അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം സംസ്ഥാനത്ത് 39243 ലൈഫ് ഗുണഭോക്താക്കള്‍ക്ക് പ്രയോജനം

Posted on Wednesday, March 4, 2020

 * വേതനമായി പി.എം.എ.വൈ(നഗരം)-ലൈഫ് ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തത് 45 കോടി രൂപ

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നഗരങ്ങളില്‍ നടപ്പാക്കുന്ന ലൈഫ് ഭവന പദ്ധതിയായ പി.എം.എ.വൈ(നഗരം)-ലൈഫ് പദ്ധതിക്കൊപ്പം അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയും സംയോജിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെ പദ്ധതി ഗുണഭോക്താക്കള്‍ക്ക് 45 കോടി രൂപയുടെ അധിക ധനസഹായം ലഭ്യമാക്കി. ഇത്രയും തൊഴിലുറപ്പ് വേതനം നല്‍കിയതു വഴി 39243 പേര്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലഭിച്ചത്.  

2018 ജൂലൈയിലാണ് ഇരുപദ്ധതികളും തമ്മിലുള്ള സംയോജന പ്രവര്‍ത്തനങ്ങള്‍  ആരംഭിച്ചത്. ഇതുപ്രകാരം ഇതു വരെ ഗുണഭോക്താക്കളായ 67463 പേര്‍ക്ക് തൊഴില്‍ കാര്‍ഡും അതോടൊപ്പം 16,63,120 തൊഴില്‍ ദിനങ്ങളും ലഭ്യമാക്കുന്നതിന് സാധിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കിയത് കോഴിക്കോട് നഗരസഭയാണ്. 67284 തൊഴില്‍ദിനങ്ങളാണ് നഗരസഭ ലഭ്യമാക്കിയത്. 65340 തൊഴില്‍ ദിനങ്ങള്‍ നല്‍കി കൊടുങ്ങല്ലൂര്‍ നഗരസഭയാണ് രണ്ടാമത്. കൊല്ലം നഗരസഭ 63646 തൊഴില്‍ദിനങ്ങള്‍ നല്‍കി സംസ്ഥാനത്ത് മൂന്നാമതായി.

നഗരങ്ങളിലെ ലൈഫ് പദ്ധതി പ്രകാരം വീടുകള്‍ നിര്‍മിക്കുമ്പോള്‍ തൊഴില്‍ കാര്‍ഡ് ലഭ്യമായ കുടുംബങ്ങളില്‍ ഒരാള്‍ക്ക് ഭവന നിര്‍മാണത്തില്‍ പങ്കാളിയായി 90 തൊഴില്‍ ദിനങ്ങള്‍ ഉറപ്പു നല്‍കുന്നുണ്ട്.  ഇതനുസരിച്ച് ഒരാള്‍ക്ക് കൂലിയിനത്തില്‍ പ്രതിദിനം 271 വീതം ലഭ്യമാകും. ഇങ്ങനെ 90 ദിവസങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതു വഴി ഒരു ഗുണഭോക്താവിന് 24390 രൂപ ലഭിക്കും. ലൈഫ് പദ്ധതി പ്രകാരം ഭവന നിര്‍മാണത്തിനായി ലഭിക്കുന്ന നാല് ലക്ഷം രൂപയ്ക്ക് പുറമേയാണിത്.  

ലൈഫ് പദ്ധതി ഗുണഭോക്താക്കളായ ഓരോ കുടുംബത്തിലെയും ഒരാള്‍ക്ക് വീതമാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴില്‍ ഉറപ്പ് നല്‍കുന്നത്. കേരള സര്‍ക്കാരിന്‍റെ നഗര കേന്ദ്രീകൃത തൊഴിലുറപ്പ് പദ്ധതിയാണ് അയ്യങ്കാളി പദ്ധതി. നഗരപ്രദേശങ്ങളില്‍ സ്ഥിരതാമസക്കാരായ അവിദഗ്ധ കായികാധ്വാനത്തിന് തയ്യാറുളള പ്രായപൂര്‍ത്തിയായ അംഗങ്ങള്‍ ഉള്‍പ്പെടുന്ന കുടുംബത്തിന് ഈ സംയോജന പദ്ധതി വഴി തൊഴില്‍ ദിനങ്ങള്‍  ഉറപ്പു നല്‍കുന്നുണ്ട്. 

Content highlight
ലൈഫ് പദ്ധതി ഗുണഭോക്താക്കളായ ഓരോ കുടുംബത്തിലെയും ഒരാള്‍ക്ക് വീതമാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴില്‍ ഉറപ്പ് നല്‍കുന്നത്.

പി.എം.എ.വൈ (നഗരം) - ലൈഫ് ; നഗരസഭകളുമായുള്ള സംയോജനം വഴി നടപ്പാക്കിയത് 3.4 കോടി രൂപയുടെ അധിക സഹായ പദ്ധതികള്‍

Posted on Wednesday, March 4, 2020

പി.എം.എ.വൈ(നഗരം)-ലൈഫ് പദ്ധതി നഗരസഭകളുമായുള്ള സംയോജന പ്രവര്‍ത്തനങ്ങള്‍ വഴി സംസ്ഥാനത്ത് നടപ്പാക്കിയത്  3.4 കോടി രൂപയുടെ അധിക സഹായ പദ്ധതികള്‍.  ഓരോ ഗുണഭോക്താവിനും കെട്ടുറപ്പുള്ള വീടിനോടൊപ്പം മികച്ച ജീവിത സാഹചര്യങ്ങള്‍ കൂടി ലഭ്യമാക്കുക എന്നതു ലക്ഷ്യമിട്ടാണ് നഗരസഭകള്‍ ഇതിനായി സാമ്പത്തിക സഹായം ലഭ്യമാക്കുന്നത്. പദ്ധതി പ്രകാരം ഭവന നിര്‍മാണത്തിനു നഗരസഭാ വിഹിതമായി നല്‍കുന്ന രണ്ട് ലക്ഷം രൂപയ്ക്കു പുറമേയാണ് സംയോജന പ്രവര്‍ത്തനങ്ങളിലൂടെ അധിക സഹായം ലഭ്യമാക്കുന്നത്. ഇതു പ്രകാരം ഓരോ ഗുണഭോക്താവിനും വാസയോഗ്യമായ ഭവനത്തിനൊപ്പം കൂടുതല്‍ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും സാമൂഹിക പുരോഗതിയും  കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.

ഭൂരഹിതരായ ഗുണഭോക്താക്കള്‍ക്ക് സ്ഥലം, ഉപജീവന മാര്‍ഗം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികള്‍, മാലിന്യ സംസ്ക്കരണത്തിനായി ബയോ ബിന്നുകള്‍, റിങ്ങ് കമ്പോസ്റ്റുകള്‍, പൈപ്പ് കമ്പോസ്റ്റുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍, സോളാര്‍ വിളക്കുകള്‍, വൃക്ഷത്തൈകള്‍, സൗജന്യ വയറിങ്ങ് തുടങ്ങിയ അനുബന്ധ സേവനങ്ങളാണ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് നഗരസഭാ ഫണ്ടില്‍ നിന്നു അധികമായി ലഭ്യമാക്കിയത്. കൊല്ലം നഗരസഭയിലെ അലക്കുകുഴി കോളനിയില്‍ കഴിഞ്ഞിരുന്ന 20 കുടുംബങ്ങളെ  മാറ്റിപ്പാര്‍പ്പിച്ച അലക്കുകുഴി പുനരധിവാസ പദ്ധതിയാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായത്. ഗുണഭോക്താക്കള്‍ക്ക് ഭവനം നിര്‍മിക്കാന്‍   60 സെന്‍റ് സ്ഥലമാണ് നഗരസഭ വിട്ടു നല്‍കിയത്. ഇതു കൂടാതെ നഗരസഭാ ഫണ്ടില്‍ നിന്ന് ഒരു കുടുംബത്തിന് 6.25 ലക്ഷം എന്ന തോതില്‍ 1.25 കോടി രൂപയുടെ അധിക ധനസഹായവും ലഭ്യമാക്കി.
പെരിന്തല്‍മണ്ണ നഗരസഭ 400 ഭൂരഹിത ഭവനരഹിതര്‍ക്ക് പാര്‍പ്പിട സമുച്ചയം നിര്‍മിക്കുന്നതിന് 6.87 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കി. ഇതു കൂടാതെ നഗരസഭാ വിഹിതമായി പാര്‍പ്പിട സമുച്ചയ നിര്‍മാണത്തിന് 10 കോടി രൂപയും നല്‍കി.
   ഗുണഭോക്താക്കളുടെ ജീവനോപാധി മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി മാനന്തവാടി നഗരസഭ വനിതാ ഘടക പദ്ധതികയില്‍ ഉള്‍പ്പെടുത്തി മുട്ടക്കോഴി വിതരണം നടത്തി.  ഒരു കുടുംബത്തിന് 25 മുട്ടക്കോഴികള്‍ വീതം 426 ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത്.  50% സബ്സിഡി നിരക്കിലാണ് മുട്ടക്കോഴികളെ വിതരണം ചെയ്തത്.  ഏഴു ലക്ഷം രൂപയാണ് നഗരസഭ ഇതിനായി വകയിരുത്തിത്.
പദ്ധതിയിലുള്‍പ്പെടുത്തി ഒരു പ്രദേശത്ത് വീടുകള്‍ നിര്‍മിക്കുമ്പോള്‍ പ്രകൃതിക്കുണ്ടാകുന്ന നഷ്ടം നികത്തുന്നതിന് പരമാവധി മരങ്ങള്‍ വെച്ചുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ പിഎംഎവൈ (നഗരം)-ലൈഫ് നഴ്സറി ആരംഭിച്ചു. നഗരസഭ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, സോഷ്യല്‍ ഫോറസ്ട്രി എന്നിവ സംയുക്തമായാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്.  സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയ 15 സെന്‍റ് ഭൂമിയില്‍ എണ്ണായിരത്തോളം ഫലവൃക്ഷങ്ങളും/ഔഷധ വൃക്ഷങ്ങളും ആണ് നട്ടുപിടിച്ചത്.  അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലൂടെ 160 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചു.  ഏകദേശം 125000/- രൂപ ചെലഴിച്ചാണ് നഴ്സറിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്.  കൊടുങ്ങല്ലൂര്‍ നഗരസഭ ഇതുവരെ നിര്‍മാണം പൂര്‍ത്തീകരിച്ച 600 ഗുണഭോക്താക്കള്‍ക്കും, ഇരിങ്ങാലക്കുട നഗരസഭയിലെ 350 ഗുണഭോക്താക്കള്‍ക്കുമായി ഏകദേശം 1500 ഓളം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.  പൂര്‍ണമായും സൗജന്യമായാണ് വൃക്ഷത്തൈകള്‍ വിതരണം ചെയ്തത്. സോഷ്യല്‍ ഫോറസ്ട്രി വകുപ്പുമായി സഹകരിച്ച് വൃക്ഷത്തൈകള്‍ ഉല്‍പാദിപ്പിക്കുന്ന സ്ഥിരം സംവിധാനമായി ഇതിനെ മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതു കൂടാതെ വിവിധ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളുടെ ആനുകൂല്യങ്ങള്‍, പെന്‍ഷനുകള്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ സുരക്ഷാ സേവനങ്ങള്‍ എന്നിവയും ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നഗരസഭാതലത്തില്‍ ഊര്‍ജിതമായി മുന്നേറുകയാണ്. ഇതോടൊപ്പം മറ്റു നഗരസഭകളും സമാനമായ രീതിയില്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുന്നുണ്ട്.

Content highlight
ഗുണഭോക്താക്കളുടെ ജീവനോപാധി മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി മാനന്തവാടി നഗരസഭ വനിതാ ഘടക പദ്ധതികയില്‍ ഉള്‍പ്പെടുത്തി മുട്ടക്കോഴി വിതരണം നടത്തി.

വീട്ടില്‍ ഒരു കുടുംബശ്രീ ഉത്പന്നം ക്യാമ്പെയ്ന്‍

Posted on Wednesday, March 4, 2020

തനിമയും കേരളീയതയും പരിശുദ്ധിയും ഒരുമിക്കുന്ന കുടുംബശ്രീ ഉത്പന്നങ്ങള്‍ മാര്‍ച്ച് 15ന് കേരളത്തിലെ ഓരോ വീട്ടിലേക്കുമെത്തുന്നു. 'വീട്ടില്‍ ഒരു കുടുംബശ്രീ ഉത്പന്നം' എന്ന പേരില്‍ മാര്‍ച്ച് പതിനഞ്ചിന് സംഘടിപ്പിക്കുന്ന സംസ്ഥാനതല ക്യാമ്പെയ്ന്റെ ഭാഗമായാണ് കുടുംബശ്രീ ഉത്പന്നങ്ങളുമായി വനിതാ സംരംഭകരും സിഡിഎസ് പ്രവര്‍ത്തകരും വീടുകളിലെത്തുക. കാര്‍ഷിക സൂക്ഷ്മസംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ കൂടുതല്‍ ജനപ്രിയമാക്കുന്നതിനും മെച്ചപ്പെട്ട പ്രാദേശിക വിപണി ഉറപ്പാക്കുകയുമാണ് ക്യാമ്പെയ്ന്റെ  ലക്ഷ്യമെന്ന് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ അറിയിച്ചു.
 
ഈ സാമ്പത്തിക വര്‍ഷം ഉപജീവന വര്‍ഷമായി ആചരിക്കുന്നതിന്റെയും അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെയും ഭാഗമായാണ് മാര്‍ച്ചില്‍ വിവിധ പരിപാടികളോടെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇങ്ങനെ വേറിട്ടൊരു ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുന്നത്. കുടുംബശ്രീ ഉത്പന്നങ്ങളെ ഓരോ കുടുംബത്തിനും പരിചയപ്പെടുത്തുകയും അതുവഴി ഉത്പന്നങ്ങളുടെ സ്വീകാര്യതയും വിപണനവും വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം.

മാര്‍ച്ച് 15ന് അതത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ സംരംഭകര്‍, എഡിഎസ് പ്രതിനിധികള്‍ എന്നിവര്‍ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുമായി ഓരോ വീട്ടിലുമെത്തും. ഇതോടൊപ്പം തങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളെ കുറിച്ചും ഇവ ലഭ്യമാകുന്ന നാനോ മാര്‍ക്കറ്റുകള്‍, മറ്റു വിപണന കേന്ദ്രങ്ങള്‍ എന്നിവയെ കുറിച്ചും വിശദീകരിക്കും. നാടന്‍ ഉത്പന്നങ്ങള്‍ മിതമായ വിലയ്ക്ക് വാങ്ങാനുള്ള അവസരമാണ് ഇതുവഴി പൊതുജനങ്ങള്‍ക്ക് ലഭിക്കുക. അതത് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, അസി.കോ-ഓര്‍ഡിനേറ്റര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ബ്‌ളോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവരായിരിക്കും ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുക.  

  വൈവിധ്യമാര്‍ന്ന ഗ്രാമീണ ഉത്പന്നങ്ങള്‍ക്ക് പ്രാദേശികമായി തന്നെ കൂടുതല്‍ വിപണന മേഖലകള്‍ കണ്ടെത്താനും അതോടൊപ്പം ഓരോ കുടുംബങ്ങളിലേക്കും തങ്ങളുടെ ഉത്പന്നങ്ങള്‍ നേരിട്ടെത്തിച്ചുകൊണ്ട് സ്ഥായിയായ വിപണന മാര്‍ഗത്തിനു വഴിയൊരുക്കാനും ക്യാമ്പെയ്‌നിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാര്‍ച്ച് 15ന് വീടുകളിലേക്ക് ഉത്പന്നങ്ങളെത്തിക്കുന്ന ക്യാമ്പെയ്ന്‍ കൂടാതെ ഏഴിന് എല്ലാ ജില്ലകളിലും ഏറ്റവും മികച്ച സംരംഭകരെ തിരഞ്ഞെടുത്ത് ആദരിക്കുന്നതിനും സൂക്ഷ്മസംരംഭ മേഖലയിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്നവരുമായി ഇവരുടെ അറിവുകള്‍ പങ്കിടുന്നതിനും  ' ഷീ ടോക്' എന്ന പരിപാടിയും സംഘടിപ്പിക്കും. കൂടാതെ സംരംഭകര്‍ക്ക് ബിസിനസ് വികസനവുമായി ബന്ധപ്പെട്ട മേഖലകളില്‍ പരിശീലനവും ലഭ്യമാക്കും. കുടുംബശ്രീ ഉത്പന്നങ്ങളെ കൂടുതല്‍ ആളുകളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 16ന് എല്ലാ സിഡിഎസുകളുടെയും പരിധിയിലുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍, കടകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ കുടുംബശ്രീ ഉത്പന്നങ്ങള്‍ സ്ഥിരമായി ലഭ്യമാക്കുന്നതിനുള്ള?'നാനോ മാര്‍ക്കറ്റു'കളും സ്ഥാപിക്കുന്നുണ്ട്.

ക്യാമ്പെയ്‌നുമായി ബന്ധപ്പെട്ടു തയ്യാറാക്കിയ പോസ്റ്റര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോറിന് നല്‍കി പ്രകാശനം ചെയ്തു. സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ ജിബി മാത്യ ഫിലിപ്പ്, മുഹമ്മദ് ഷാന്‍ എസ്.എസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

 

 

Content highlight
വൈവിധ്യമാര്‍ന്ന ഗ്രാമീണ ഉത്പന്നങ്ങള്‍ക്ക് പ്രാദേശികമായി തന്നെ കൂടുതല്‍ വിപണന മേഖലകള്‍ കണ്ടെത്താനും അതോടൊപ്പം ഓരോ കുടുംബങ്ങളിലേക്കും തങ്ങളുടെ ഉത്പന്നങ്ങള്‍ നേരിട്ടെത്തിച്ചുകൊണ്ട് സ്ഥായിയായ വിപണന മാര്‍ഗത്തിനു വഴിയൊരുക്കാനും ക്യാമ്പെയ്‌നിലൂടെ സാധിക്കുമെന്നാണ