനിതാ സെക്യൂരിറ്റി ടീം നഗരസഭയുടെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ പയ്യന്നൂരില്‍ രൂപീകരിച്ചു. സെക്യൂരിറ്റിയായി ജോലി ചെയ്യാനുള്ള ധാരാളം അവസരങ്ങള്‍ സ്ത്രീകള്‍ക്കുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് ഇത്തരത്തിലൊരു വനിതാ സെക്യൂരിറ്റി ടീം രൂപീകരിക്കുന്നതിന് പയ്യന്നൂര്‍ നഗരസഭയിലെ എന്‍യുഎല്‍എം (ദേശീയ നഗര ഉപജീവന ദൗത്യം) പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു ആശയം നടപ്പിലാക്കാന്‍ തീരുമാനിച്ചത്.

വനിതാ സെക്യൂരിറ്റി ടീം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഇത്തരത്തിലുള്ള തൊഴിലവസരങ്ങളുണ്ടാകുമ്പോള്‍ ആ ജോലി ചെയ്യാന്‍ താത്പര്യമുള്ള സ്ത്രീകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 50ഓളം സ്ത്രീകള്‍ അപേക്ഷിച്ചതില്‍ 35 പേരെ തെരഞ്ഞെടുത്തു. ഇവര്‍ക്ക് രണ്ട് ദിവസത്തെ പരിശീലനം നല്‍കി. ഇതില്‍ 28 പേര്‍ക്ക് പ്രത്യേക യൂണിഫോം ഉള്‍പ്പെടെ തയാറാക്കി നല്‍കി വനിതാ സെക്യൂരിറ്റി ടീമെന്ന നിലയില്‍ സജ്ജരാക്കി. ഓഡിറ്റോറിയം, വ്യാപാര സ്ഥാപനങ്ങള്‍, കല്യാണങ്ങള്‍, മേളകള്‍, മറ്റ് ചടങ്ങുകള്‍ എന്നിവയില്‍ പൊതുജനങ്ങളെ നിയന്ത്രിക്കാന്‍ വനിതാ സെക്യൂരിറ്റികളെ ആവശ്യമുള്ള സാഹചര്യങ്ങളില്‍ സംരംഭ മാതൃകയില്‍, പ്രതിഫലം വാങ്ങി ഇവരുടെ സേവനം ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം.

  പ്രവര്‍ത്തനം ആരംഭിച്ച് ഒരാഴ്ച്ചയ്ക്കിടയില്‍ മൂന്ന് ശ്രദ്ധേയമായ അവസരങ്ങള്‍ ഇവര്‍ക്ക് ലഭിച്ചു. ഇനി പയ്യന്നൂര്‍ നഗരത്തില്‍ മാത്രമല്ല, കണ്ണൂര്‍ ജില്ലയിലാകെ നടക്കുന്ന ചടങ്ങുകളിലും മറ്റും സെക്യൂരിറ്റി എന്ന നിലയില്‍ ഒന്നോ രണ്ടോ ദിവസങ്ങളില്‍ മാത്രമായോ അല്ലെങ്കില്‍ സ്ഥാപനങ്ങളിലും മറ്റും വനിതാ സെക്യൂരിറ്റി എന്ന തസ്തികയില്‍ തുടര്‍ച്ചയായോ പകല്‍ സമയങ്ങളില്‍ പ്രവര്‍ത്തിക്കാനായി ടീം സജ്ജമാണ്. അവസരങ്ങളുള്ള കൂടുതല്‍ നഗരങ്ങളിലും പ്രദേശങ്ങളിലും ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി ഇത്തരം സംരംഭങ്ങള്‍ തുടങ്ങാന്‍ കുടുംബശ്രീ ലക്ഷ്യമിടുന്നു. കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പാക്കുന്ന കേന്ദ്ര പദ്ധതിയാണ് ദേശീയ നഗര ഉപജീവന ദൗത്യം.

 

Content highlight
വനിതാ സെക്യൂരിറ്റി ടീം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഇത്തരത്തിലുള്ള തൊഴിലവസരങ്ങളുണ്ടാകുമ്പോള്‍ ആ ജോലി ചെയ്യാന്‍ താത്പര്യമുള്ള സ്ത്രീകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രഫി മത്സരം, ഫെബ്രുവരി 29 വരെ എന്‍ട്രികള്‍ അയയ്ക്കാം

Posted on Wednesday, January 29, 2020

·    ഒന്നാം സമ്മാനം 20,000 രൂപ
·    കുടുംബശ്രീ പ്രവര്‍ത്തനങ്ങളായിരിക്കണം വിഷയം
·    ഒരാള്‍ക്ക് 5 ചിത്രങ്ങള്‍ വരെ അയയ്ക്കാം

തിരുവനന്തപുരം: ഫോട്ടോഗ്രാഫിയില്‍ താത്പര്യമുള്ള വ്യക്തികളെ പ്രോത്സാഹിപ്പി ക്കുകയെ ന്ന ലക്ഷ്യത്തോടെ കുടുംബശ്രീ സംഘടിപ്പിക്കുന്ന 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രഫി മത്സരത്തിന്റെ മൂന്നാം സീസണിലേക്ക് എന്‍ട്രികള്‍ അയയ്ക്കാനുള്ള അവസാന തിയതി 2020 ഫെബ്രുവരി 29 വരെ നീട്ടി. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളി ലൂടെ കേരള സമൂഹത്തില്‍ സ്വന്തമായ ഇടംനേടിയ കേരളത്തിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യമാണ് കുടുംബശ്രീ. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുക. അയല്‍ക്കൂട്ട യോഗം, അയല്‍ക്കൂട്ട വനിതകള്‍ നടത്തുന്ന ക്യാന്റീ നുകളും കഫേകളും ഉള്‍പ്പെടെയുള്ള വിവിധ സംരംഭങ്ങള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, അവര്‍ നിയന്ത്രിക്കുന്ന റെയില്‍വേ സ്‌റ്റേഷനുകളിലെ ഉള്‍പ്പെടെയുള്ള പാര്‍ക്കിങ്, റെയില്‍വേ സ്റ്റേഷനുകളിലെ വിശ്രമമുറികളുടെ നിയന്ത്രണം, കുടുംബശ്രീയുടെ ബാലസഭയുടെയും ബഡ്‌സ് സ്‌കൂളുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ കുടുംബശ്രീയുമായി ബന്ധപ്പെട്ട നിരവ ധി വിഷയങ്ങള്‍ ആധാരമാക്കിയുള്ള ചിത്രങ്ങള്‍ മത്സരത്തിനയയ്ക്കാം. ഒരാള്‍ക്ക് അഞ്ച് ചിത്ര ങ്ങള്‍ വരെ അയയ്ക്കാനാകും.

  ഫോട്ടോകള്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കാം. അല്ലെങ്കില്‍ ഫോട്ടോ പ്രിന്റുകളോ ഫോട്ടോകള്‍ വാട്ടര്‍മാര്‍ക്ക് ചെയ്യാതെ സിഡിയിലാക്കിയോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസ്, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്‍ഡിങ്, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം- 695011 എന്ന വിലാ സത്തിലും അയച്ച് നല്‍കാനാകും. 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രാഫി മത്സരം' എന്ന് കവറിന് മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
 
   വിദഗ്ധ ജൂറി തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 20,000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രത്തിന് 10,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 5,000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും. കൂടാതെ പത്ത് പേര്‍ക്ക് പ്രോത്സാഹന സമ്മാനമായി 1000 രൂപ വീതവും നല്‍കും. വിശദവിവരങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷന്റെ പൂര്‍ണ്ണരൂപം www.kudumbashree.org/photography2020 എന്ന വെബ്‌സൈറ്റ് ലിങ്കില്‍ ലഭ്യമാണ്.

Content highlight
ഫോട്ടോകള്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കാം. അല്ലെങ്കില്‍ ഫോട്ടോ പ്രിന്റുകളോ ഫോട്ടോകള്‍ വാട്ടര്‍മാര്‍ക്ക് ചെയ്യാതെ സിഡിയിലാക്കിയോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസ്, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്