കൊറോണ: കോട്ടണ്‍ മാസ്‌കുകള്‍ നിര്‍മ്മിച്ച് തയ്യല്‍ യൂണിറ്റുകള്‍.

Posted on Thursday, March 19, 2020

കൊറോണ വൈറസ് വ്യാപനത്തിനെതിരേ പൊതുജനങ്ങളുടെ പ്രതിരോധത്തിന് തുണയാകാന്‍ കുടുംബശ്രീ തയ്യല്‍ യൂണിറ്റുകള്‍ കോട്ടണ്‍ മാസ്‌ക് നിര്‍മ്മാണം ആരംഭിച്ചു. കേരളത്തിലെ 14 ജില്ലകളിലുമായി ചെറുതും വലുതുമായ കുടുംബശ്രീയുടെ തയ്യല്‍ യൂണിറ്റുകളുണ്ട്. ഇതില്‍ 268 യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഓര്‍ഡര്‍ ലഭിക്കുന്നത് അനുസരിച്ച് കോട്ടണ്‍ മാസ്‌കുകള്‍ തയാറാക്കാനുള്ള പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു. ഈ തയ്യല്‍ യൂണിറ്റുകളുടെ ആകെ പ്രതിദിന മാസ്‌ക് ഉത്പാദന ശേഷി 1,30,000 ആണ്. ഓര്‍ഡറുകള്‍ ലഭിക്കുന്നത് അനുസരിച്ചും അതാത് ജില്ലയുടെ ഉത്പാദന ക്ഷമത അനുസരിച്ചും മാസ്‌കുകള്‍ തയാറാക്കി നല്‍കുന്നതിനുള്ള നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഓര്‍ഡറുകളാണ് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നേരിട്ട് ലഭ്യമായിട്ടുള്ളത്. ഓരോ ജില്ലയിലും ലഭിക്കുന്ന ഓര്‍ഡറുകള്‍ അതാത് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരുടെ പൂര്‍ണ്ണമായ മേല്‍നോട്ടത്തിലാണ് സ്വീകരിക്കുന്നതും പൂര്‍ത്തിയാക്കി നല്‍കുന്നതും.

  തിരുവനന്തപുരം ജില്ലയില്‍ 50,000 കോട്ടണ്‍ മാസ്‌കുകളുടെ ഓര്‍ഡറാണ് ആരോഗ്യ വകുപ്പില്‍ നിന്ന് ലഭിച്ചത്. ഇടുക്കിയില്‍ 20,000 മാസ്‌കുകളുടെ ഓര്‍ഡറും. രണ്ട് ദിവസം കൊണ്ട് എല്ലാ ജില്ലകളും തങ്ങളുടെ ഉത്പാദന ക്ഷമത അനുസരിച്ചുള്ള തോതില്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുകയും അത് തയാറാക്കി നല്‍കുകയും ചെയ്യുന്ന രീതിയിലേക്ക് പ്രവര്‍ത്തനം എത്തിക്കും.  

  പ്രതിദിനം 1.30 ലക്ഷം മാസ്‌കുകളാണ് ഇപ്പോള്‍ യൂണിറ്റുകളുടെ ആകെ ഉത്പാദന ശേഷി. ലഭിക്കുന്ന ഓര്‍ഡറുകള്‍ മികച്ച ഗുണനിലവാരത്തോടെ പൂര്‍ത്തിയാക്കാനും അത് നല്‍കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. മാസ്‌ക് നിര്‍മ്മാണത്തിന് ഉപയോഗിച്ച തുണി, ഗുണനിലവാരം എന്നിവ അനുസരിച്ചാണ് വില ഈടാക്കുന്നത്. കുടുംബശ്രീ യൂണിറ്റുകള്‍ മാസ്‌ക് ഉത്പാദനം തുടങ്ങിയെന്ന വിവരം അറിഞ്ഞ് കൂടുതല്‍ ഓര്‍ഡറുകള്‍ ജില്ലകളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ പ്രവൃത്തി സമയം കൂട്ടിയും കൂടുതല്‍ യൂണിറ്റുകളെ ഇതിലേക്ക് എത്തിച്ചും ഉത്പാദനം കൂട്ടാന്‍ ബന്ധപ്പെട്ട ജില്ലാമിഷനുകള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. കൊറോണ വൈറസ് ബാധമൂലമുണ്ടാകുന്ന രോഗ വ്യാപനം തടയാന്‍ ഇത് വഴി കുടുംബശ്രീ വനിതകള്‍ തങ്ങളുടേതായ പങ്ക് വഹിക്കുകയാണ്.

 

Content highlight
ഓരോ ജില്ലയിലും ലഭിക്കുന്ന ഓര്‍ഡറുകള്‍ അതാത് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരുടെ പൂര്‍ണ്ണമായ മേല്‍നോട്ടത്തിലാണ് സ്വീകരിക്കുന്നതും പൂര്‍ത്തിയാക്കി നല്‍കുന്നതും

അന്താരാഷ്ട്ര വനിതാദിനം ആഘോഷമാക്കി കുടുംബശ്രീ

Posted on Thursday, March 19, 2020

മാര്‍ച്ച് എട്ടിലെ അന്താരാഷ്ട്ര വനിതാദിനം കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ ആഘോഷമാക്കി. കേരളത്തിലെ 3 ലക്ഷത്തോളം അയല്‍ക്കൂട്ടങ്ങളിലായി അംഗങ്ങളായ 43 ലക്ഷത്തോളം വനിതകളാണ് വിവിധ പരിപാടികളോടെ വനിതാദിനം ആഘോഷിച്ചത്. 'എന്റെ അവസരം എന്റെ അവകാശമാണ്' എന്ന ആശയമാണ് ഈ വര്‍ഷത്തെ വനിതാദിനാഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീ മുന്നോട്ടുവച്ചത്. അവകാശ പതാകകള്‍ സ്ഥാപിക്കാനും രാത്രി ഏഴിന് ശേഷം പ്രത്യേക അയല്‍ക്കൂട്ട യോഗങ്ങള്‍ ചേരാനുമുള്ള നിര്‍ദ്ദേശമാണ് വനിതാദിനാഘോഷത്തിന്റെ ഭാഗമായി അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കിയിരുന്നത്.

  കേരളത്തിലുള്ള സ്ത്രീകള്‍ക്ക് സ്വയം തിരിച്ചറിയുന്നതിനും ശക്തരാകുന്നതിനും കൂടുതല്‍ അവസരങ്ങളുണ്ടാകേണ്ടത് അവശ്യമാണെന്നും ഇത്തരത്തിലുള്ള വിവിധ അവസരങ്ങള്‍ ഓരോരുത്തരുടെയും അവകാശമാണെന്നുമുള്ള സന്ദേശമാണ് ഈ വനിതാദിനത്തില്‍ അയല്‍ക്കൂട്ടങ്ങളിലേക്കും അതുവഴി പൊതുസമൂഹത്തിലേക്കും എത്തിച്ചത്. ഇതിന്റെ ഭാഗമായി എല്ലാ അയല്‍ക്കൂട്ടങ്ങളോടും അവകാശ പതാകകളുണ്ടാക്കി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കാനും അതുവഴി എന്റെ അവസരം എന്റെ അവകാശമാണെന്ന സന്ദേശം പരമാവധി സമൂഹത്തിലേക്കെത്തിക്കാനും ശ്രമിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഓരോ അയല്‍ക്കൂട്ടത്തിന്റെയും നേതൃത്വത്തില്‍ വനിതാദിന സന്ദേശങ്ങള്‍ എഴുതിയ കൊടികള്‍ തയാറാക്കി വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചു.  

  ഇത് കൂടാതെ രാത്രി അയല്‍ക്കൂട്ട യോഗങ്ങള്‍ കൂടുന്നത് വഴി പൊതു ഇടങ്ങള്‍ രാത്രികാലത്തും തങ്ങളുടേതുകൂടിയാണെന്ന അവകാശ പ്രഖ്യാപനമാണ് അയല്‍ക്കൂട്ടവനിതകള്‍ നടത്തിയത്. സാധാരണയായി ശനി, ഞായര്‍ ദിവസങ്ങളിലേതെങ്കിലുമൊന്നില്‍ അംഗങ്ങളുടെ ആരുടെയെങ്കിലും വീട്ടിലാണ് അയല്‍ക്കൂട്ട യോഗം ചേരുന്നത്. വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി അയല്‍ക്കൂട്ട യോഗം രാത്രി ഏഴിന് ശേഷമായിരിക്കണം ചേരേണ്ടതെന്ന് നിര്‍ദ്ദേശിച്ചിരുന്നു. കേരളത്തിലെ ഭൂരിഭാഗം അയല്‍ക്കൂട്ടങ്ങളും ഇത്തരത്തില്‍ യോഗം ചേര്‍ന്നുകൊണ്ട് വനിതാദിനാഘോഷം ഒരു വേറിട്ട അനുഭവമാക്കി മാറ്റുകയായിരുന്നു.
 രാത്രികാല അയല്‍ക്കൂട്ടയോഗങ്ങള്‍ നടക്കുമ്പോള്‍ എന്റെ അവസരം എന്റെ അവകാശമാണെന്ന സന്ദേശം അയല്‍ക്കൂട്ടങ്ങളില്‍ ചര്‍ച്ച ചെയ്യാനായി ഒരു കുറിപ്പും ഞങ്ങള്‍ തയാറാക്കി നല്‍കിയിരുന്നു.

1. ഇന്ന് സ്ത്രീയുടെ അവസരം അവരുടെ അവകാശമാണെന്ന് തിരിച്ചറിഞ്ഞ് പുതിയ അവസരങ്ങള്‍ നേടിയെടുക്കാനുള്ള ചിന്തകളും പ്രവര്‍ത്തനങ്ങളും തുടങ്ങാം.
2. നാളിതുവരെ നാം പിന്തുടര്‍ന്നുപോന്ന ആശയങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഉപരിയായി പുതിയ മാറ്റത്തിന്റെ ചാലകശക്തികളായി സ്വയം മാറുന്നതിനുള്ള തീരുമാനം ഈ ദിനത്തില്‍ കൈക്കൊള്ളാം.
3. സ്ത്രീകളുടെ കൂട്ടായ്മയിലൂടെ പുതിയ അവസരങ്ങളിലൂടെ സമത്വത്തിനും പുരോഗതിക്കും വേണ്ടി നമുക്ക് പരിശ്രമിക്കാം.

ഈ മൂന്ന് ഉദ്‌ബോധനങ്ങളാണ് കുറിപ്പില്‍ പ്രത്യേകമായി ഉള്‍ക്കൊള്ളിച്ചത്. വനിതാദിനാഘോഷത്തിന്റെ ഭാഗമായി രാത്രികാലങ്ങളില്‍ ചേര്‍ന്ന അയല്‍ക്കൂട്ട യോഗങ്ങളിലെല്ലാം ഈ കുറിപ്പ് ചര്‍ച്ച ചെയ്യുകയും അവസരം അവകാശമാണെന്ന സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കുകയും ചെയ്തു.

 

Content highlight
അവകാശ പതാകകള്‍ സ്ഥാപിക്കാനും രാത്രി ഏഴിന് ശേഷം പ്രത്യേക അയല്‍ക്കൂട്ട യോഗങ്ങള്‍ ചേരാനുമുള്ള നിര്‍ദ്ദേശമാണ് വനിതാദിനാഘോഷത്തിന്റെ ഭാഗമായി അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കിയിരുന്നത്.

തൃശൂര്‍ ജില്ലാ ആസൂത്രണ സമിതി യോഗം

Posted on Friday, March 6, 2020

2019-20 വാര്‍ഷിക പദ്ധതി - തൃശൂര്‍ ജില്ലാ ആസൂത്രണ സമിതി യോഗം

സ്ഥലം : ജില്ലാ ആസൂത്രണ ഭവന്‍ കോണ്‍ഫറന്‍സ് ഹാള്‍ , തൃശൂര്‍
തിയ്യതി : 9 മാര്‍ച്ച് 2020, ഉച്ചക്ക് 3 മണിക്ക്

Content highlight
Thrissur DPC Meeting

Life

Posted on Thursday, March 5, 2020
life

ജനകീയ ഹോട്ടലിനും വിശപ്പുരഹിത ക്യാന്റീനും തുടക്കം

Posted on Wednesday, March 4, 2020

ആലപ്പുഴ ജനകീയ ഹോട്ടലിനും ജില്ലയിലും തൃശ്ശൂര്‍ ജില്ലയില്‍ വിശപ്പുരഹിത ക്യാന്റീനും തുടക്കം. ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി പഞ്ചായത്തിലാണ് 25 രൂപയ്ക്ക് ഊണ് നല്‍കുന്ന ജനകീയ ഹോട്ടല്‍ ആരംഭിച്ചത്. 2020-21ലെ പൊതുബജറ്റില്‍ 25 രൂപയ്ക്ക് ഊണ് ലഭിക്കുന്ന, കുടുംബശ്രീ അംഗങ്ങള്‍ നടത്തുന്ന 1000 ഹോട്ടലുകള്‍ സംസ്ഥാനമൊട്ടാകെ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴയിലെ ഹോട്ടല്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യ്തു. പണം കൈയില്ലില്ലാത്തവര്‍ക്കും ഇവിടെ നിന്ന് ഭക്ഷണം കഴിക്കാം. ഷെയര്‍ മീല്‍സ് എന്ന ആശയം വഴിയാണിത്. ഭക്ഷണം കഴിക്കാന്‍ വരുന്നവര്‍ക്ക് ഒരാള്‍ക്കോ ഒന്നില്‍ക്കൂടുതല്‍ പേര്‍ക്ക് ഷെയര്‍ മീല്‍സ് വഴി ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്യാം. അതിനുള്ള തുക അടച്ച് ടോക്കണ്‍ എടുക്കണം. പണമില്ലാത്തവര്‍ക്ക് ഈ ടോക്കണുകള്‍ നല്‍കി സൗജന്യമായി ഭക്ഷണം നല്‍കും. ഷെയര്‍ മീല്‍സ് പദ്ധതിയുടെ ഉദ്ഘാടനം എ.എം. ആരിഫ് എംപി നിര്‍വ്വഹിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് നല്‍കിയ രണ്ട് മുറികളിലായാണ് ഹോട്ടല്‍ നടത്തുന്നത്. ഒരു സമയം 36 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. കുടുംബശ്രീ അംഗങ്ങളായ തനൂജ, വിജയലക്ഷ്മി എന്നിവര്‍ക്കാണ് ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ ചുമതല.

  തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്താണ് വിശപ്പുരഹിത ക്യാന്റീന് തുടക്കമായത്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഫെബ്രുവരി 28ന് നടന്ന ചടങ്ങില്‍ ക്യാന്റീന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ചടങ്ങില്‍ അധ്യക്ഷനായി. ഉച്ചയ്ക്ക് 12.30 മുതല്‍ 2.30 വരെയുള്ള സമയത്ത് 500 പേര്‍ക്കുള്ള ഭക്ഷണമാണ് ഇവിടെ നല്‍കുക. ഊണിന് 20 രൂപയാണ് ഈടാക്കുന്നത്. 5 രൂപ സിവില്‍ സപ്ലൈസിന്റെ സബ്‌സിഡിയായി ലഭിക്കും.

 

Content highlight
തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്താണ് വിശപ്പുരഹിത ക്യാന്റീന് തുടക്കമായത്

എറണാകുളത്തും കുടുംബശ്രീ ബസാറിന് തുടക്കം

Posted on Wednesday, March 4, 2020

കുടുംബശ്രീ സംരംഭകരുടെ വിവിധ ഉത്പന്നങ്ങള്‍ക്ക് സ്ഥിര വിപണി കണ്ടെത്തുന്നതിനായുള്ള സൂപ്പര്‍മാര്‍ക്കറ്റായ കുടുംബശ്രീ ബസാറിന് എറണാകുളം ജില്ലയില്‍ തുടക്കമായി. സംസ്ഥാനത്തെ മൂന്നാമത്തെ കുടുംബശ്രീ ബസാറാണ് എറണാകുളത്ത് ആരംഭിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ വടവുകോട് പുത്തന്‍കുരിശ് ബ്ലോക്കില്‍ ഐക്കാരനാട് പഞ്ചായത്തിലെ കോലഞ്ചേരിയില്‍ ആരംഭിച്ച ബസാറിന്റെ ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി 28ന് നടന്ന ചടങ്ങില്‍ നിര്‍വ്വഹിച്ചു. 1350 ചതുരശ്ര അടിയില്‍ സ്ഥിതി ചെയ്യുന്ന ഈ സൂപ്പര്‍മാര്‍ക്കറ്റിലൂടെ 102 സംരംഭകരുടെ 485 ഉത്പന്നങ്ങള്‍ ലഭിക്കും. പ്രതിദിനം 30,000 രൂപ വിറ്റുവരവാണ് ഈ സൂപ്പര്‍മാര്‍ക്കറ്റിലൂടെ ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.

  വയനാട്, പത്തനംതിട്ട എന്നീ ജില്ലകളിലും സൂപ്പര്‍മാര്‍ക്കറ്റുകള്‍ കഴിഞ്ഞവര്‍ഷം തന്നെ ആരംഭിച്ചു കഴിഞ്ഞു. വയനാട് ജില്ലയില്‍ കണിയാമ്പറ്റ പഞ്ചായത്തില്‍ കമ്പളക്കാടുള്ള സൂപ്പര്‍മാര്‍ക്കറ്റ് 800 ചതുരശ്ര അടിയിലാണ് സ്ഥിതി ചെയ്യുന്നത്. 85 സംരംഭകരുടെ 256 ഉത്പന്നങ്ങള്‍ ഇവിടെ ലഭ്യമാക്കിയിരിക്കുന്നു. മാസം 2 ലക്ഷം രൂപയുടെ വിറ്റുവരവാണുള്ളത്. പത്തനംതിട്ട ജില്ലയില്‍ തിരുവല്ല നഗരസഭയില്‍ ബൈപാസ് റോഡരികില്‍ പബ്ലിക് സ്റ്റേഡിയത്തിന് എതിര്‍ വശത്തായി വില്ലേജ് സൂക് മാതൃകയിലാണ് കുടുംബശ്രീ ബസാര്‍ പ്രവര്‍ത്തിക്കുന്നത്. 2000 ചതുരശ്ര അടി സ്ഥലത്ത് 100 സ്‌ക്വയര്‍ ഫീറ്റ് വീതമുള്ള ഏഴ് ഷോപ്പുകളും ഫുഡ് കോര്‍ട്ടും ഉള്‍പ്പെടുന്നതാണ് ഈ ബസാര്‍. 20 സംരംഭകരുടെ 110 ഉത്പന്നങ്ങള്‍ ഇവിടെ ലഭിക്കും. മാസം 4 ലക്ഷം രൂപയാണ് വിറ്റുവരവ്.

    വിപണന മേളകള്‍, നാനോ മാര്‍ക്കറ്റുകള്‍, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എന്നിങ്ങനെയുള്ള വിവിധ വിപണന രീതികളിലൂടെയായിരുന്നു കുടുംബശ്രീ ഉത്പന്നങ്ങള്‍ ജനങ്ങളിലേക്കെത്തിയിരുന്നത്. കുടുംബശ്രീ സംരംഭകരുടെ കൂടുതല്‍ ഉത്പന്നങ്ങള്‍ ഒരു കുടക്കീഴിലില്‍ ലഭ്യമാക്കുന്നതിനായാണ് ഈ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി ലക്ഷ്യമിടുന്നത്.

 

Content highlight
വിപണന മേളകള്‍, നാനോ മാര്‍ക്കറ്റുകള്‍, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എന്നിങ്ങനെയുള്ള വിവിധ വിപണന രീതികളിലൂടെയായിരുന്നു കുടുംബശ്രീ ഉത്പന്നങ്ങള്‍ ജനങ്ങളിലേക്കെത്തിയിരുന്നത്.

പച്ചപ്പും ശുചിത്വവും ആരോഗ്യവും; പി.എം.എ.വൈ(നഗരം)-ലൈഫ് പദ്ധതിയുടെ ഭാഗമായി നഗരമേഖലയില്‍ 124 മാതൃകാ ഹരിതഭവനങ്ങള്‍

Posted on Wednesday, March 4, 2020

 ലൈഫ് പദ്ധതിയുടെ ഭാഗമായി മികച്ച പരിസ്ഥിതി സന്ദേശം നല്‍കി നഗരമേഖലയില്‍ 124 മാതൃകാ ഹരിതഭവനങ്ങളും. പി.എം.എ.വൈ(നഗരം)-ലൈഫ് പദ്ധതി പ്രകാരം നഗരമേഖലയില്‍ ഓരോ ഗുണഭോക്താവിനും ലഭ്യമായ ഭവനങ്ങളും പരിസരവും പ്രകൃതി സൗഹൃദപരമായി സംരക്ഷിക്കല്‍, മികച്ച ഊര്‍ജസംരക്ഷണം പരിസിഥിതി സംരക്ഷണം എന്നിവ ഉറപ്പു വരുത്തല്‍, ആരോഗ്യ ശുചിത്വപരിപാലനം എന്നിവ ലക്ഷ്യമിട്ടുകൊണ്ട് സംഘടിപ്പിച്ച ഒരു വര്‍ഷം നീണ്ട ക്യാമ്പെയ്ന്‍ വഴിയാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച ഹരിതഭവനങ്ങള്‍ കണ്ടെത്തിയത്. വിജയികളായ 124 ഗുണഭോക്താക്കള്‍ക്കും 10,000 രൂപയുടെ കാഷ് അവാര്‍ഡ് നല്‍കി അതത് നഗരസഭകളുടെ നേതൃത്വത്തില്‍ ആദരിച്ചു.  

ഓരോ ഗുണഭോക്താവിന്‍റെയും വീട് ഹരിതഭവനമായി മാറുന്നതിലൂടെ പരിസ്ഥിതി സംരക്ഷണം ഊര്‍ജസംരക്ഷണം എന്നിവ സംബന്ധിച്ച മികച്ച സന്ദേശങ്ങള്‍ നല്‍കുകയും അതിലൂടെ സമൂഹത്തിന്‍റെ പൊതുവായ മനോഭാവവും പെരുമാറ്റവും പ്രകൃതിസംരക്ഷണത്തിന് അനുകൂലമാക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പെയ്ന്‍ വഴി പ്രധാനമായും ലക്ഷ്യമിട്ടത്. ഇതോടൊപ്പം ശുചിത്വം, ഫലപ്രദമായ മാലിന്യ സംസ്ക്കരണം, പ്ളാസ്റ്റിക്കിന്‍റെ ഉപയോഗം കുറയ്ക്കല്‍, കാര്യക്ഷമമായ ഊര്‍ജ ഉല്‍പാദനവും വിനിയോഗവും, ജൈവ പച്ചക്കറിക്കൃഷിയുടെ ആവശ്യകത  എന്നിവ സംബന്ധിച്ച് പൊതുസമൂഹത്തില്‍ ശക്തമായ സന്ദേശമെത്തിക്കുന്നതിനും ക്യാമ്പെയ്ന്‍ വഴി സാധിച്ചു. ഗൃഹനിര്‍മാണത്തിന് പ്രാദേശികമായ നിര്‍മാണ സാമഗ്രികള്‍ ഉപയോഗിക്കുന്നതിനും നൂതന സാങ്കേതിക വിദ്യകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ക്യാമ്പെയ്ന്‍ സഹായകമായി.

പദ്ധതി പ്രകാരം സംസ്ഥാനത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച 48664 ഭവനങ്ങളില്‍ നിന്നാണ് അന്തിമമായി 124 ഭവനങ്ങളെ തിരഞ്ഞെടുത്തത്. ഓരോ നഗരസഭയിലും നഗരസഭാ ചെയര്‍പേഴ്സണ്‍ അധ്യക്ഷനായും സെക്രട്ടറി കണ്‍വീനറായും രൂപീകരിച്ച ജൂറി ഓരോ ഭവനവും നേരിട്ടു സന്ദര്‍ശിച്ചാണ് പദ്ധതി നടപ്പാക്കുന്ന ഓരോ നഗര സിഡിഎസുകളില്‍  നിന്നും ഒന്നു വീതം ഏറ്റവും മികച്ച 124 ഹരിതഭവനങ്ങളെ തിരഞ്ഞെടുത്തത്. സ്ത്രീ ഗൃഹനാഥയായുള്ള കുടുംബം, കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ അംഗത്വം, വീടിനകവും പുറവും വ്യത്തിയായി സൂക്ഷിക്കല്‍, വീടിനോട് ചേര്‍ന്ന് പൂന്തോട്ടം, പച്ചക്കറി കൃഷി തുടങ്ങിയവ പരിപാലിക്കല്‍, മാലിന്യ നിര്‍മാര്‍ജനത്തിനുള്ള സംവിധാനം, നിര്‍മാണത്തിന് നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തല്‍,    ഊര്‍ജ ഉല്‍പാദനത്തിനും സംരക്ഷത്തിനും സ്വീകരിച്ച മാര്‍ഗങ്ങള്‍, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി,  ദേശീയ നഗര ഉപജീവന ദൗത്യം, പോലെ സംസ്ഥാന സര്‍ക്കാരുകളുടെ അനുബന്ധ പദ്ധതികളുമായി നടത്തിയ സംയോജനം എന്നിവയാണ് ഹരിതഭവനങ്ങളെ തിരഞ്ഞെടുക്കാന്‍ ഉപയോഗിച്ച മാനദണ്ഡങ്ങള്‍. മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍, സാമൂഹ്യ സുരക്ഷ ഉറപ്പാക്കല്‍, സംയോജന മാതൃകളിലൂടെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍, ആരോഗ്യ പരിരക്ഷ, ബോധവല്‍ക്കരണം എന്നിങ്ങനെയുള്ള സജീവമായ ഇടപെടലുകളിലൂടെ പുതിയ വീട്ടില്‍ ഗുണഭോക്താക്കളുടെ ജീവിതം കൂടുതല്‍ മികവുറ്റതാക്കാനും പദ്ധതി വഴി സാധിച്ചിട്ടുണ്ട്.  

 

Content highlight
ഓരോ ഗുണഭോക്താവിന്‍റെയും വീട് ഹരിതഭവനമായി മാറുന്നതിലൂടെ പരിസ്ഥിതി സംരക്ഷണം ഊര്‍ജസംരക്ഷണം എന്നിവ സംബന്ധിച്ച മികച്ച സന്ദേശങ്ങള്‍ നല്‍കുകയും അതിലൂടെ സമൂഹത്തിന്‍റെ പൊതുവായ മനോഭാവവും പെരുമാറ്റവും പ്രകൃതിസംരക്ഷണത്തിന് അനുകൂലമാക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പെയ്